കുവൈറ്റ്; രാജ്യത്ത് കഴിഞ്ഞ മൂന്നു മാസമായി നടന്നു വരുന്ന ഊർജ്ജിതമായ സുരക്ഷാ പരിശോധനയിൽ കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 47,000 ത്തിലധികം വിദേശികൾ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അബ്ദുൾ ഫതാഹ് അലി വ്യക്തമാക്കി. പിടിയിലായവരിൽ 6000 പേരെ നാടുകടത്തിയതായും അധികൃതർ അറിയിച്ചു.

ചില പ്രത്യേക രാജ്യക്കാർ കൂടുതലായി വസിക്കുന്ന സ്ഥലങ്ങളിലാണ് പരിശോധന പ്രധാനമായും നടന്നത്. രാജ്യത്തെ നിയമം തങ്ങൾക്കു ബാധകമല്ല എന്ന രീതിയിൽ പെരുമാറിയ വിഭാഗക്കാർ താമസിക്കുന്ന ഇടങ്ങളിൽ പ്രത്യേകം പരിശോധന നടത്തി അനധികൃത താമസക്കാരെയും നിയമ ലംഘകരെയും കുറ്റവാളികളെയും പിടികൂടി.

ഊർജ്ജിതമായ സുരക്ഷാ പരിശോധന മൂലം രാജ്യത്തെ കുറ്റകൃത്യങ്ങളുടെ നിരക്ക് ഗണ്യമായി കുറഞ്ഞതായി അദ്ദേഹം പറഞ്ഞു.നിയമ ലംഘകർക്ക് വേണ്ടിയുള്ള പരിശോധന കൂടുതൽ ഊർജ്ജിതമാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

അറസ്റ്റിലായവരിൽ 60 ശതമാനത്തോളം പേരെ രേഖകൾ പരിശോധിച്ച ശേഷം ഉടനെ തന്നെ വിട്ടയച്ചു. 30 ശതമാനത്തോളം പേരുടെ വിവരങ്ങൾ കൂടുതൽ അന്വേഷണത്തിനും പരിശോധനക്കുമായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. 10 ശതമാനത്തോളം പേരെയാണ് നാട് കടത്തുന്നതിന് വേണ്ടി ഡീപോർട്ടേഷൻ സെന്ററിലേക്ക് കൈമാറിയത്.

നാടുകടത്തപ്പെട്ടവരിൽ ഏറെയും അവിദഗ്ധ തൊഴിലാളികൾ ആണ്. നിരവധി പിടികിട്ടാ പുള്ളികളെ കണ്ടെത്താനും പൊലീസിന്റെ പഴുതടച്ച പരിശോധന വഴി സാധിച്ചു. ഇത്തരക്കാരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിരിക്കുകയാണ്.