- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓക്സിജനു വേണ്ടി 2 ടാങ്കറുകൾ കൂടി കൊൽക്കത്തയിലേക്ക്; രണ്ട് ടാങ്കറുകളിലായി എത്തിക്കുക 18 ടൺ ഓക്സിജൻ; ടാങ്കറുകൾ തിരിച്ചെത്തിക്കുക കെഎസ്ആർടിസി ഡ്രൈവർമാരുടെയും വാഹന ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ റോഡ് മാർഗ്ഗം
തിരുവനന്തപുരം: കേരളത്തിലേക്ക് ഓക്സിജൻ കൊണ്ടുവരുന്നതിന് 2 ടാങ്കറുകൾ ഇന്നലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കൊൽക്കത്തയ്ക്ക് അയച്ചു. എയർഫോഴ്സിന്റെ ചാർട്ടർ കാർഗോ വിമാനത്തിലാണു ടാങ്കറുകൾ അയച്ചത്. വ്യാഴാഴ്ച രാത്രി വിമാനത്തിൽ അയയ്ക്കാൻ 3 ടാങ്കറുകൾ കൊച്ചിയിൽ എത്തിച്ചെങ്കിലും കനത്ത മഴയെത്തുടർന്ന് വിമാനത്തിന് ഇറങ്ങാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ടാങ്കറുകൾ കോയമ്പത്തൂരിലേക്കു കൊണ്ടുപോയി.
വെള്ളിയാഴ്ച പുലർച്ചെ ഒരെണ്ണം അവിടെ നിന്ന് അയച്ചു. ബാക്കി രണ്ടു ടാങ്കറുകളും തിരികെ കൊച്ചിയിൽ എത്തിച്ചാണ് വിമാനത്തിൽ അയച്ചത്.ഓക്സിജൻ നിറച്ച ശേഷം റോഡുമാർഗം ആയിരിക്കും ടാങ്കറുകൾ കേരളത്തിലെത്തുന്നത്. ഇവ ഓടിയെത്താൻ കുറഞ്ഞത് ഒരാഴ്ചയെങ്കിലും എടുക്കുമെന്ന് അധികൃതർ അറിയിച്ചു. പരിശീലനം ലഭിച്ച കെഎസ്ആർടിസി ഡ്രൈവർമാരും വാഹന ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുമാണു ടാങ്കറുകൾക്കൊപ്പം വിമാനത്തിൽ പോകുന്നത്. 9 ടൺ വീതം ഓക്സിജൻ നിറയ്ക്കാം.
അതേസമയം കഴിഞ്ഞ ദിവസം സംസ്ഥാനത്തിനു ലഭിച്ച, ആദ്യ ഓക്സിജൻ ട്രെയിനിൽ നിന്നുള്ള ദ്രവീകൃത മെഡിക്കൽ ഓക്സിജൻ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, എറണാകുളം ജില്ലകളിലെ സംഭരണ കേന്ദ്രങ്ങളിലേക്കു മാറ്റി. ഇന്നലെ പുലർച്ചെ മൂന്നരയോടെ വല്ലാർപാടം ടെർമിനലിൽ എത്തിയ ട്രെയിനിൽനിന്നു രാവിലെ 8 മണിയോടെയാണു വാതകം ടാങ്കർ ലോറികളിലേക്കു മാറ്റി തുടങ്ങിയത്.
ഒഡീഷയിലെ കലിംഗനഗർ ടാറ്റാ സ്റ്റീൽ പ്ലാന്റിൽ നിന്നുള്ള ട്രെയിനിൽ 6 കണ്ടെയ്നർ ടാങ്കറുകളിലായി 118 ടൺ ഓക്സിജനാണു എത്തിച്ചത്.ഓക്സിജൻ നീക്കത്തിന്റെ ചുമതലയുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു, റെയിൽവേ ഏരിയ മാനേജർ നിതിൻ നോർബർട്ട്, മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തുണ്ടായിരുന്നു.
ഒഡീഷയിൽ നിന്നു ഡൽഹിയിലേക്കു പുറപ്പെട്ട ഓക്സിജൻ ട്രെയിനാണു അവിടെ ആവശ്യം കുറഞ്ഞതിനെ തുടർന്നു ആഗ്രയിൽ നിന്നു കേരളത്തിലേക്കു വിട്ടത്. തുടർച്ചയായി പച്ച സിഗ്നൽ നൽകി തടസ്സമില്ലാത്ത ഓട്ടമാണ് ഓക്സിജൻ ട്രെയിനുകൾക്കു റെയിൽവേ ഉറപ്പാക്കുന്നത്. ഇതുവരെ വിവിധ സംസ്ഥാനങ്ങളിലേക്കു 246 ട്രെയിനുകളാണു സർവീസ് നടത്തിയത്.
മറുനാടന് മലയാളി ബ്യൂറോ