- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഷ്ടം! നമ്മുടെ കേരളത്തെ തകര്‍ക്കാന്‍ അധാര്‍മികതയുടെ മേലങ്കിയുമായി അവര്‍ ഒന്നിക്കുന്നു
കേരളരാഷ്ട്രീയത്തെ പുറത്ത് നിന്നു നോക്കി കാണുന്നവരെ സംബന്ധിച്ചിടത്തോളം ഏറ്റവും ലജ്ജാകരമായ ഒരു ദിവസമായിരുന്നു ഇന്നലെ. ധാര്‍മ്മികതയുടെ വെള്ളിവെളിച്ചം അല്പമെങ്കിലും കാത്തുസൂക്ഷിക്കുന്നവരെ ഇല്ലാതാക്കാന്‍ എല്ലാ പ്രത്യാഘാതങ്ങളും മറന്ന് അധാര്‍മ്മിക ശക്തികള്‍ ഒന്നിക്കുന്ന ഞെട്ടിക്കുന്ന കാഴ്ചയാണ് ഇന്നലെ കേരളം കണ്ടത്. ഇടതുപക്ഷ ര
കേരളരാഷ്ട്രീയത്തെ പുറത്ത് നിന്നു നോക്കി കാണുന്നവരെ സംബന്ധിച്ചിടത്തോളം ഏറ്റവും ലജ്ജാകരമായ ഒരു ദിവസമായിരുന്നു ഇന്നലെ. ധാര്‍മ്മികതയുടെ വെള്ളിവെളിച്ചം അല്പമെങ്കിലും കാത്തുസൂക്ഷിക്കുന്നവരെ ഇല്ലാതാക്കാന്‍ എല്ലാ പ്രത്യാഘാതങ്ങളും മറന്ന് അധാര്‍മ്മിക ശക്തികള്‍ ഒന്നിക്കുന്ന ഞെട്ടിക്കുന്ന കാഴ്ചയാണ് ഇന്നലെ കേരളം കണ്ടത്.
ഇടതുപക്ഷ രാഷ്ട്രീയ നിലപാടുകള്‍ അപചയിക്കുന്നത് കണ്ടു മടുത്ത് യുഡിഎഫിനെ പ്രതീക്ഷയോടെ നോക്കിക്കാണുകയും അടുത്ത തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ തൂത്തെറിഞ്ഞ് അധികാരത്തില്‍ എത്തിക്കുമെന്നും പ്രതീക്ഷിച്ചിരുന്ന സമയത്താണ് വെള്ളിടി പോലെ വീണ്ടും ഐസ്‌ക്രീം സംഭവം പൊന്തിവരുന്നത്. ഐസ്‌ക്രീം സംഭവത്തില്‍ കുഞ്ഞാലിക്കുട്ടി പൊതുജനങ്ങളുടെ മുമ്പില്‍ തുണിയുരിയ്ക്കപ്പെട്ടപ്പോള്‍ വഴിമാറി നടക്കാതെ, സംരക്ഷകന്റെ വേഷം കെട്ടിയ യുഡിഎഫ് നേതൃത്വം ജനകീയ കോടതിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി.
യുഡിഎഫിന് നഷ്ടപ്പെട്ട ഈ വിശ്വാസ്യത മുതലെടുത്ത് രണ്ടോ മൂന്നോ മാസം കഴിഞ്ഞു നടക്കുന്ന തിരഞ്ഞെടുപ്പില്‍ അട്ടിമറി സൃഷ്ടിക്കുവാനുള്ള മഹത്തായ അവസരമാണ്, ഭരണം നഷ്ടപ്പെട്ടാലും വിഎസ് തലപൊക്കരുത് എന്ന ഔദ്യോഗിക വിഭാഗത്തിന്റെ പിടിവാശി മൂലം ഇന്നലെ സിപിഎം നഷ്ടപ്പെടുത്തിയത്. ആരോപണ വിധേയനായ കണ്ണൂര്‍ നേതാവ് പി ശശിയെ നുള്ളിയെടുത്തു കളഞ്ഞാല്‍ കുഞ്ഞാലിക്കുട്ടി വിരുദ്ധ വികാരം നിലനിര്‍ത്തി പാര്‍ട്ടിയെ കരയ്ക്കടുപ്പിക്കാം എന്ന് രണ്ടാമതൊരാള്‍ പറഞ്ഞു കൊടുക്കാതെ സിപിഎമ്മിന് മനസ്സിലാകില്ലേ?
