- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രി മുഹമ്മദ് റിയാസ് വടകരയിൽ എത്തിയത് ഇന്ധന വിലവർധനവിനെതിരെ സമരം ചെയ്തപ്പോൾ പോസ്റ്റോഫീസ് തല്ലി തകർത്ത കേസിൽ കോടതിയിൽ ഹാജരാകാൻ; വടകര റസ്റ്റ് ഹൗസിലെ മിന്നൽ പരിശോധന കോടതിയിലെത്തും മുമ്പ്; മദ്യക്കുപ്പി കണ്ടെത്തിയതിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നിർദ്ദേശവും
കോഴിക്കോട്: സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയാണ് മന്ത്രി മുഹമ്മദ് റിയാസിന്റെ റസ്റ്റ് ഹൗസ് പരിശോധന. അഭിനന്ദനവും പരിഹാസവുമെല്ലാം ചേർന്നു കൊണ്ടാണ് വീഡിയോ വൈറലാകുന്നത്. പൊതുമരാമത്ത് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വടകര റസ്റ്റ് ഹൗസിലാണ് മന്ത്രി മിന്നൽ പരിശോധന നടത്തിയത്. ഇതേ സമയം മന്ത്രി വടകരയിലെത്തിയത് കോടതിയിൽ ഹാജരാകാനായിരുന്നു. ഇന്ധന വിലവർദ്ധനയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നടത്തിയ സമരത്തിനെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മന്ത്രി പി എ മുഹമ്മദ് റിയാസ് വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായത്.
2011 ജനുവരി 19ന് ഡിവൈഎഫ്ഐ നേതൃത്വത്തിലാണ് വടകര ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടന്നത്. പി എ മുഹമ്മദ് റിയാസ് ഉൾപ്പെടെ 11 പേർക്കെതിരെ വടകര പൊലീസാണ് കേസെടുത്തത്. പെട്രോളിയം ഉൽപനങ്ങളുടെ വിലവർധനവിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിനിടെ പോസ്റ്റ് ഓഫീസ് തല്ലി തകർത്തുവെന്നാണ് കേസ്.
എം കെ ശശി, എ എം റഷീദ്, പി ടി കെ രാജീവൻ, ടി അനിൽകുമാർ, പി കെ അശോകൻ, കെ എം മനോജൻ, കെ കെ പ്രദീപൻ, ഷാജി കൊളരാട്, അഖിലേഷ് കൂട്ടങ്ങാരം, ടി സജിത്ത് കുമാർ എന്നിവരാണ് കേസിൽ പ്രതി ചേർക്കപ്പെട്ട മറ്റുള്ളവർ. കേസ് സംബന്ധിച്ച തെളിവെടുപ്പും വിചാരണയുമാണ് ആരംഭിച്ചത്. കേസ് ജനുവരി 22 ലേക്ക് മാറ്റി. അഡ്വ. കെ എം രാംദാസ് പ്രതികൾക്കു വേണ്ടി ഹാജരായി.
വടകരയിലെത്തിയ മന്ത്രി റസ്റ്റ് ഹൗസ് നവീകരണ പ്രവർത്തനങ്ങൾ പരിശോധിക്കാൻ വേണ്ടിയായിരുന്നു ജീവനക്കാരെ മുൻകൂട്ടി അറിയിക്കാതെ റസ്റ്റ് ഹൗസിലേക്ക് എത്തിയത്. ഇന്ന് രാവിലെ പത്തരയോടെ റസ്റ്റ് ഹൗസിൽ എത്തി പരിശോധന നടത്തുന്നതിന്റെ ലൈവ് വീഡിയോ മന്ത്രി ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്തു. റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരേ ഉടൻ നടപടിയെടുക്കാൻ മന്ത്രി നിർദ്ദേശം നൽകി.
പരിശോധനയിൽ റസ്റ്റ് ഹൗസ് പരിസരത്ത് നിന്നും മദ്യക്കുപ്പികളും മാലിന്യക്കൂമ്പാരവും കണ്ടെത്തി. മദ്യക്കുപ്പികൾ കണ്ടെത്തിയതിനെ തുടർന്ന് മന്ത്രി റസ്റ്റ് ഹൗസ് ജീവനക്കാരോട് ദേഷ്യപ്പെടുന്നതും പുറത്ത് വന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.