തിരുവനന്തപുരം: നഴ്‌സിങ് റിക്രൂട്ട്‌മെന്റിന്റെ പേരിൽ നഴ്‌സുമാരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുക്കുന്ന ഉതുപ്പു വർഗീസുമാരെയും മാത്യുമാരെയും പേടിച്ച് കേന്ദ്രസർക്കാർ കൈക്കൊണ്ട തീരുമാനം നഴ്‌സുമാർക്ക് തന്നെ വിനയാകുമോ? വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് പൂർണ്ണമായും സർക്കാർ ഏജൻസികൾ വഴിയാക്കാൻ തീരുമാനിച്ചതോടെ നഴ്‌സുമാർക്കിടയിൽ ആശയെന്ന പോലെ ആശങ്കയും ശക്തമാണ്. സർക്കാർ നിശ്ചയിച്ച തീയതിക്ക് മുമ്പായി റിക്രൂട്ട്‌മെന്റ് നടപടികൾ പൂർത്തിയായെങ്കിലും വിസവരാൻ കാത്തിരിക്കുന്നവർ നിരവധിയാണ്. ഇവരാണ് മെയ് 30തെന്ന തീയ്യതി കഴിഞ്ഞതോടെ ആശങ്കയിലായത്. ഇങ്ങനെ ആയിരത്തോളം വരുന്ന നഴ്‌സുമാരുടെ വിവരം നഴ്‌സിങ് ഘടനകൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ രേഖകൾ ഹാജരാക്കിയാൽ യാത്രാനുമതി നൽകുമെന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ് തന്നെ വ്യക്തമാക്കിയിരുന്നു.

നഴ്‌സുമാരെ ചൂഷണം ചെയ്യുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ തീരുമാനം നടപ്പിലാക്കിയതെങ്കിലും എമിഗ്രേഷൻ ക്ലിയറൻസുമായി ബന്ധപ്പെട്ട ആശങ്കകൾ നിരവധിയാണ്. സർക്കാർ ഏജൻസികളുടെ കാര്യക്ഷമമതയിലും നഴ്‌സുമാരെ ആശങ്കയ്ക്ക് ഇടയാക്കുന്നു. നാല് മാസം സമയം കിട്ടിയിട്ടും ഒരു രാജ്യവുമായി റിക്രൂട്ട്‌മെന്റ് രംഗത്ത് കരാറുകൾ ഉണ്ടാക്കാനോ നടത്താനോ ഒഡിപിസിക്കോ നോർക്കക്കോ കഴിഞ്ഞിട്ടില്ല. ഇത് ആശങ്കപ്പെടുത്തുന്നതാണെന്നാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ(യുഎൻഎ) പ്രസിഡന്റ് ജാസ്മിൻ ഷാ മറുനാടാൻ മലയാളിയോട് അഭിപ്രായപ്പെട്ടത്.

നിലവിൽ 9000 ൽ അധികം പേരാണ് നിയമനം നേടി വിസക്കായി കാത്തിരിക്കുന്നുണ്ട്. വിദേശത്തേക്ക് ജോലിക്ക് പോകാൻ 68 മാസം വരെ സമയം എടുക്കും എന്നിരിക്കെ 12.03.2015 നു ഇറങ്ങിയ ഉത്തരവ് വളരെ തിടുക്കം പിടിച്ചു ഏപ്രിൽ 30 മുതൽ നടപ്പിലാക്കാനും പ്രതിഷേധം ഉയർന്നപ്പോൾ മെയ് 30 വരെ ആക്കിയെങ്കിലും മെയ് 29 നു ശേഷം സർക്കാർ റിക്രൂട്ട്‌മെന്റ് ഏജൻസികൾ വഴി ജോലി കണ്ടെത്തിയവർക്ക് മാത്രമേ പോകാൻ ഇമിഗ്രേഷൻ ക്ലിയറൻസ് നൽകൂ എന്ന നിലപാട് ബാലിശവും നേഴ്‌സിങ് സമൂഹത്തോടുള്ള ക്രൂരതയുമാണെന്നാണ് ജാസ്മിൻ അഭിപ്രായപ്പെട്ടത്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത തേടിയും ആശങ്ക അറിയിച്ചും കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ നേരിട്ടു കാണുമെന്നും ജാസ്മിൻ പറഞ്ഞു. ഈമാസം ആറിന് യുഎൻഎ പ്രതിനിധികൾ സുഷമയെ സന്ദർശിക്കും.

