ലയാളത്തിലെ സകല റെക്കോർഡും തകർത്ത് ഷാജി പാപ്പൻ മുന്നേറുന്നു. മറ്റൊരു സിനിമയുടെ ട്രെയിലറിനും കിട്ടാത്ത കാഴ്‌ച്ചക്കാരെയാണ് ആട് 2 വിന്റെ ട്രെയിലറിന് ദിവസങ്ങൾക്കകം കിട്ടിയത്. ഇനി മലയാളസിനിമയിൽ ഏറ്റവും വേഗത്തിൽ പത്ത് ലക്ഷം കടന്ന ട്രെയിലർ എന്ന റെക്കോർഡ് ആട് 2 വിന് സ്വന്തം.

യൂട്യൂബിൽ ഇന്നലെ വൈകിട്ട് റിലീസ് ചെയ്ത ആട് 2വിന്റെ ടീസറിന് വൻ വരവേൽപ്പാണ് ലഭിച്ചത്. യൂട്യൂബിൽ പ്രത്യക്ഷപ്പെട്ട് മിനിറ്റുകൾക്കകം തന്നെ പതിനായിരങ്ങൾ കണ്ടു. ഇരുപത് മണിക്കൂറുകൾ കൊണ്ട് ട്രെയിലർ കണ്ടവരുടെ എണ്ണം 11 ലക്ഷത്തിന് മുകളിൽ ആയി. ട്രെൻഡിങിൽ നമ്പർ വൺ ആണ് ആട് 2 ട്രെയിലർ. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ജയസൂര്യ അവതരിപ്പിക്കുന്ന ഷാജി പാപ്പൻ ആരാധകരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ്. രണ്ടാം വരവിലും പാപ്പന്റെ സ്‌റ്റൈലിന് കുറവൊന്നുമില്ല. ഡ്യൂഡും സാത്താൻ സേവ്യറും സച്ചിൻ ക്ലീറ്റസുമൊക്കെ രണ്ടാം ഭാഗത്തിൽ പാപ്പനൊപ്പമുണ്ട്.

ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം റിലീസ് ചെയ്ത് രണ്ട് വർഷം പിന്നിടുമ്പോഴാണ് സിനിമയുടെ രണ്ടാം ഭാഗം എത്തുന്നത്. ആടിന്റെ ആദ്യ ഭാഗത്തെ കഥാപാത്രങ്ങളിൽ പലരും രണ്ടാം ഭാഗത്തിലുണ്ടാകും. ഷാൻ റഹ്മാൻ തന്നെയാണ് സംഗീതം. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസ് ആണ് നിർമ്മാണം. ഡിസംബർ 22ന് ചിത്രം തിയറ്ററുകളിലെത്തും.