സൂറിച്ച്: തൊഴിൽ നഷ്ടപ്പെടുന്ന വിദേശീയരുടെ എണ്ണം വർധിക്കുന്നതാണ് സ്വിറ്റ്‌സർലണ്ടിലെ തൊഴിലില്ലായ്മ നിരക്ക് വർധിപ്പിക്കുന്നതെന്ന് റിപ്പോർട്ട്. സ്വിസ് തൊഴിലില്ലായ്മ നിരക്ക് ഡിസംബർ മാസത്തിൽ 3.4 ശതമാനമായി വർധിക്കുകയായിരുന്നു. നവംബറിൽ 3.2 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്കാണ് തൊഴിൽ നഷ്ടപ്പെടുന്ന വിദേശീയർ മൂലം ഡിസംബറിൽ കുതിച്ചുയർന്നത്.

റീജണൽ ജോബ് ഓഫീസുകളിൽ രജിസ്റ്റർ ചെയ്യുന്ന തൊഴിൽ രഹിതരുടെ എണ്ണം നവംബറിൽ 10,817 ആയിരുന്നത് ഡിസംബറിൽ 147,369 ആയാണ് വർധിച്ചിരിക്കുന്നതെന്ന് സ്റ്റേറ്റ് സെക്രട്ടേറിയറ്റ് ഫോർ ഇക്കണോമിക് അഫേഴ്‌സ് ചൂണ്ടിക്കാട്ടി. തൊഴിൽ നഷ്ടമാകുന്ന വിദേശീയരുടെ എണ്ണം 6.1 ശതമാനത്തിൽ നിന്ന് 6.8 ആയി വർധിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം തൊഴിൽ നഷ്ടമാകുന്ന സ്വദേശികളുടെ എണ്ണം 2.2 ശതമാനത്തിൽ നിന്ന് 2.3 ശതമാനമായിട്ടേ ഉയർന്നിട്ടുള്ളൂവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

കഴിഞ്ഞ മാസം തന്നെ റീജണൽ ജോബ് ഓഫീസുകളിൽ രജിസ്റ്റർ ചെയ്ത  48 ശതമാനത്തോളം തൊഴിൽ രഹിതരും വിദേശികളാണ്. അതേസമയം കഴിഞ്ഞ ആറു മാസമായി ഉയർന്നുകൊണ്ടിരിക്കുന്ന തൊഴിലില്ലായ്മ നിരക്ക് 2015-ൽ കുറയുമെന്നാണ് കരുതുന്നത്. കഴിഞ്ഞമാസം സ്വിറ്റ്‌സർലണ്ടിലെ ഗ്രോബൗണ്ടനിൽ ഒഴികെ മറ്റെല്ലാ കാന്റനുകളിലും തൊഴിലില്ലായ്മ നിരക്ക് വർധിക്കുകയായിരുന്നു. ഇവിടെ തൊഴിലില്ലായ്മ നിരക്ക് രണ്ടു ശതമാനത്തിൽ നിന്ന് 1.9 ശതമാനമായി ചുരുങ്ങുകയായിരുന്നു.

സ്വിറ്റ്‌സർലണ്ടിലെ ഏറ്റവും വലിയ തൊഴിൽ മാർക്കറ്റായ സൂറിച്ചിൽ തൊഴിലില്ലായ്മ നിരക്ക് 3.3 ശതമാനത്തിൽ നിന്ന് 3.5 ശതമാനമായാണ് വർധിച്ചത്. അതേസമയം തൊഴിലില്ലായ്മ ഏറ്റവും കുറവ് റിപ്പോർട്ട് ചെയ്യപ്പെട്ടത് ഒബ്വാൾഡൻ കാന്റനിലും. ഇവിടെ 0.9 ശതമാനത്തിൽ നിന്ന് 1.1 ശതമാനം മാത്രമാണ് നിരക്ക് വർധിച്ചിട്ടുള്ളത്.