മുംബൈ: മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അസദുദ്ദീൻ ഉവൈസിയുടെ പാർട്ടിയായ ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീന്ന് (എഐഎംഐഎം) വിലക്ക്. പാർട്ടിയുടെ ആദായ നികുതി, ഓഡിറ്റ് റിപ്പോർട്ടുകൾ സമർപ്പിക്കാത്തതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി.

നേരത്തെ തെരഞ്ഞെടുപ്പ് കമ്മിഷൻ വരവു ചെലവു കണക്കുകൾ കാണിക്കണമെന്ന് ആവശ്യപ്പെട്ട് എഐഎംഐഎമ്മിന് നോട്ടീസ് അയച്ചിരുന്നു. ഓഡിറ്റ് റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ പാർട്ടിയുടെ അംഗീകാരം റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും കമ്മിഷൻ മുന്നറിയിപ്പ് നൽകി.

എന്നാൽ മറുപടിയൊന്നും ലഭിക്കാത്തതിനെ തുടർന്നാണ് വിലക്ക് ഏർപ്പെടുത്തി കമ്മിഷൻ ഉത്തരവിറക്കിയത്. അതേസമയം, പാർട്ടിക്ക് വിലക്കുണ്ടെങ്കിലും അംഗങ്ങൾക്ക് സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിക്കാം.

കഴിഞ്ഞ വർഷം നടന്ന മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പിൽ ആദ്യമായി മത്സരത്തിനിറങ്ങിയ ഉവൈസിയുടെ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ പാർട്ടി വൻ മുന്നേറ്റം കാഴ്‌ച്ചവച്ചിരുന്നു. ഔറംഗബാദ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ 24 സീറ്റുകൾ നേടി മുഖ്യ പ്രതിപക്ഷമാകാൻ എംഐഎമ്മിനായിരുന്നു.