മനാമ: ബഹ്‌റൈൻ ഓ ഐ സി സി യെ വരും വർഷങ്ങളിൽ ആര് നയിക്കണമെന്ന് തീരുമാനിക്കുന്ന സംഘടന തിരഞ്ഞെടുപ്പ് ബുധനാഴ്‌ച്ച നടക്കും. തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കുവാൻ കെ പി സി സി സെക്രട്ടറി അജയ് മോഹൻ ഇന്ന് ബഹറിനിൽ എത്തും.

പ്രസിഡന്റ് രാജു കല്ലുംപുറം ആ സ്ഥാനത്ത് നിന്ന് മാറണം എന്ന ആവശ്യം ശക്തമാണ്. അങ്ങനെ മാറിയാൽ ഒരു സമവായത്തിന് സാധ്യത തെളിയുന്നുണ്ട്. എന്നാൽ രാജു കല്ലുംപുറത്തിനെ മാറ്റി നിർത്തി ഒരു സമവായത്തിനും തയ്യാറല്ല എന്ന് രാജു അനുകൂല വിഭാഗം പറയുന്നു. മറു വിഭാഗത്തിൽ നിന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് 2 പേരുകളാണ് ഉയർന്ന് വരുന്നത്. ഓ ഐ സി സി മുൻ ജനറൽ സെക്രട്ടറിയും ഗ്ലോബൽ കമ്മറ്റി അംഗവുമായിരുന്ന കെ സി ഫിലിപ്പ്, ഗ്ലോബൽ കമ്മറ്റി അംഗം ലതീഷ്  ഭരതൻ.

വർഷാ വർഷങ്ങളായി ഓ ഐ സി സി പ്രസിഡന്റ്  കസേരയിൽ ഇരിന്നിട്ടുള്ളത് ക്രിസ്ത്യൻ സമുദായ അംഗങ്ങളാണെന്നതും അതുപോലെ തന്നെ മലബാർ മേഖലക്ക് പ്രാതിനിധ്യം ലഭിച്ചിട്ടുമില്ല എന്ന വസ്തുതയും അനുസരിച്ച് ലതീഷ് ഭരതന് നറുക്ക് വീഴാനാണ് സാധ്യത. പ്രസിഡന്റ് സ്ഥാനം കഴിഞ്ഞാൽ ഓ ഐ സി സി യിൽ ജനറൽ സെക്രട്ടറി സ്ഥാനത്തിന് വേണ്ടിയുള്ള മത്സരം കടുക്കും. നാല് ജനറൽ സെക്രട്ടറിമാരാണ് ഉള്ളതെങ്കിലും അതിൽ പ്രധാനം സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിക്കായിരിക്കും. അതിലേക്കും അനവധി പേരുകളാണ് പറഞ്ഞ് കേൾക്കുന്നത്.

മലബാറിനെ പ്രതിനിതീകരിച്ച് ഗഫൂർ ഉണ്ണിക്കുളം, വി കെ സൈതാലി, രാമനാഥൻ, കോട്ടയം ജില്ലക്കാരനും യൂത്ത് വിങ് പ്രസിഡന്റുമായ ബോബി പാറയിൽ, മുൻ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ജേക്കബ് തെക്കുതോട്, എറണാകുളം സ്വദേശി രഞ്ജിത്ത് പുത്തൻപുരക്കൽ എന്നീ പേരുകൾ സജീവമാണ്. വൈസ് പ്രസഡന്റ്, ട്രഷർ, മറ്റ് സെക്രട്ടറി മാർ എന്നീ വിഭാഗങ്ങളിലേക്ക് മത്സരം ഉണ്ടാകുവാൻ സാധ്യത കാണുന്നില്ല. ഗ്ലോബൽ കമ്മറ്റിയിലേക്ക് രണ്ട് വിഭാഗവും തങ്ങൾക്ക് ഭൂരിപക്ഷം ഉണ്ടെന്ന് അഭിപ്രായപ്പെടുമ്പോഴും അടിയൊഴുക്കുകൾ സംഭവിക്കുവാനുള്ള സാധ്യത ഇരു വിഭാഗവും തള്ളിക്കളയുന്നില്ല .