- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരു മുസ്ലിം സ്ത്രീ എന്ന നിലയിൽ ഇത്ര ഭയത്തോടെയും വെറുപ്പോടെയും പുതുവർഷം ആരംഭിക്കേണ്ടിവരുന്നത് സങ്കടകരമാണ്'; മുസ്ലിം സ്ത്രീകളെ വീണ്ടും ഓൺലൈൻ ലേലത്തിന് വച്ച് ഗിറ്റ്ഹബ് പ്ലാറ്റ്ഫോം; 'ബുള്ളി ബായ്' ആപ്പിലെ ക്യാമ്പയ്ന് പിന്നിൽ സംഘപരിവാറെന്നും ആരോപണം; പൊലീസിന്റെ അനാസ്ഥയിലും പ്രതിഷേധം
ന്യൂഡൽഹി: സുള്ളി ഡീൽസിനു പിന്നാലെ മുസ്ലിം സ്ത്രീകളെ 'ഓൺലൈൻ ലേലത്തിന്' വെച്ച് വീണ്ടും സംഘപരിവാറിന്റെ വിദ്വേഷ കാമ്പയിൻ. 'സുള്ളി ഡീലു'കൾക്ക് ഉപയോഗിച്ച ഗിറ്റ്ഹബ് പ്ലാറ്റ്ഫോം ഉപയോഗിച്ച് തന്നെയാണ് 'ബുള്ളി ബായ്' എന്ന ആപ്പിൽ വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച മുസ്ലിം സ്ത്രീകളുടെ പേരുകളും ചിത്രങ്ങളും വിൽപനക്ക് വെച്ചെന്ന പേരിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
'ഒരു മുസ്ലിം സ്ത്രീ എന്ന നിലയിൽ ഇത്ര ഭയത്തോടെയും വെറുപ്പോടെയും പുതുവർഷം ആരംഭിക്കേണ്ടിവരുന്നത് വളരെ സങ്കടകരമാണ്. സുള്ളി ഡീൽസിന്റെ പുതിയ പതിപ്പിലൂടെ വേട്ടയാടപ്പെടുന്നത് ഞാൻ മാത്രമല്ല എന്ന് ഉറപ്പാണ്. ഇന്ന് രാവിലെ ഒരു സുഹൃത്ത് അയച്ച സ്ക്രീൻഷോട്ടാണിത്. പുത്സവത്സരാശംസകൾ' - ഇസ്മത് ആറ ട്വീറ്റ് ചെയ്തു.
നൂറുകണക്കിനു മുസ്ലിം സ്ത്രീകളുടെ ചിത്രമാണ് ഇത്തരത്തിൽ ആപ്പിലൂടെ പ്രചരിപ്പിക്കപ്പെടുന്നത്. അഞ്ചുമാസം മുമ്പും സമാന രീതിയിൽ വിവിധ മേഖലകളിൽ ശ്രദ്ധേയരായ മുസ്ലിം സ്ത്രീകളെ ലക്ഷ്യമിട്ട് ഗിറ്റ്ഹബ് പ്ലാറ്റ്ഫോം ഉപയോഗിച്ചുള്ള സുള്ളി ഡീൽസ് എന്ന ആപ്പ് ദേശീയതലത്തിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. മുസ്ലിം സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു ആപ്പ്. ദേശീയ മാധ്യമപ്രവർത്തക ഇസ്മത് ആറയാണ് ആപ്പിലൂടെ രണ്ടാമതും മുസ്ലിം സ്ത്രീകളെ വിൽപനക്ക് വെച്ച വിവരം ആദ്യമായി വെളിപ്പെടുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
മുംബൈയിലും പൊലീസ് അന്വേഷണം ആരംഭിച്ചതായി മഹാരാഷ്ട്രയിൽനിന്നുള്ള ശിവസേന എംപി പ്രിയങ്ക ചതുർവേദി പറഞ്ഞു. ബുള്ളി ബായ് ആപ്പിലൂടെ നടക്കുന്ന വിദ്വേഷ പ്രചാരണത്തിൽ മുംബൈ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചതായി മുതിർന്ന ഉദ്യോഗസ്ഥനും വെളിപ്പെടുത്തി. തന്റെ ചിത്രങ്ങൾ ചേർത്തുവെച്ച് ബുള്ളി ബായ് ആപ്പിൽ വിൽപനക്ക് വച്ച വിവരം ഇസ്മത് ആറ ട്വീറ്റ് ചെയ്തു. ഇതിനു പിന്നാലെയാണ് ആപ്പിൽ ലേലത്തിനെന്ന പേരിൽ പ്രദർശിപ്പിക്കപ്പെട്ട മാധ്യമപ്രവർത്തകരുടെയും വിദ്യാർത്ഥിനികളുടെയുമെല്ലാം പട്ടിക പുറത്തുവരുന്നത്.
സുള്ളി ഡീൽസിനെതിരെ പരാതി കൊടുത്തിട്ടും നടപടി എടുക്കാത്ത പൊലീസും തുടർന്നുകൊണ്ടിരിക്കുന്ന ഈ വിദ്വേഷ അതിക്രമത്തിന്റെ കാരണക്കാരാണെന്ന് മലയാളി വിദ്യാർത്ഥി നേതാവ് ലദീദ ഫർസാന പ്രതികരിച്ചു. മുസ്ലിം സ്ത്രീകളുടെ പൊതുജീവിതം തന്നെ തടസ്സപ്പെടുത്താം എന്ന ലക്ഷ്യമാണ് ഇതിന് പിന്നിൽ എന്ന കാര്യത്തിൽ സംശയമില്ല. സുള്ളി ഡീൽസിൽ വിൽപനക്ക് വെക്കപ്പെട്ട പലരോടും സംസാരിച്ചപ്പോൾ,അതിന് ശേഷമുള്ള അവരുടെ പൊതുജീവിതം ദുസ്സഹമായിരുന്നു എന്ന് പങ്കുവെച്ചിരുന്നതായും അവർ ഫേസ്ബുക്കിൽ കുറിച്ചു.
മറുനാടന് മലയാളി ബ്യൂറോ