- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാഹുൽ ഗാന്ധി എവിടെ പോകുന്നു, വരുന്നു എന്നുപോലും ആർക്കുമറിയില്ല; പാർട്ടിയുടെ നിർജീവാവസ്ഥയെ വിമർശിക്കുന്നവരെ ശത്രുക്കളായി കാണുന്നു; ബിജെപിക്കും കേന്ദ്രസർക്കാർ നയങ്ങൾക്കും എതിരെ വിപുലമായ സഖ്യം ഉയർന്നുവരണം; ഇക്കാര്യത്തിൽ ഒന്നും ചെയ്യാതെ കോൺഗ്രസ് മാറിനിൽക്കുന്നു; കോൺഗ്രസിനെ വിമർശിച്ച് പി.സി ചാക്കോ
തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ വിമർശനം ഉയർത്തി എൻസിപിയിൽ ചേർന്ന കോൺഗ്രസ് നേതാവ് പി സി ചാക്കോ. ബിജെപിക്കെതിരെ ദേശീയതലത്തിൽ രാഷ്ട്രീയമുന്നേറ്റം നടത്താൻ കോൺഗ്രസിന് സാധിക്കുന്നില്ലെന്ന് പി.സി ചാക്കോ ദേശാഭിമാനി ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. രാഹുൽ ശരിയായ കാഴ്ചപ്പാട് ഇല്ലാത്ത നേതാവാണെന്നും പി.സി ചാക്കോ പറഞ്ഞു.
ബിജെപിക്കും കേന്ദ്രസർക്കാർ നയങ്ങൾക്കും എതിരെ വിപുലമായ സഖ്യം ഉയർന്നുവരണം. ഇക്കാര്യത്തിൽ ഒന്നും ചെയ്യാതെ കോൺഗ്രസ് മാറിനിൽക്കുന്നു. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് ആരോഗ്യപ്രശ്നമുണ്ട്. രാഹുൽ ഗാന്ധി എവിടെ പോകുന്നു, എപ്പോൾ വരുന്നു എന്നൊന്നും ആർക്കുമറിയില്ല. പാർട്ടിയുടെ നിർജീവാവസ്ഥയെ വിമർശിക്കുന്നവരെ ശത്രുക്കളായി കാണുന്നു.മാസത്തിൽ ഒരു തവണയെങ്കിലും പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിക്കേണ്ടതാണ്. ഇതിനുപോലും കോൺഗ്രസ് തയ്യാറാകുന്നില്ലെന്നും പി.സി ചാക്കോ വിമർശിച്ചു.
രാഹുൽ ഗാന്ധിക്ക് പലപ്പോഴും ശരിയായ കാഴ്ചപ്പാട് നഷ്ടപ്പെടുന്നു. വയനാട്ടിൽ മത്സരിച്ചത് ഇതിന് ഉദാഹരണമാണ്. ഞാൻ രാഹുൽ ഗാന്ധിയെ നേരിട്ട് കണ്ട് കേരളത്തിൽ ഇടതുപക്ഷത്തിനെതിരെ മത്സരിക്കരുതെന്ന് ആവശ്യപ്പെട്ടു. അതുകേട്ട് അദ്ദേഹം സ്തബ്ധനായി. നിങ്ങൾ കേരളത്തിൽനിന്നുള്ള ആളല്ലേ? എന്തുകൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നതെന്ന് എന്നോട് ചോദിച്ചു. എന്റെ ശ്രമം വിജയിച്ചില്ല. രാഹുൽ ഗാന്ധിക്ക് ദക്ഷിണേന്ത്യയിൽ മത്സരിക്കണമെങ്കിൽ കർണാടകത്തിൽ ബിജെപിക്ക് എതിരെ മത്സരിക്കാമായിരുന്നുവെന്നും പി.സി. ചാക്കോ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പി സി ചാക്കോ കോൺഗ്രസ് വിട്ട് എൻസിപിയിൽ ചേർന്നിരിക്കുന്നത്. എൻസിപി നേതാവ് ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് ചാക്കോ എൻസിപിയിൽ ചേർന്നത്. ചാക്കോയുടെ വരവ് എൻസിപിയെ ശക്തിപ്പെടുത്തുമെന്ന് പവാർ പറഞ്ഞു. കേരളത്തിൽ ഇടതുമുന്നണിക്കായി പ്രചാരണം നടത്തുമെന്നു ചാക്കോ വ്യക്തമാക്കി.
കോൺഗ്രസിൽ ഗ്രൂപ്പ് അതിപ്രസരമാണെന്നു കുറ്റപ്പെടുത്തിയാണു പി.സി.ചാക്കോ പാർട്ടിവിട്ടത്. കേരളത്തിൽ കോൺഗ്രസ് ഇല്ലെന്നും ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തിലുള്ള ഗ്രൂപ്പുകൾ മാത്രമാണുള്ളതെന്നും ആരോപിച്ചു. കരുണാകരന്റെയും ആന്റണിയുടെയും കാലത്തും ഗ്രൂപ്പുകൾ ഉണ്ടായിരുന്നെങ്കിലും നിലവിലുള്ളതു പോലുള്ള വീതംവയ്പ് അന്നുണ്ടായിരുന്നില്ലെന്നും ചാക്കോ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