റിക്രൂട്ട്‌മെന്റ് ലഭിച്ച ഉടൻ സംസ്ഥാന സർക്കാർ ചെയ്തത് നൈസ് അക്കാദമി എന്ന പേരിൽ സ്ഥാപനത്തെ സ്വരുക്കൂട്ടിയതിന്റെ സാംഗത്യത്തിലും നഴ്‌സുമാർക്ക് ആശങ്കയുണ്ട്. പരിശീലനം പൂർത്തിയാക്കിയ നഴ്‌സുമാർക്കും ഫിനിഷിങ് കോഴ്‌സ് എന്ന പേരിൽ വൻതുക ഈടാക്കാനുള്ള നീക്കമാണ് ഇതിന് കാരണം. സർക്കാർ നിർദേശപ്രകാരം തിരുവനന്തപുരത്തെ എസ് യുടി ആശുപത്രിയിലാണ് ഇത്തരം ഫിനിഷിങ് കോഴ്‌സ് നടത്തുന്നത്. ഇവിടെ പഠിക്കാൻ 78000 രൂപ നഴ്‌സുമാരിൽ ഈടാക്കുമെന്നാണ് സർക്കാർ പ്രഖ്യാപനം. സ്വകാര്യ ഏജൻസിക്ക് അക്കാദമി നടത്താൻ ലൈസൻസ് നൽകി നഴ്‌സുമാരെ പിഴിയുന്ന നീക്കം തെറ്റാണെന്നും ഭൂരിപക്ഷം നഴ്‌സുമാരും അഭിപ്രായപ്പെടുന്നു.

സദുദ്ദേശത്തോടെയാണ് സർക്കാരുകൾ റിക്രൂട്ട്‌മെന്റ് നടപടികളുമായി മുന്നോട്ടു പോയത് എന്ന് കരുതിയാണ് യുഎൻഎ ഈ വിഷയവുമായി ബന്ധപ്പെട്ട് ഇതുവരെ കോടതിയെ സമീപിക്കാതെ സർക്കാരുകളുമായി ചർച്ച ചെയ്തു പരിഹരിക്കാൻ ശ്രമിച്ചതെന്നാണ് ജാസ്മിൻ ഷാ അഭിപ്രായപ്പെടുന്നത്. ഈ വിഷയത്തിൽ അടിയന്തിരമായി നടപടികൾ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിനും നിയമ പോരാട്ടങ്ങൾക്കൊരുങ്ങുമെന്നും ജാസ്മിൻ പറഞ്ഞു. വിഷയത്തിൽ സുപ്രീംകോടതിയിൽ കേസിന് പോകുമെന്നും അദ്ദേഹം പരഞ്ഞു.

സ്വകാര്യ ഏജൻസികളെ റിക്രൂട്ട്‌മെന്റ് രംഗത്ത് നിന്നും മാറ്റി നിർത്തുന്നതിൽ ഞങ്ങൾക്ക് വിയോജിപ്പില്ല. എന്നാൽ സർക്കാർ ഏജൻസികൾ മാതൃകാപരമായി റിക്രൂട്ട്‌മെന്റ് ഏതെങ്കിലും രാജ്യത്തേക്ക് നടത്തി കാണിച്ച ശേഷം ആയിരിക്കണം ഇത്തരം നടപടി സ്വീകരിക്കേണ്ടത് എന്നതാണ് യുഎൻഎയുടെ പക്ഷം. ഏജൻസികൾ ഇല്ലാതെ ഡയറക്റ്റ് ആയി നിയമനം ലഭിച്ചവർക്കും ക്ലിയറൻസ് നൽകാത്തത് എന്ത് നീതിയുടെ അടിസ്ഥാനത്തിൽ ആണെന്ന ചോദ്യവും അദ്ദേഹം ഉയർത്തുന്നു. ഒരു രൂപാ പോലും നിയമനത്തിനായി വാങ്ങാത്ത ഏജൻസികളെ കൂടി ഈ നിയമം ബാധിക്കുമ്പോൾ ആയിരങ്ങൾ പ്രശ്‌നത്തിൽ ആകും. നിലവിൽ വിസ പ്രതീക്ഷിച്ചിരിക്കുന്ന പലരും ഇപ്പോൾ ജോലി രാജിവച്ചിരിക്കയാണ്. ഇവരുടെ കാര്യമാണ് കൂടുതൽ കഷ്ടത്തിലാകുക.

