മ്മുടെ നാട്ടിലുമുണ്ട് വനങ്ങളും വന്യജീവികളടക്കമുള്ള അനേകം ജീവജാലങ്ങൾ. പക്ഷേ അവയുടെ ആവാസ വ്യവസ്ഥയെ സംരക്ഷിക്കുന്നതിൽ നാം എത്രത്തോളം ജാഗ്രത പാലിക്കുന്നു. ഇതറിയണമെങ്കിൽ ആസ്‌ട്രേലിയയിലെ ഒരു ദ്വീപായ ക്രിസ്മസ് ഐലന്റിലേക്കു നോക്കിയാൽ മതി. പ്രജനനത്തിനായി വനത്തിൽ നിന്നും സമുദ്ര തീരത്തേക്ക് കുടിയേറുന്ന 12 കോടി ചുവപ്പൻ ഞണ്ടുകൾക്കു വേണ്ടി സർക്കാർ റോഡുകൾ അടച്ചിട്ടു കൊടുക്കയാണ് ചെയ്തത്. വാഹന ഗതാഗതം ഇവയുടെ വഴി തടസ്സപ്പെടുത്താതിരിക്കാനുള്ള മുൻകരുതലായിട്ടായിരുന്നു നടപടി. പെർത്തിൽ നിന്നുള്ള ഐടി സ്‌പെഷ്യലിസ്റ്റും ഫോട്ടോഗ്രാഫറുമായി 53-കാരൻ ഗാരി ടിൻഡെയ്ൽ ഈ മനോഹര ദൃശ്യങ്ങൾ തന്റെ ക്യാമറയിൽ പകർത്തി ലോകത്തിനു മുന്നിൽ അവതരിപ്പിച്ചു. രണ്ടാഴ്ച മുമ്പ് ആരംഭിച്ച ഇവയുടെ കുടിയേറ്റം വനത്തിൽ നിന്നുള്ള ഒരു പ്രവാഹം തന്നെയായിരുന്നു.

ഈ അസാധാരണ കാഴ്ച കാണാൻ ആയിരക്കണക്കിന് ദ്വീപു വാസികളാണ് ഒത്തു കൂടിയത്. നവംബർ 18-നുണ്ടായ കൊടുങ്കാറ്റോടെയാണ് ഇവ കൂട്ടമായി വനത്തിൽ നിന്നും പുറത്തുവന്ന് ഇന്ത്യൻ മഹാ സമുദ്ര തീരത്തെ ലക്ഷ്യമാക്കി നീങ്ങാൻ തുടങ്ങിയത്. ദിവസത്തിന്റെ തുടക്കത്തിൽ ഒന്നോ രണ്ടോ ഞണ്ടുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഉച്ച കഴിഞ്ഞതോടെ കൂട്ടമായി ഇറങ്ങി വരികയായിരുന്നു. ചുവപ്പൻ ഞണ്ടുകളാൽ വിരിച്ച പരവാതി പോലെയായി റോഡെന്ന് ഗാരി പറയുന്നു.

തങ്ങളുടെ ആവാസ കേന്ദ്രത്തിൽ നിന്ന് പ്രജനന കേന്ദ്രത്തിലേക്കും തിരിച്ചും കൂട്ടമായാണ് ഈ ഞണ്ടുകൾ സഞ്ചരിക്കുക. സമുദ്രത്തിലേക്കിറങ്ങിയാണ് ഇവ മുട്ടയിട്ട് പ്ജനനം നടത്തുക. ഏതാനും ആഴ്ചകൾക്കു ശേഷം മുട്ടയിൽ നിന്നു വിരിഞ്ഞിറങ്ങിയ കുഞ്ഞു ചുവപ്പൻ ഞണ്ടുകൾ കാട്ടിലേക്കു മടങ്ങിപ്പോകുന്ന കാഴ്ചയം അത്ഭുതമാണ്. 52 ചതുരശ്ര മൈൽ ചുറ്റളവുള്ള ദ്വീപിൽ 12 കോടി ചുവപ്പൻ ഞണ്ടുകളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. രണ്ടായിരത്തിൽ കുറയാത്ത എണ്ണം മനുഷ്യരെ ഇവിടെ വസിക്കുന്നുള്ളൂ. ഈ അത്ഭുതകരമായ പ്രകൃതി വിസ്മയത്തിനായി ദ്വീപിലെ റോഡുകളെല്ലാം അടക്കും. ഏതാനും മാസങ്ങളിൽ പിന്നെ കാര്യമായി ആരും കാറെടുത്തു പുറത്തിറങ്ങാറുമില്ല. ജനങ്ങളുടെ ഇവയുടെ സംരക്ഷണത്തിന്റെ കാര്യത്തിൽ ജാഗ്രത പുലർത്തുന്നു.