ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒടുവിലത്തെ മാൻ കി ബാത്തിന് യൂ ട്യൂബിൽ ലഭിച്ച ഡിസ് ലൈക്കുകൾക്ക് പിന്നിൽ കോൺഗ്രസും രാഹുൽ ഗാന്ധിയുമാണെന്ന് ആരോപിച്ച് ബിജെപി രം​ഗത്തെത്തി. യൂട്യൂബിൽ ഓൾ ഇന്ത്യ റേഡിയോയും ബിജെപിയും അപ്ലോഡ് ചെയ്ത മാൻ കി ബാത്ത് ഷോയ്ക്ക് ലൈക്കിനേക്കാൾ കൂടുതൽ ഡിസ് ലൈക്ക് ലഭിച്ചതാണ് ബിജെപിയെ പ്രതിരോധത്തിലാക്കിയത്. വീഡിയോക്ക് ഡിസ് ലൈക്ക് ലഭിച്ചത് കോൺഗ്രസ് ആഘോഷിക്കുകയാണ്. എന്നാൽ, യൂ ട്യൂബ് ഡാറ്റ പ്രകാരം ഇന്ത്യയിൽ നിന്ന് രണ്ട് ശതമാനം മാത്രമാണ് ഡിസ് ലൈക്ക് ലഭിച്ചതെന്ന് ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ പറഞ്ഞു.

ബിജെപിയുടെ ഔദ്യോഗിക യൂട്യൂബ് പേജ്​, പ്രധാനമന്ത്രിയുടെ ഓഫിസി​ന്റെ ഔദ്യോഗിക യൂട്യൂബ് പേജ്​​, പി.ഐ.ബി ഇന്ത്യചാനൽ പേജ്​ എന്നിവയിലാണ്​ വീഡിയോ റിലീസ്​ ചെയ്തത്​. കോവിഡ്​ മഹാമാരിക്കിടയിൽ നീറ്റ്​, ജെ.ഇ.ഇ പരീക്ഷകൾ നടത്താനുള്ള കേന്ദ്ര തീരുമാനത്തിനെതിരായ പ്രതിഷേധമാണ് വീഡിയോക്കെതിരെ ഉയർന്നത്. യുവത്വം ശക്​തമായ പ്രതിഷേധമറിയിച്ചപ്പോൾ മോദിയുടെ 'മൻ കി ബാത്ത്​' ​വിഡിയോക്ക്​ പത്തുലക്ഷത്തിലേറെ ഡിസ്​ലൈക്​. മൂന്നു ലക്ഷത്തിൽതാഴെ മാത്രം ആളുകൾ ലൈക്​ ചെയ്​ത വിഡിയോക്കാണ്​ ഒരു മില്യനിലേറെപ്പേർ എതിർപ്പ്​ രേഖപ്പെടുത്തിയത്​.

ബിജെപി പേജിൽ ഇതിനകം 2.97 ലക്ഷം പേർ ലൈക്​ അടിച്ചപ്പോൾ നാലിരട്ടിയോളം പേരാണ്​ ഡിസ്​ലൈക്​ രേഖപ്പെടുത്തിയത്​​. പി.എം.ഒ ഓഫിസ്​ യൂട്യൂബ്​ പേജിൽ 84000 പേർ ലൈക്​ ചെയ്​തപ്പോൾ 1,75,000 ലേറെപ്പേർ ഡിസ്​ലൈക്​ ചെയ്​തു. പി​.ഐ.ബി പേജിൽ ഇതുവരെ, 7100 ലൈക്കും 20000 ഡിസ്​ലൈക്കും ആണ്​ ഉള്ളത്​. രാജ്യം സ്വയം പര്യാപ്​തത നേടാൻ വീടുകളിൽ ഇന്ത്യൻ പട്ടിയെ വളർത്തണമെന്ന മോദിയുടെ പ്രസംഗത്തിനാണ്​ യൂട്യൂബിൽ 'അനിഷ്​ടം' കുന്നുകൂടിയത്​.

വിദ്യാർത്ഥികളും യുവജനങ്ങളുമാണ്​ ഡിസ്​ലൈകും പ്രതിഷേധവുമായി എത്തുന്നവരിൽ അധികവും. ആസൂത്രണമില്ലാതെ നീറ്റ്​, ജെ.ഇ.ഇ പരീക്ഷ നടത്തിപ്പുമായി മുന്നോട്ടുപോകാനുള്ള തീരുമാനമാണ്​ വിദ്യാർത്ഥികളെ ചൊടിപ്പിച്ചത്​. നിരവധി പേരാണ്​ വിഡിയോകൾക്ക്​ കമൻറ്​ ചെയ്​തിരിക്കുന്നത്​. തൊഴിലില്ലായ്​മ ഉൾപെടെ സർക്കാറി​ന്റെ ജനവിരുദ്ധ നയങ്ങൾക്കും ബിജെപിയുടെ വെറുപ്പി​ന്റെ രാഷ്​ട്രീയത്തിനും എതിരെയാണ്​ മിക്ക കമൻറുകളും. "Students Dislike PM Modi', 'Mann ki Nahi Students Ki Baat' തുടങ്ങിയ ഹാഷ്​ടാഗുകളിലാണ്​ പരിഹാസവും പ്രതിഷേധവും കൊഴുപ്പിക്കുന്നത്​.

