കോഴിക്കോട്: സൈബർ ലോകത്തെ ഭാഷാപ്രയോഗങ്ങൾ അതിരു കടക്കുന്നതിനെതിരെ സിപിഎമ്മിലെ യുവനേതാവ് അഡ്വ. പി എ മുഹമ്മദ് റിയാസ് രംഗത്ത്. ഇക്കാര്യത്തിൽ കാര്യമായ ശ്രദ്ധ ചെലുത്തണമെന്ന് ഇടതുപക്ഷ അനുഭാവികളോടു റിയാസ് ആവശ്യപ്പെട്ടു.

മുസ്ലിം ലീഗ് പ്രവർത്തകരെ മൂരികൾ എന്ന് വിളിക്കുന്നതും നരേന്ദ്രമോദി, സ്മൃതി ഇറാനി , ഉമ്മൻ ചാണ്ടി, കുഞ്ഞാലിക്കുട്ടി തുടങ്ങിയവരെ മര്യാദ ലംഘിച്ചു സൈബർ ആക്രമണം നടത്തുന്നതും, ഇടതുപക്ഷ നേതാകൾക്കെതിരെ സൈബർ പേക്കൂത്തു നടത്തുന്നത് ചെറുക്കുന്നത് പോലെ തന്നെ ചെറുക്കേണ്ടത് തന്നെയാണ് എന്നതാണ് എന്റെ അഭിപ്രായമെന്നും റിയാസ് ഫേസ്‌ബുക്കിൽ കുറിച്ചു.

രാഷ്ട്രീയ നിലപാട് മുറുകെ പിടിച്ചതിനു സ്വന്തം പ്രസ്ഥാനത്തിലെ നേതാക്കളെ വളഞ്ഞിട്ട് വിമർശിക്കുമ്പോൾ പ്രതിരോധിക്കേണ്ടത് ഏതൊരു പ്രസ്ഥാനത്തിന്റെയും പ്രവർത്തകന്റെ കടമയാണ്. അത് മാന്യമായ ഭാഷയിലൂടെ നിർവഹിക്കുകയും ചെയ്യേണ്ടതാണ്. അത് ചെയ്തിട്ടുമുണ്ട്. എന്നാൽ ചില പ്രസ്ഥാനങ്ങളെയും നേതാക്കളെയും ആക്ഷേപിക്കുന്ന രീതി പ്രോത്സാഹിപ്പിച്ചിട്ടില്ല. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഉദ്ദേശ്യവും വിശാലമായ മാനവിക കാഴ്ചപ്പാടും തിരുത്തലുകളും സൃഷ്ടിച്ചതാണ് ഇത്തരം ഒരു നിലപാടെന്നും റിയാസ് വ്യക്തമാക്കുന്നു.

മന്ത്രി ഇ പി ജയരാജനെതിരായ വിമർശനങ്ങൾ അതിരുകടന്നതിനാലാണ് ഇത്തരമൊരു ഫേസ്‌ബുക്ക് പോസ്റ്റ് എന്ന വിമർശനത്തിനും റിയാസ് മറുപടി നൽകുന്നുണ്ട്. ജയരാജനു പറ്റിയ പിശകുമായി ബന്ധപ്പെട്ട സംഭവം നടക്കുന്നതിനു വളരെ മുമ്പുതന്നെ ഈ അഭിപ്രായം താൻ പ്രകടിപ്പിച്ചിരുന്നുവെന്നു റിയാസ് വ്യക്തമാക്കുന്നു. മെയ് 20നു തന്നെ ഇൗ അഭിപ്രായം ഉയർത്തിപ്പിടിച്ചുള്ള കുറിപ്പ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും റിയാസ് കുറിച്ചു. ജനം നമുക്ക് നൽകിയ സമാനതകളില്ലാത്ത പിന്തുണ അഹങ്കാരം ഉയർത്തുവാനുള്ള ഇന്ധനമല്ല, മറിച്ച് നമ്മുടെ വിനയം വർദ്ധിപ്പിക്കാനുള്ള ഇന്ധനമാണെന്നു മുൻ ഫേസ്‌ബുക്ക് പോസ്റ്റിൽ റിയാസ് കുറിച്ചിട്ടുണ്ട്.