എന്നിട്ടും ശശിയെക്കൊണ്ട് പരസ്യമായ വിഴുപ്പലക്കി ജനശ്രദ്ധ തിരിച്ചുവിട്ടത് ഏത് അടവ് തന്ത്രത്തിന്റെ പേരിലാണ്. പി ശശി ഇന്നലെ വിഎസിനെതിരെ പുറത്തുവിട്ട ആരോപണങ്ങളേക്കാള്‍ കരുത്തുള്ള ഒരു സഹായവും ഇനി കുഞ്ഞാലിക്കുട്ടിക്ക് ലഭിക്കാനില്ല. അതുകൊണ്ട് തന്നെയാണ് തന്നെ നശിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത് എംകെ മുനീറാണെന്ന് തുറന്ന് പറഞ്ഞ് 24 മണിക്കൂര്‍ കഴിയും മുമ്പേ മുനീറിന്റെ കയ്യില്‍ പിടിച്ച് വിഎസിനെതിരെ രംഗത്തിറങ്ങാന്‍ കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞത്.
ശശിയുടെ കത്ത് പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗവിവരങ്ങള്‍ ചോരുന്നത് പോലെ ചോരുകയായിരുന്നില്ല. പാര്‍ട്ടി സെക്രട്ടറിയ്ക്ക്# ശശി അയച്ച കത്ത് ഇന്നലെ എല്ലാ മാധ്യമങ്ങള്‍ക്കും ആരോ മനപ്പൂര്‍വ്വം എത്തിച്ചുകൊടുക്കുകയായിരുന്നു. പിണറായി വിജയന്‍ അറിയാതെ ഇങ്ങനെ സംഭവിക്കുമോ? തീര്‍ച്ചയായും ഇല്ല. ഐസ്‌ക്രീം പെണ്‍വാണിഭത്തേക്കാളും കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് താല്പര്യം സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ആണെന്നറിയാവുന്നത് കൊണ്ട് തന്നെയാണ് ഇത് ഇങ്ങനെയൊക്കെയായി തീര്‍ന്നത്.
ഇനി ഇവിടുത്തെ മാധ്യമങ്ങള്‍ ആഘോഷമാക്കുന്നത് ഈ വിഷയമായിരിക്കും. അങ്ങിനെ ഒളിമങ്ങി മാഞ്ഞുപോകുക കുഞ്ഞാലിക്കുട്ടി ഉയര്‍ത്തിവിട്ട അധാര്‍മ്മികതയുടെ രാഷ്ട്രീയ മിന്നല്‍പ്പിണര്‍ തന്നെയാവും. കുഞ്ഞാലിക്കുട്ടി പ്രശ്‌നവും സ്മാര്‍ട്ട്‌സിറ്റിയും തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് വിഎസിന് നല്കുന്ന തിളക്കമാണ് പാര്‍ട്ടിയുടെ ഔദ്യോഗിക വിഭാഗത്തെ ഈ കടന്ന കൈയ്ക്ക് പ്രേരിപ്പിച്ചിരിക്കുന്നതെന്ന് തീര്‍ച്ച. തിരഞ്ഞെടുപ്പില്‍ അധികാരമേറ്റാല്‍ കുഞ്ഞാലിക്കുട്ടി തന്നെ ഇല്ലാതാക്കുമെന്ന ഭയത്താല്‍ മുനീര്‍ പൊട്ടിച്ച ബോംബിന് തുല്യമാണ് ഇപ്പോള്‍ ശശി ഇറക്കിയിരിക്കുന്ന ബോംബും.
നമ്മുടെ കേരളം കഴിഞ്ഞ ഒരു പതിറ്റാണ്ടായി അധാര്‍മ്മിക ശക്തികളുടെ കൂട്ടായ്മയുടെ കൈപ്പിടിയിലാണെന്ന് ശക്തമായ പ്രചരണമുണ്ട്. ഭൂ മാഫിയകളാണ് പ്രധാനമായും ഇതിന്റെ അണിയറ ശില്പികള്‍. ഇടതുമുന്നണി വന്നാലും വലതുമുന്നണി വന്നാലും ഭരണയന്ത്രം തിരിക്കുന്നത് ഇവരാണ്. ഇവര്‍ കേരളത്തെ വിലയ്ക്ക് വിറ്റുകൊണ്ടിരിക്കുകയാണ്. ഭൂമിവില സാധാരണക്കാരന് തൊടാന്‍ കഴിയാത്ത വിധം ഉയര്‍ത്തിയത് ഇവരാണ്. ഈ വിലക്കയറ്റത്തിന്റെ കൊടും ലാഭം ഉയര്‍ത്തുന്നതും ഇവര്‍ തന്നെ.