എന്നാൽ, ഇതൊക്കെ കോൺഗ്രസുകാർ ഒപ്പിക്കുന്ന വേലയാണെന്നാണ്​ ബിജെപിയുടെ ന്യായീകരണം. ഇന്ത്യയിൽനിന്ന്​ ഡിസ്​ലൈക്​ രേഖപ്പെടുത്തിയവർ രണ്ടു ശതമാനം മാത്രമേ ഉള്ളൂവെന്ന്​ ബിജെപിയുടെ സോഷ്യൽ മീഡിയ മേധാവി അമിത്​ മാളവ്യ പറയുന്നു. കോൺഗ്രസാണ്​ ഇതിനു പിന്നിലെന്നാണ്​ പാർട്ടി ദേശീയ വക്​താവ്​ ഡോ. ബിസായ്​ സോൻകർ ശാസ്​ത്രിയുടെ അഭിപ്രായം.

രാജ്യത്ത്​ ഏറ്റവും കൂടുതൽ കോവിഡ്​ റിപ്പോർട്ട്​ ചെയ്​ത ദിവസമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. രാജ്യം സ്വയംപര്യാപ്‌തത നേടാൻ വളർത്തു പട്ടികൾ ഉൾപ്പെടെ എല്ലാ മേഖലയിലും ആത്മനിർഭർ പദ്ധതി നടപ്പാക്കണമെന്നായിരുന്നു പ്രധാനമന്ത്രി ത​ൻംറ റേഡിയോ പ്രഭാഷണ പരമ്പരയായ 'മൻ കി ബാത്തി'ൽ പറഞ്ഞത്​. ഇതി​ന്റെ ഭാഗമായി വീടുകളിൽ വളർത്താൻ ഇന്ത്യൻ വംശത്തിലുള്ള നായ്‌ക്കളെ തെരഞ്ഞെടുക്കണം. പ്രാദേശിക കളിപ്പാട്ടങ്ങൾ കൂടുതലായി ഉണ്ടാക്കണം എന്നൊക്കെയായിരുന്നു ആഹ്വാനം. 'ലക്ഷക്കണക്കിന്​ വിദ്യാർത്ഥികൾ എന്തുചെയ്യണമെന്നറിയാതെ ആശയക്കുഴ​പ്പത്തിൽനിൽക്കെ, അവരെ അഭിസംബോധന ചെയ്യേണ്ടതിനുപകരം പ്രധാനമന്ത്രി കളിപ്പാട്ടങ്ങളെക്കുറിച്ചും പട്ടിക​ളെക്കുറിച്ചുമൊക്കെയാണ്​ സംസാരിക്കുന്നത്​' -ബിജെപിയുടെ യൂട്യൂബ്​ പേജിൽ മായങ്ക്​ സക്​സേന എന്ന പേരിൽ കമൻറ്​ ചെയ്​തയാൾ കുറിച്ചു.

എല്ലാവരും ഇന്ത്യൻ ബ്രീഡ് പട്ടികളെ വാങ്ങണമെന്നായിരുന്നു ഏറ്റവും ഒടിവിലത്തെ മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തത്. രാജ്യത്തെ കളിപ്പാട്ട വ്യവസായം വളരണമെന്നും ഇന്ത്യയ്ക്ക് ഒരു ടോയ് ഹബ്ബായി മാറാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബോംബ് സ്‌ക്വാഡിനെ സഹായിക്കാനും അപകടസ്ഥലത്ത് അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കാനും പട്ടികൾക്ക് കഴിയും. രാജ്യത്തെ സുരക്ഷാ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിൽ പട്ടികൾക്ക് നിർണായക പങ്കുണ്ടെന്നും മോദി പറഞ്ഞു. അടുത്ത തവണ വീട്ടിൽ വളർത്തു മൃഗങ്ങളെ വാങ്ങാൻ ആലോചിക്കുമ്പോൾ ഇന്ത്യൻ ബ്രീഡായ ഒരു പട്ടിയെ തെരഞ്ഞെടുത്ത് വാങ്ങണമെന്ന് മോദി പറഞ്ഞു.

രാജ്യം കടുത്ത കോവിഡ് ഭീഷണിയും സാമ്പത്തിക പ്രതിസന്ധിയും നേരിടുമ്പോൾ ഇതിനെ നേരിടാനുള്ള പദ്ധതികളെക്കുറിച്ച് മോദി മൻകീ ബാത്തിൽ കൂടുതലൊന്നും പരാമർശിച്ചില്ല. പുതിയ വിദ്യാഭ്യാസ നയം കളിപ്പാട്ടം സ്വയമുണ്ടാക്കാൻ കുട്ടികളെ പ്രാപ്തമാക്കുന്നതാണെന്ന് മോദി പറഞ്ഞു. കുട്ടികൾക്ക് പോഷകാഹാരം ലഭിക്കേണ്ടതിന്റെ ആവശ്യകതയും മോദി കൂട്ടിച്ചേർത്തു. ഇന്ത്യ കണ്ടുപിടുത്തങ്ങളുടെ രാജ്യമായാണ് അറിയപ്പെടുന്നതെന്നും പുതിയ ആവിഷ്‌കാരങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.