''തിരഞ്ഞെടുപ്പിന് ശേഷമുള്ള കായിക ആക്രമണത്തിൽ പിണറായിയിൽ നമ്മൾക്ക് സഖാവ് പി വി രവീന്ദ്രനെ നഷ്ടപ്പെട്ടു .1987ൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ ചീമേനിയിൽ അഞ്ചു സഖാക്കളെ കോൺഗ്രസുകാർ ചുട്ടുകൊന്നിരുന്നു.തിരഞ്ഞെടുപ്പിൽ ഓരോ മുന്നണികളും അവരുടെതായ രാഷ്ട്രീയം ഉയർത്തി പിടിക്കുന്നത് സ്വാഭാവികമാണ്, എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കായികാമായി പക വീട്ടുന്ന രീതി കാടത്തമാണ്.തിരഞ്ഞെടുപ്പിന് ശേഷം നവമാദ്ധ്യമങ്ങളിൽ ക്കൂടി ആക്ഷേപങ്ങളും പരിഹാസങ്ങളും വെല്ലുവിളികളും വ്യാപിക്കുന്നുണ്ട് .ഇത് പ്രോത്സാഹിപ്പിക്കപ്പെടെണ്ടുന്ന രീതിയല്ല.പരസ്പരം ഉള്ള വെല്ലുവിളികളും , ആക്ഷേപങ്ങളും പരിഹാസങ്ങളും പലപ്പോഴും പരിധി വിടുന്നതായി തോന്നാറുണ്ട്. അതുകൊണ്ട് ആക്ഷേപങ്ങളും പരിഹാസങ്ങളും വെല്ലുവിളികളും ആദ്യം നിറുത്തി നമുക്ക് മാതൃക കാണിക്കാം. നയവൈകല്യങ്ങളും അവിശുദ്ധ സഖ്യങ്ങളും വോട്ടിന്റെ കണക്കുകളും നിരത്തി നമുക്ക് ചോദ്യങ്ങൾ ഉയർത്താം.ജനം നമുക്ക് നൽകിയ സമാനതകളില്ലാത്ത പിന്തുണ അഹങ്കാരം ഉയർത്തുവാനുള്ള ഇന്ധനമല്ല മറിച്ച് നമ്മുടെ വിനയം വർദ്ധിപ്പിക്കാനുള്ള ഇന്ധനമാണ്. അഹങ്കാരികളുടെ ഗതി എന്തെന്ന് കണ്മുന്നിൽ ഉദാഹരണങ്ങൾ ഉണ്ടല്ലോ...''- ഇതായിരുന്നു മെയ് 20നു റിയാസിന്റെ പോസ്റ്റ്.

'ആനുകാലിക രാഷ്ട്രീയ വിഷയങ്ങളിൽ ഹാസ്യം കലർത്തി ചില പോസ്റ്റുകൾ ചെയ്യാറുണ്ട് , അതിനു REPLY മുഖത്തു അടിച്ചു വരുന്നത് ആസ്വദിക്കാരുമുണ്ട്. ചാനൽ ചർച്ചകളിൽ സംഘപരിവാർ ആശയത്തെ 'അപകടകരമെന്നു' വിശ്വസിക്കുന്നതുകൊണ്ട് ശക്തമായി എതിർക്കാറുണ്ട്. മുസ്ലിം മത മൗലിക വാദത്തെയും സന്ധിയില്ലാതെ ചെറുത്തിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഈ രണ്ടു പേരിൽ നിന്നും കൈപ്പേറിയ അനുഭവങ്ങൾ ഉണ്ടായിട്ടുമുണ്ട് ( കോഴിക്കോട് ബീച്ച്, മലപ്പുറം ടൗൺ). ഇനിയും എന്റെ പ്രസ്ഥാനം ഉയർത്തുന്ന രാഷ്ട്രീയം പ്രതിച്ഛeയ നോക്കാതെ മാന്യമായ ഭാഷയിൽ പ്രകടിപ്പിക്കുക തന്നെ ചെയ്യും. 'give respect take respect''- റിയാസ് വ്യക്തമാക്കുന്നു.