ഇത്തരക്കാര്‍ക്ക് വിഎസിന്റെ ഇടപെടലോളം അസ്വാരസ്യമുണ്ടാക്കിയ മറ്റൊന്നും ഉണ്ടായില്ല. ഇവരെല്ലാം ഒത്തുചേര്‍ന്ന് പാര്‍ട്ടി മെഷിനറി ഉപയോഗിച്ച് വിഎസിനെ നിര്‍ജ്ജീവമാക്കി. ആരെയും ഭയപ്പെടാതെ ഒന്നരമാസം സിംഹഗര്‍ജ്ജനം നടത്താനുള്ള വിഎസിന്റെ അവസാനശ്രമമാണ് ഇപ്പോള്‍ യാതൊരു ഉളുപ്പുമില്ലാതെ ഇവര്‍ ഒന്നുചേര്‍ന്നു തകര്‍ക്കുന്നത്. നമുക്ക് നമ്മുടെ കേരളത്തെ ഓര്‍ത്തു ലജ്ജിച്ച് തലതാഴ്ത്താം. ഭൂമാഫിയകള്‍ പങ്കുനീട്ടുന്ന അന്നും കഴിച്ച് തൃപ്തിയടയാം അതിനേ നമുക്ക് കഴിയൂ!
വിഎസ് എന്നെ അപമാനിക്കുന്നു, ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു: പി ശശി
സി.പി.എം. നേതാവ് പി. ശശി, പാര്‍ട്ടി സംസ്ഥാന കമ്മിറ്റിക്ക് അയച്ചതായി മാധ്യമങ്ങള്‍ക്ക് ലഭിച്ച കത്തിന്റെ പൂര്‍ണ്ണരൂപം. ഇതുകൂടാതെ തന്റെ രോഗവിവരങ്ങള്‍ കാണിച്ച് മറ്റൊരു കത്ത് പിണറായി വിജയന് എഴുതിയതും മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നു.
സെക്രട്ടറി,
സി.പി.എം. സംസ്ഥാന കമ്മിറ്റി
സഖാവെ,
വളരെ വേദനയോടെയാണ് ഈ കത്തയക്കുന്നത്. കഴിഞ്ഞ രണ്ടുമാസത്തിലധികമായി എനിക്കെതിരെ വളരെ ആസൂത്രിതമായ അപവാദ പ്രചാരണം മാധ്യമങ്ങളിലൂടെ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് എന്നെ സ്‌നേഹിക്കുന്നവരെ ഏറെ വേദനിപ്പിച്ച കാര്യമാണ്. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ആസൂത്രിതമായി കെട്ടിച്ചമച്ചാണ് ഇത്തരമൊരു പ്രചാരണം സംഘടിപ്പിച്ചത്. ഇതിന്റെ പിന്നില്‍ വ്യക്തമായ ഗൂഢാലോചന തന്നെ നടന്നിട്ടുണ്ട്.
ഒരു പാര്‍ട്ടി അംഗത്തെക്കുറിച്ച് എന്തെങ്കിലും പരാതിയുണ്ടായാല്‍ അത് പാര്‍ട്ടിയില്‍ ഉന്നയിക്കുകയും പരിശോധിച്ച് തീരുമാനമെടുക്കുകയുമാണ് പാര്‍ട്ടി രീതി അനുസരിച്ച് ചെയ്യേണ്ടിയിരുന്നത്.
എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ തെറ്റ് കാണിച്ചതിനെ വിമര്‍ശിച്ചതിന്റെ വിരോധം തീര്‍ക്കുന്നതിന് കെട്ടിച്ചമച്ച തെറ്റായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് എന്നെ തേജോവധം ചെയ്യുകയാണുണ്ടായത്. കേന്ദ്രകമ്മിറ്റി അംഗവും മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ഒരുമാധ്യമ വിചാരണയാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ മാധ്യമങ്ങളോട് അദ്ദേഹത്തിന്റെ ആഗ്രഹങ്ങളെല്ലാം പരസ്യമായി പ്രകടിപ്പിച്ചുകൊണ്ട് എനിക്കെതിരെ കടുത്ത അപമാനം ഉണ്ടാക്കുകയാണ് ചെയ്തത്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അദ്ദേഹം തുടരുന്ന ഈ കുടിപ്പക തീര്‍ക്കലാണ് ഇതിലൂടെ വെളിവാകുന്നത്കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ അദ്ദേഹത്തിന്റെ താല്പര്യങ്ങള്‍ക്ക് വഴങ്ങികൊടുത്തില്ല എന്നതില്‍ തുടങ്ങിയ വിരോധം തുടര്‍ന്നുള്ള എല്ലാ വിഷയങ്ങളിലും തുടര്‍ച്ചയായി കാണിച്ചിട്ടുണ്ട്. ജസ്റ്റീസ് മോഹന്‍കുമാര്‍ കമ്മീഷനെ പോലും സ്വാധീനിക്കാനും തന്നെ അപമാനിക്കാനും അദ്ദേഹം ശ്രമിച്ചുകമ്മീഷന്‍ ഉറച്ച നിലപാടെടുത്തതുകൊണ്ട് അതുനടന്നില്ല.
