കമൽ ഹസൻ അവതാരകനായി എത്തുന്ന ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ നിന്ന് മലയാളിയായ തമിഴ് നടി ഓവിയ പുറത്തായത് കഴിഞ്ഞയാഴ്ച വൻവാർത്തയായിരുന്നു. സംഭവത്തെക്കുറിച്ച് വിശദീകരിച്ച് ഓവിയ തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.

ബിഗ് ബോസിലെ മത്സരാർഥിയായ ആരവിനോടുള്ള ഇഷ്ടം നിയന്ത്രിക്കാനാകാതെയാണ് ഓവിയ റിയാലിറ്റി ഷോയിൽനിന്ന് ഇറങ്ങിപ്പോയതെന്നാണ് ഇന്ത്യൻ എക്സ്‌പ്രസിനു നൽകിയ അഭിമുഖത്തിൽ ഓവിയ വെളിപ്പെടുത്തിയിരിക്കുന്നത്. ഞാൻ ആരവിനെ ഒരുപാട് ഇഷ്ടപ്പെടുന്നു. എനിക്കാ ഇഷ്ടം നിയന്ത്രിക്കാൻ കഴിയുന്നില്ല. അതിനാലാണ് ഞാൻ ഷോ വിട്ട് പുറത്തിറങ്ങുന്നതെന്നാണ് ഓവിയ പറയുന്നത്.

അനുഭവങ്ങൾക്കും സ്നേഹം ലഭിക്കുന്നതിനും വേണ്ടിയാണ് ഞാൻ ബിഗ് ബോസനെത്തിയത്. ഈ ഷോയ്ക്ക് ഞാൻ തടസം സൃഷ്ടിച്ചോ എന്നറിയില്ല. പക്ഷെ യഥാർത്ഥ സ്നേഹം ഒരിക്കലും പരാജയപ്പെടില്ല എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു. ഞാൻ സന്തോഷവതിയാണ് താൻ ബിഗ് ബോസ് ഹൗസിൽ നിന്നും പടിയിറങ്ങിയതെന്നും ഓവിയ പറയുന്നു.

ഓവിയ പുറത്തിറങ്ങിയതോടെ എല്ലാവരുടെ കണ്ണും നീളുന്നത് ആരവിലേക്കാണ്. ടെലിവിഷൻ താരമാണ് ആരവ്. ഇസ് പ്യാർ കോ ക്യാ നാം ദൂൻ, മഹാഭാരതം എന്നീ ഹിന്ദി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് പരിചിതനുമാണ്.

ബിഗ് ബോസ് ഹൗസിൽ വച്ച് ഓവിയ ആത്മഹത്യാ ശ്രമം നടത്തിയതായും വാർത്ത പരന്നിരുന്നു. ഷോയിലെ കടുത്ത മാനസിക സമ്മർദ്ദങ്ങൾ കാരണം ഓവിയെ സ്വിമ്മിങ് പൂളിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്യ ഇതേ തുടർന്ന് ചാനലിനും അവതാരകൻ കമൽ ഹസനുമെതിരെ പൊലീസ് കേസും വന്നു. എന്നാൽ ആരവുമായുള്ള വഴക്കിനെ തുടർന്നാണ് ഓവിയ സ്വിമ്മിങ് പൂളിലേക്ക് എടുത്ത് ചാടിയത് എന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ.

കംഗാരു എന്ന മലയാള സിനിമയിലൂടെ 2007 ലാണ് ഓവിയ സിനിമാ ലോകത്ത് എത്തിയത്. തുടർന്ന് കളവാണി എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്ക് ചുവട് മാറി. ഏത് വേഷവും ധരിക്കാൻ ഓവിയ തയ്യാറായെങ്കിലും അവസരങ്ങൾ അധികം ലഭിച്ചില്ല. എന്നാൽ ബിഗ് ബോസിൽ ഓവിയ ഹിറ്റാകുകയായിരുന്നു.

ഓവിയയ്ക്ക് വേണ്ടി ജീവിൻ വരെ ത്യജിക്കാൻ തയ്യാറായി 'ഓവിയ ആർമി' എന്നൊരു സംഘം തന്നെ ഇപ്പോൾ തമിഴകത്തുണ്ട്. ഷോയുടെ റേറ്റിങ് കൂടിയത് തന്നെ ഓവിയ കാരണമാണെന്നാണ് വിലയിരുത്തലുകൾ. അതുകൊണ്ട് തന്നെ ഓവിയ പുറത്ത് പോയപ്പോഴേക്കും തമിഴകം ഇളകിമറിയുകയായിരുന്നു.