- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡ് ഏത് വകുപ്പിന്റേതെന്ന് ജനങ്ങൾക്ക് അറിയേണ്ട കാര്യമില്ല; എല്ലാ റോഡുകളും നന്നാകണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്; റസ്റ്റ്ഹൗസിലെ ജീവനക്കാർക്കെതിരായ നടപടി വിവിധ പരാതികൾ ലഭിച്ചതിനെത്തുടർന്നെന്നും മന്ത്രി
കോഴിക്കോട്: റോഡുകൾ ഏത് വകുപ്പിന്റേതെന്ന് ജനങ്ങൾക്ക് അറിയേണ്ട കാര്യമില്ലെന്നും എല്ലാ റോഡുകളും നന്നാവണമെന്നും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളത്തിൽ ആകെയുള്ള ഒന്നര ലക്ഷത്തിലധികം കിലോമീറ്റർ റോഡിൽ ഏകദേശം ഒരുലക്ഷം കിലോമീറ്ററിൽ അധികം റോഡുകൾ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലല്ലെന്നും എന്നാൽ ഇക്കാര്യത്തിൽ ഞങ്ങളെ ഏൽപ്പിച്ച പ്രവർത്തനം നന്നായി നടപ്പിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിന്റെ റോഡുണ്ട്, തദ്ദേശസസ്വയംഭരണ വകുപ്പിന്റെ റോഡുണ്ട്, മറ്റ് വകുപ്പുകൾക്കും റോഡുകളുണ്ട്. കേരളത്തിൽ ഒന്നര ലക്ഷത്തിലധികം കിലോമീറ്റർ റോഡുണ്ട്. അതിൽ 32,000 കിലോമീറ്റർ മാത്രമാണ് പൊതുമരാമത്ത് വകുപ്പിന്റെ റോഡ്. ഏകദേശം ഒരുലക്ഷം കിലോമീറ്ററിൽ അധികം പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളല്ല. പക്ഷേ ജനങ്ങളെ സംബന്ധിച്ച് ഇന്ന റോഡ് എന്നില്ല. എല്ലാ റോഡും നന്നാകണം. കോഴിക്കോട് കോർപ്പറേഷൻ ഇക്കാര്യത്തിൽ മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
വടകര റസ്റ്റ് ഹൗസിനെ കുറിച്ച് മറ്റ് ചില പ്രശ്നങ്ങളും പരാതികളും ലഭിച്ചിരുന്നുവെന്ന് റസ്റ്റ് ഹൗസിലെ താൽകാലിക ജീവനക്കാർക്ക് എതിരായ നടപടി സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് വന്നിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ കാര്യത്തിൽ നടപടികൾ പരിശോധിക്കുകയാണ്. മറ്റ് കാര്യങ്ങൾ ചെയ്യാൻ പോകുന്നതേയുള്ളൂ. അതുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകും.
'പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസുകൾ നവീകരിക്കാനും ഓൺലൈൻ ബുക്കിങ് ഉറപ്പ് വരുത്താനും ശുചിത്വം ഉറപ്പുവരുത്താനും കഴിഞ്ഞ നാല് മാസമായി തീരുമാനമെടുത്ത് മുന്നോട്ട് പോകുകയാണ്. ഓൺലൈൻ ബുക്കിങ്ങിൽ ഒരു മാസം കൊണ്ട് 27.5 ലക്ഷം രൂപ സർക്കാരിന് കിട്ടി. സർക്കാർ പറയുന്നത് വിശ്വസിച്ച് അമ്മമാരും സഹോദരിമായും കുട്ടികളും വന്നാൽ റസ്റ്റ് ഹൗസുകളിൽ തെറ്റായ പ്രവണയുണ്ടെങ്കിൽ എത്ര മോശമാണ്. സർക്കാർ ഒരു നിലപാട് എടുത്താൽ അതിന് ഒപ്പം നിൽക്കുന്നതിന് പകരം ഇങ്ങനെയൊക്കെ പോകൂ എന്ന് സമീപനം എടുത്താൻ എന്താണ് ചെയ്യേണ്ടത്?'- മന്ത്രി ചോദിച്ചു.
നല്ല നിലയിൽ നടത്തുന്ന റസ്റ്റ് ഹൗസുകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോഴിക്കോട് റസ്റ്റ് ഹൗസിൽ കാര്യങ്ങൾ നന്നായി ചെയ്യാനുള്ള ശ്രമം നടത്തി. എറണാകുളം ജില്ലയിലെ ഒരു റസ്റ്റ് ഹൗസിലും കാര്യങ്ങൾ നന്നായി നടത്തിയിരുന്നു. ഇങ്ങനെ മഹാഭൂരുപക്ഷവും നന്നായി പ്രവർത്തിക്കുന്നവരാണ്. അവരെയെല്ലാം പ്രത്യേകം അഭിനന്ദിച്ചിരുന്നു. എന്നാൽ ചിലകാര്യങ്ങൾ നമുക്ക് അംഗീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