ഒരു നേഴ്‌സിങ് ഉദ്യോഗാർഥിക്ക് രണ്ടു വട്ടം ഇമിഗ്രേഷൻ ക്ലിയറൻസ് വേണം എന്ന നിയമത്തിലുള്ള അപാകതകൾ ചൂണ്ടിക്കാട്ടുമെന്നും ജാസ്മിൻ ഷാ മറുനാടൻ മലയാളിയോട് പറഞ്ഞു. നഴ്‌സിങ് വിസ ലഭിച്ചവർക്കു പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സിന്റെ ക്ലിയറൻസ് നിർബന്ധമാക്കിയ വ്യവസ്ഥയിൽ ഇളവു നൽകണമെന്ന കേരളത്തിന്റെ അപേക്ഷ കേന്ദ്രം നേരത്തെ തള്ളിയിരുന്നു. 17 ഇ.സി.ആർ. രാജ്യങ്ങളിലേക്കുള്ള എമിഗ്രേഷൻ ക്ലിയറൻസിൽ ഇളവു നൽകണമെന്നായിരുന്നു കേരളം ആവശ്യപ്പെട്ടത്.

നോർക്ക, ഒഡേപെക് (കേരളം) ഒ.എം.സി. (തമിഴ്‌നാട്) എന്നീ സർക്കാർ ഏജൻസികൾ വഴി മാത്രമേ ഇനിമുതൽ നഴ്‌സുമാർക്ക് ഇനി എമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കൂ. ഇതു സംബന്ധിച്ചു കഴിഞ്ഞ മാർച്ച് 12നു വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ ഉത്തരവാണ് പ്രാബല്യത്തിലായത്. പുതുക്കിയ നിയമമനുസരിച്ച്, നഴ്‌സുമാരെ ആവശ്യമുള്ള വിദേശ സ്ഥാപനങ്ങൾ അതത് രാജ്യത്തെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്യണം. ഇമൈഗ്രേറ്റ് സോഫ്ട്‌വേറിലൂടെ വിവരം നോർക്ക റൂട്ട്‌സിനെയും ഒഡെപെക്കിനെയും അറിയിക്കും. ഇരു സ്ഥാപനങ്ങളിലും രജിസ്റ്റർ ചെയ്തിട്ടുള്ള നഴ്‌സുമാർക്ക് യോഗ്യത അനുസരിച്ച് റിക്രൂട്ട്‌മെന്റിൽ പങ്കെടുക്കാം. സൗദി കിങ് അബ്ദുള്ള ആശുപത്രി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ല. വിദേശ രാജ്യങ്ങളിൽ നഴ്‌സിങ് ജോലി വാഗ്ദാനം നൽകിയുള്ള അറിയിപ്പുകളിൽ ജാഗ്രത പാലിക്കണമെന്നു നോർക്ക മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

വിദേശരാജ്യങ്ങളിൽ തൊഴിൽ ലഭിക്കുന്നതിന് ആഗ്രഹിക്കുന്ന യോഗ്യതയുള്ള നഴ്‌സുമാർക്ക് ഓൺലൈനിൽ പേര് രജിസ്റ്റർ ചെയ്ത് തുടങ്ങാമെന്നാണ് നോർക്കയുടെ അറിയിപ്പ്. സംസ്ഥാന സർക്കാർ ഏജൻസിയായ ഒ.ഡിപി.സിയുടെ വെബ്‌സൈറ്റിൽ അതിനുള്ള അവസരമുണ്ട്. ഓൺലൈനിൽ ചെയ്യാൻ മടിയുള്ളവർക്ക് നേരിട്ടും പേര് രജിസ്റ്റർ ചെയ്യാം. ഇതിനുള്ള അപേക്ഷാഫോറം തിരുവനന്തപുരത്ത് വഞ്ചിയൂരുള്ള ഒഡെപെക് ഓഫീസിലും മറ്റു ജില്ലകളിൽ അതാതു ജില്ലാ ലേബർ ഓഫീസുകളിലും ലഭ്യമാണ്. ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം. കൂടുതൽ വിവരങ്ങൾക്ക് 04712576314/19 എന്ന നമ്പരിൽ വിളിക്കുകയും ചെയ്യാം. വിദേശത്തേക്കുള്ള നഴ്‌സ് റിക്രൂട്ട്‌മെന്റ് കേരളത്തിലെ നോർക്ക റൂട്ട്‌സ്, ഒഡെപെക് എന്നീ സർക്കാർ ഏജൻസികൾ വഴി മാത്രമാക്കി കേന്ദ്ര പ്രവാസി കാര്യ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിന് തുടർന്നാണ് ഇത്. വിദേശ തൊഴിൽ സാധ്യതകൾ കണ്ടെത്തുന്നതിനും നിശ്ചിത യോഗ്യത കരസ്ഥമാക്കിയിട്ടുള്ള തൊഴിൽ അന്വേഷകർക്ക് തൊഴിൽ നേടികൊടുക്കുന്നതിനും വേണ്ടി തൊഴിൽവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഒ.ഡി.ഇ.പി.സി.