- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രണ്ടാം ദിനത്തിൽ ഇന്ത്യയിൽ വാക്സിൻ സ്വീകരിച്ചത് 17,072 പേർ; പാർശ്വഫലങ്ങൾ പ്രകടിപ്പിച്ചത് വളരെ കുറച്ചുപേർ മാത്രമെന്ന് ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: കോവിഡ് വാക്സിനേഷന്റെ രണ്ടാം ദിനത്തിൽ ഇന്ത്യയിൽ വാക്സിൻ സ്വീകരിച്ചത് 17,072 പേർ. ഇതുവരെ 2,24,301 പേർ കോവിഡ് വാക്സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്തൊട്ടാകെ രോഗപ്രതിരോധ കുത്തിവയ്പ്പിനെത്തുടർന്ന് 447 പ്രതികൂല സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി മന്ദീപ് ഭണ്ഡാരിക്കൊപ്പം അഡീഷണൽ സെക്രട്ടറി (ആരോഗ്യം) ഡോ. മനോഹർ അഗ്നാനിയും ഞായറാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ ഡ്രൈവിന്റെ ആദ്യ ഘട്ടം ശനിയാഴ്ചയാണ് ഇന്ത്യയിൽ ആരംഭിച്ചത്, ആദ്യ ദിവസം തന്നെ രണ്ട് ലക്ഷത്തോളം ആരോഗ്യപ്രവർത്തകർ വാക്സിനേഷനിൽ പങ്കാളികളായി.
കൊറോണ വൈറസിനെതിരെ ആഴ്ചയിൽ നാല് ദിവസം വാക്സിനേഷൻ സെഷനുകൾ ആസൂത്രണം ചെയ്യാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. ചില സംസ്ഥാനങ്ങൾ ഇതിനകം തന്നെ തീയതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഡോ. അഗ്നാനി കൂട്ടിച്ചേർത്തു. ആഴ്ചയിൽ ആറുദിവസം വാക്സിനേഷൻ നടത്താൻ ആന്ധ്രാപ്രദേശ് അനുമതി തേടിയതായും അദ്ദേഹം പറഞ്ഞു.
ആദ്യദിന വാക്സിൻ കുത്തിവയ്പ്പിൽ പങ്കാളികളായത് 1.91 ലക്ഷം ആളുകളായിരുന്നു. ഇന്ന് ആറ് സംസ്ഥാനങ്ങളിലായി മൊത്തം 17,072 പേർക്ക് വാക്സിൻ ലഭിച്ചു. കേരളത്തിൽ 8062 പേരാണ് ആദ്യദിനം വാക്സിൻ സ്വീകരിച്ചത്.ഇന്ത്യയിലെ കോവിഡ് വാക്സിൻ വിതരണത്തിന് തുടക്കം കുറിച്ചത് ഡൽഹി എയിംസ് ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായ മനീഷിന് വാക്സിൻ നൽകി കൊണ്ട് ആയിരുന്നു. രാജ്യത്ത് ആദ്യദിനം മൂന്നു ലക്ഷം പേർക്ക് വാക്സിൻ എടുക്കാൻ ആയിരുന്നു കേന്ദ്രസർക്കാർ ലക്ഷ്യമിട്ടിരുന്നത്.
മറുനാടന് ഡെസ്ക്