ന്യൂഡൽഹി: താൻ സഹായിച്ചത് ലളിത് മോദിയെ അല്ലെന്നും അദ്ദേഹത്തിന്റെ കാൻസർ ബാധിതയായ ഭാര്യയെ ആണെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പ്രതിപക്ഷത്തിന്റെ അഭാവത്തിൽ ലോക്‌സഭയിൽ പ്രസ്താവന നടത്തുകയായിരുന്നു മന്ത്രി. താൻ ചെയ്തത് മനുഷ്യത്വപരമായ കാര്യമാണ്. മോദിയുടെ കാൻസർ രോഗിയായ ഭാര്യയുടെ ചികിത്സാവേളയിൽ മോദി അവിടെ ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചതിനെത്തുടർന്നാണ് താൻ സഹായിച്ചത്. ഒരു ഇന്ത്യാക്കാരിയെ സഹായിക്കുക മാത്രമാണ് ഞാൻ ചെയ്തത്.

കാൻസർ ബാധിതയായ ഒരു സ്ത്രീയുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചത് കുറ്റമാണെങ്കിൽ രാജ്യം നൽകുന്ന ഏതു ശിക്ഷയും ഏറ്റു വാങ്ങാമെന്നും സുഷമ പറഞ്ഞു. ലളിത് മോദിക്കു യാത്രാരേഖ നൽകണമെന്ന ശുപാർശ നൽകിയിട്ടില്ലെന്നും സുഷമാസ്വരാജ് വ്യക്തമാക്കി. ലോക്‌സഭ ബഹിഷ്‌ക്കരിച്ച പ്രതിപക്ഷം ഇന്നും പാർലമെന്റ് വളപ്പിൽ ധർണ്ണ നടത്തിയിരുന്ു.

പ്രതിപക്ഷത്തെ പ്രധാന കക്ഷികളുടെ ബഹിഷ്‌ക്കരണം മൂന്നാം ദിവസവും തുടരുന്നതിനിടെയാണു ശൂന്യവേളയിൽ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് തനിക്കെതിരെയുള്ള ആരോപണങ്ങളിൽ വിശദീകരണവുമായി എണീറ്റത്. ലളിത് മോദിക്ക് യാത്രാ രേഖ നൽകണമെന്നു ബ്രിട്ടീഷ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ല. ചട്ടങ്ങൾ അനുസരിച്ച് യാത്രാ രേഖ നൽകിയാൽ ഇന്ത്യാ ബ്രിട്ടൻ ബന്ധത്തെ ബാധിക്കില്ലെന്നാണ് അറിയിച്ചത്. കാൻസർ ബാധിതയായ ഒരു സ്ത്രീക്കു വേണ്ടി ഇത്തരം ഒരു അപേക്ഷ കിട്ടിയിരുന്നെങ്കിൽ സ്പീക്കറായാലും സോണിയാഗാന്ധിയായാലും മറ്റൊരു തീരുമാനം എടുക്കില്ലായിരുന്നു എന്നു സുഷമാ സ്വരാജ് പറഞ്ഞു. പതിപക്ഷം ഇല്ലാത്ത അവസരം മുതലാക്കുകയല്ലെന്നും മാദ്ധ്യമവിചാരണ നേരിടുന്ന തനിക്കു വിശദീകരണത്തിന് അവസരം കിട്ടേണ്ടതുണ്ടെന്നും സുഷമാ സ്വരാജ് പറഞ്ഞു. തനിക്കെതിരെ നടക്കുന്നത് മാദ്ധ്യമ വിചാരണയാണെന്നും അവർ പറഞ്ഞു.

അതിനിടെ ഇതൊരു സ്ത്രീ വിഷമായി ഉയർത്തിക്കൊണ്ടുവന്ന് പാർലമെന്റിനെ സ്വാധീനിക്കാൻ സുഷമ ശ്രമിക്കുകയാണന്ന് കോൺഗ്രസ് എംപി രഞ്ജിതാ രഞ്ജൻ ആരോപിച്ചു. കോൺഗ്രസ് പ്രതിഷേധിക്കുന്നത് ആരുടെയെങ്കിലും കുടുംബ കാര്യത്തിലോ ആരുടെയെങ്കിലും ഭാര്യയുടെ പേരിലോ അല്ല. ഇന്ത്യയിൽ കുറ്റവാളിയായ ഒരാളെ സഹായിക്കാൻ സുഷമ സ്വരാജ് ബ്രിട്ടീഷ് സർക്കാരിനോട് ആവശ്യപ്പെട്ടതാണ് പ്രശ്‌നം. കോൺഗ്രസ് നേതാവ് അംബികാ സോണി പ്രതികരിച്ചു.

ഇന്നലെ സ്പീക്കറുടെ വീട്ടിലേക്കു യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയ വിഷയം സഭയുടെ അവകാശസമിതിക്ക് വിടണമെന്നു പാർലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. ഗാന്ധി പ്രതിമയ്ക്കു മുന്നിൽ ഇന്നും കോൺഗ്രസ് പ്രതിഷേധിച്ചു. ഇടതുപക്ഷവും പ്രതിഷേധപ്രകടനം നടത്തി. നാഗാതീവ്രവാദികളുമായി ഏകപക്ഷീയമായാണ് സർക്കാർ ഉടമ്പടി ഉണ്ടാക്കിയതെന്ന് സോണിയാഗാന്ധി ആരോപിച്ചു.

കാൻസർരോഗിയായ ഭാര്യ മിനാലിന്റെ ശസ്ത്രക്രിയക്ക് പോർച്ചുഗലിലെ ഒരു ആശുപത്രിയിൽ ബന്ധപ്പെട്ട രേഖകൾ ഒപ്പിടാനായിപ്പോകുന്നതിന് ലളിത് മോദിക്ക് യാത്രാപ്രമാണം നൽകാൻ ബ്രിട്ടീഷ് സർക്കാറിനോട് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അഭ്യർത്ഥിച്ചുവെന്നാണാരോപണം. ഈ ആവശ്യവുമായി സുഷമാ സ്വരാജ് ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനെയും ഇന്ത്യൻ വംശജനായ കീത്ത് വാസ് എംപി.യെയും സമീപിച്ചുവെന്ന വാർത്ത വിവിധ മാദ്ധ്യങ്ങൾ പുറത്തു കൊണ്ടു വന്നിരുന്നു.