പൊതു അവധി ദിനമായ വെള്ളിയാഴ്ച ജോലി ചെയ്യിപ്പിച്ചാൽ സാധാരണ ദിവസങ്ങളേക്കാൾ അൻപത് ശതമാനം അധിക വേതനം നൽകണമെന്ന വ്യവസ്ഥയടക്കം യുഎഇയിലെ ഓവർടൈം ജോലിയിൽ പുതിയ പരിഷ്‌കാരങ്ങൾ നിലവിൽ വന്നു.

ഓവർ ടൈം ജോലി ചെയ്യുന്നവർക്കുള്ള ശമ്പളം ദിവസവും സമയവും അടിസ്ഥാനമാക്കി കണകാക്കണമെന്നും നിർദ്ദേശമുണ്ട്.. ദിവസവും സമയവും മാറുന്നത് അനുസരിച്ചു വേതനവും വ്യത്യസ്തമായിരിക്കും.

തൊഴിലാളികൾ അധിക ജോലി ചെയ്ത സാധാരണ ദിവസങ്ങൾ, ഔദ്യോഗിക അവധി ദിനങ്ങൾ, വാരാന്ത്യ അവധി ദിനങ്ങൾ, രാത്രിസമയം എന്നിവയ്ക്കെല്ലാം സമയഭേദം പോലെ വേതനമാനദണ്ഡങ്ങളും വേറെയാണ്. സാധാരണ ദിവസങ്ങളിലെ സാധാരണ സമയത്താണ് ഓവർടൈം നൽകിയതെങ്കിൽ മാസശമ്പളം അടിസ്ഥാനമാക്കി ഒന്നേകാൽ മണിക്കൂറിന്റെ വേതനമാണു നൽകേണ്ടത്. മറ്റുസമയത്താണ് ജോലിയെങ്കിൽ മൊത്തം വേതനത്തിന്റെ ഒന്നര മണിക്കൂർ കണക്കാക്കി നൽകണം.

ആഘോഷാവസരങ്ങളിലെ അവധിയിലാണ് ജോലി ചെയ്യിപ്പിച്ചതെങ്കിൽ ഒന്നര മണിക്കൂർ വേതനം നൽകുകയും പുറമേ മമറ്റൊരു ദിവസം അവധി നൽകുകയും വേണം. ഓവർടൈം വേതനം നൽകുമ്പോൾ അടിസ്ഥാന വേതനം മാത്രമല്ല അവലംബിക്കേണ്ടത്. തൊഴിലാളിക്ക് കരാർ പ്രകാരം നൽകുന്ന അനുബന്ധ അലവൻസുകളും ചേർത്താണ് ഓവർ ടൈം തുക നിശ്ചയിക്കേണ്ടത്. എന്നാൽ രാത്രി ഒൻപത് മണിക്കും പുലർച്ചെ നാല് മണിക്കും ഇടയിലുള്ള സമയത്താണ് അധികതൊഴിൽ ചെയ്യിക്കുന്നതെങ്കിൽ വേതനം 50 ശതമാനത്തിൽ കുറയരുതെന്നാണ് ചട്ടം. ഒരു ദിവസം രണ്ടു മണിക്കൂറിൽ കൂടുതൽ ഓവർ ടൈം നൽകരുതെന്നും നിർദേശമുണ്ട്.