- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് രണ്ട് കോവിഡ് വാക്സിനുകൾ ഉപയോഗിക്കാൻ അനുമതി; കോവിഷീൽഡ്, കോവാക്സിൻ എന്നിവക്ക് അനുമതി നൽകിയത് ഡ്രഗ്സ് കൺട്രോളർ ജനറൽ; അനുമതി നൽകിയത് ഉപാധികളോടെ; കോവിഷീൽഡിന് 70.42 ശതമാനം ഫലപ്രാപ്ദി; രണ്ട് വാക്സിനുകളും നൽകുന്നത് രണ്ട് ഡോസ് വീതം; ഈ ആഴ്ച്ച തന്നെ വാക്സിനേഷൻ തുടങ്ങിയേക്കും
ന്യൂഡൽഹി: രാജ്യത്ത് രണ്ട് കോവിഡ് വാക്സിനുകൾ ഉപയോഗിക്കാൻ അനുമതി നൽകി ഡ്രഗ്സ് കൺട്രോളർ ജനറൽ. ഡൽഹിയിൽ വിശളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് വാക്സിനുകൾ ഉപയോഗിക്കാൻ അനുമതി നൽകിയിരിക്കുന്നത്. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ എന്നിവയ്ക്ക് അനുമതി നൽകാൻ വിദഗ്ദ്ധ സമിതി ശുപാർശ ചെയ്തിരുന്നു. ഈ ശുപാർശ ഉപാധികളോടെ അനുമതി നൽകുകയായിരുന്നു. വാക്സിൻ ഉപയോഗിക്കാൻ അനുമതി ലഭിച്ചതോടെ ബുധനാഴ്ചയോടെ ആദ്യ ഘട്ട വാക്സിൻ വിതരണം തുടങ്ങുമെന്നാണ് സൂചന.
വാക്സിനുകളുടെ ഉപയോഗം അടിയന്തര സാഹചര്യത്തിൽ ഉപാധികളോടെയാണ് അനുമതി നൽകുന്നത്. കോവിഷീൽഡ് വാക്സിൻ 70.42 ശതമാനം ഫലപ്രാപ്ദി കണ്ടെത്തിയിട്ടുണ്ട്. മുൻകരുതലോടെ വേണം വാക്സിൻ ഉപയോഗിക്കുന്നതെന്നും ഡ്രഡ് കൺട്രോളർ അറിയിച്ചു. കോവിഷീൽഡ് അഞ്ച് കോടി ഡോസ് നിർമ്മിച്ച്, സംഭരിച്ചിട്ടുണ്ട്. ഒരു കോടി ആരോഗ്യപ്രവർത്തകർക്കും രണ്ടു കോടി മുന്നണിപ്പോരാളികൾക്കും വാക്സിൻ സൗജന്യമായി ആദ്യം ലഭ്യമാക്കുക.
ഐ.സി.എം.ആറുമായി ചേർന്ന് ഹൈദരാബാദിലെ ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം ഇതുവരെ പൂർത്തിയായിട്ടില്ല. എന്നിരുന്നാലും അടിയന്തര സാഹചര്യം മുൻനിർത്തിയാണ് വിദഗ്ദ്ധ സമിതിയുടെ ശുപാർശ. അതേസമയം വാക്സിന്റെ സുരക്ഷയെയും ഫലപ്രാപ്തിയെയും കുറിച്ചുള്ള വ്യാജപ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും വാക്സിന്റെ ഒരു മാനദണ്ഡത്തിലും വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും ഹർഷവർദ്ധനൻ വ്യക്തമാക്കി.
കോവിഡ് പിടിപെടാൻ ഏറ്റവും സാധ്യതയുള്ള 30 കോടി ആളുകളെ സർക്കാർ മുൻഗണനാ വിഭാഗമായി നിശ്ചയിച്ചിട്ടുണ്ട്. അവർക്കായിരിക്കും ആദ്യം വാക്സീൻ നൽകുന്നത്. ആരോഗ്യപ്രവർത്തകർ, പൊലീസ്സേനാ, മുനിസിപ്പൽ ജീവനക്കാർ എന്നിങ്ങനെ കോവിഡ് മുന്നണിപ്പോരാളികൾ, 50 വയസ്സിനു മുകളിലുള്ളവർ, 50 വയസ്സിനു താഴെയുള്ള മറ്റ് ഗുരുതര രോഗമുള്ളവർ എന്നിവർ. വാക്സീൻ സ്വീകരിക്കേണ്ട ആരോഗ്യപ്രവർത്തകരുടെയും കോവിഡ് പോരാളികളുടെയും റജിസ്ട്രേഷൻ അതതു സ്ഥാപനങ്ങൾ വഴിയായിരിക്കും. മുൻഗണനാ വിഭാഗത്തിലുള്ളവരെ കണ്ടെത്തി റജിസ്ട്രേഷൻ നടത്തുന്നതിനും ആരോഗ്യവകുപ്പ് നടപടിയുണ്ടാകും.
വാക്സീൻ സൗജന്യമായിരിക്കാനാണു സാധ്യത. കമ്പനികളിൽ നിന്നു വാക്സീൻ വാങ്ങുന്ന ചെലവ് കേന്ദ്രസംസ്ഥാന സർക്കാരുകൾ വഹിക്കേണ്ടിവരും. കമ്പനികളുമായുള്ള ചർച്ചയ്ക്കു ശേഷമാകും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം. സ്വന്തം നിലയിൽ കോവിഡ് വാക്സിൻ ലഭിക്കാൻ മാർഗ്ഗങ്ങളില്ല. നിലവിൽ സർക്കാർ സംവിധാനത്തിലൂടെ മാത്രമായിരിക്കും വാക്സീൻ വിതരണം. ഏപ്രിലോടെ സ്വകാര്യ വിപണിയിലെത്തിക്കാൻ കഴിഞ്ഞേക്കുമെന്നു സീറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നു. ഇതിനു സർക്കാരിന്റെ പ്രത്യേക അനുമതി വേണം.
കാൻസർ, പ്രമേഹം, രക്താതിമർദം തുടങ്ങിയ രോഗങ്ങൾക്കു മരുന്നു കഴിക്കുന്നവർ വാക്സീനെടുക്കാൻ മടിക്കേണ്ടതില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. തൽക്കാലം കുട്ടികൾ വാക്സിൻ സ്വീകരിക്കേണ്ട ആവശ്യമില്ല. 18 വയസ്സിനു മുകളിലുള്ളവർക്കു മാത്രമാണ് വാക്സിൻ നൽകുന്നത്. വാക്സിനെടുത്താൽ ചിലർക്കു പനി, തടിപ്പ്, ശരീരവേദന തുടങ്ങിയ നേരിയ വിപരീതഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകുന്നുണ്ട്. വാക്സീൻ വിതരണ കേന്ദ്രത്തിൽ തന്നെ പ്രത്യേക നിരീക്ഷണ സംവിധാനമുണ്ട്.
മറുനാടന് ഡെസ്ക്