അത്തരം നീക്കങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴും അദ്ദേഹം ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതുവളരെ ആസൂത്രിതമാണെന്ന് ഞാന്‍ കരുതുന്നു. കുറ്റം ചെയ്തവര്‍ക്കെതിരെ പോലും ഇത്തരമൊരു രീതി പാര്‍ട്ടിയില്‍ ഉണ്ടാകാറില്ല.
ഈ അപമാനം സഹിക്കാന്‍ കഴിയുന്നതിനുമപ്പുറമായിരിക്കുന്നു. പാര്‍ട്ടി ഭരണഘടനയില്‍ പറയുന്ന നടപടികളെക്കാള്‍ ഭീകരമായിരിക്കുന്നു ഇത്. ഇനിയും ഈ അപമാനം സഹിക്കേണ്ടുന്ന ആവശ്യം ഇല്ലെന്ന് ഞാന്‍ കരുതുന്നു. അനേ്വഷണ കമ്മീഷന്‍ പോലും പ്രഹസനമാണെന്നും എല്ലാറ്റിനും എനിക്കുറപ്പ് കിട്ടിയിട്ടുണ്ടെന്നും വാര്‍ത്താസമ്മേളനം നടത്തി ഒരുകേന്ദ്ര കമ്മിറ്റി അംഗം പ്രഖ്യാപിച്ചാല്‍ അതിനോട് പ്രതികരിക്കാതിരിക്കാന്‍ കഴിയുകയില്ല. പാര്‍ട്ടി അച്ചടക്കം സാധാരണ പ്രവര്‍ത്തകര്‍ക്ക് മാത്രമല്ലല്ലോ ബാധകമാകുന്നത്.
ഒരുപാര്‍ട്ടി അംഗമായി പോയതുകൊണ്ടാണല്ലോ മൗനമായി ഇത്രയും വലിയ അപമാനങ്ങള്‍ ഞാന്‍ സഹിക്കേണ്ടിവരുന്നത്. അത് ഇനിയും സഹിക്കാന്‍ കഴിയുകയില്ല.
പാര്‍ട്ടിക്ക് വേണ്ടി ജീവന്‍ നല്‍കാന്‍ സന്നദ്ധനായി ഇതുവരെ ഞാന്‍ നിന്നിട്ടുണ്ട്. ഇനിയും അതുണ്ടാവുംപക്ഷെ ഒരു അനുഭാവിയായി മാത്രംപാര്‍ട്ടി സഖാക്കളെ കുത്തിമലര്‍ത്താന്‍ ഏതു ഹീനമാര്‍ഗ്ഗവും സ്വീകരിക്കുന്ന ഇത്തരം നേതാക്കളുടെ മുന്നില്‍ ഇനിയും പാര്‍ട്ടി അച്ചടക്കത്തിന്റെ മൗനം ഭൂഷണമല്ല എന്ന് ഞാന്‍ കരുതുന്നു.
പാര്‍ട്ടിയിലെ എല്ലാ ചുമതലകളില്‍ നിന്നും ഒഴിവാക്കിത്തരണമെന്ന് ഇതിനാല്‍ ഞാന്‍ അപേക്ഷിക്കുന്നു. പാര്‍ട്ടി അനുഭാവിയായി തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
എന്റെ രക്തത്തിന് ദാഹിച്ച് ഏറെ കാലമായി കഷ്ടപ്പെടുന്നവര്‍ക്ക് ഇതുകൊണ്ടെന്തെങ്കിലും മനസ്സമാധാനം ഉണ്ടാകട്ടെ.
വേദനയോടെ
പി. ശശി
മാവിലായി
5.2.2011