- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എൻസിപിക്ക് വകുപ്പ് മാറി ലഭിച്ചതിൽ തെറ്റില്ല; പ്രധാന്യമുള്ള വനം വകുപ്പ് ലഭിച്ചതിൽ സംതൃപ്തി; അഞ്ചുവർഷവും എ.കെ.ശശീന്ദ്രൻ തന്നെയാവും മന്ത്രി; മാണി സി കാപ്പനെ പാർട്ടിയിൽ തിരിച്ചെടുക്കുന്നതിൽ ചർച്ചയില്ലെന്നും പുതിയ സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ
തിരുവനന്തപുരം: എൻസിപിക്ക് വകുപ്പ് മാറി ലഭിച്ചതിൽ തെറ്റില്ലെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ. മെച്ചപ്പെട്ട വകുപ്പാണ് എൻ സി പി യ്ക്ക് ലഭിച്ചത്. വനം വകുപ്പ് ലഭിച്ചതിൽ സംതൃപ്തിയുണ്ട്. വനം വകുപ്പ് പ്രാധാന്യമുള്ള വകുപ്പാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മന്ത്രി സ്ഥാനം രണ്ടര വർഷം വീതം പങ്കിടില്ല. അഞ്ചു വർഷവും എ കെ ശശീന്ദ്രൻ തന്നെയാകും മന്ത്രി. കോൺഗ്രസിൽ നിന്ന് കൂടുതൽ നേതാക്കൾ വരും ദിവസങ്ങളിൽ എൻസിപിയിലേക്ക് എത്തും.
മാണി സി കാപ്പനെ പാർട്ടിയിൽ തിരിച്ചെടുക്കുന്നതിൽ ചർച്ചയില്ല. എൽ ഡി എഫിൽ തുടരണമെന്ന എൻ സി പി നിലപാടിന് വിരുദ്ധമായാണ് കാപ്പൻ പ്രവർത്തിച്ചത് എന്നും പി സി ചാക്കോ പറഞ്ഞു. എൻസിപിയുടെ സംസ്ഥാന അധ്യക്ഷനായി പിസി ചാക്കോയെ ദേശീയ അധ്യക്ഷൻ ശരത് പവാർ നിയോഗിച്ചു. അടിയന്തരമായി പാർട്ടിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ പിസി ചാക്കോയോട് പാർട്ടി ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ ആവശ്യപ്പെട്ടു. ഇടതുപക്ഷവുമായുള്ള ചർച്ചകളിൽ ഇനി എൻസിപിയെ നയിക്കുക ചാക്കോയാകും. എകെ ശശീന്ദ്രനെ മന്ത്രിയായി നിശ്ചയിച്ചതിന് പിന്നാലെയാണ് ചാക്കോയെ അധ്യക്ഷനാക്കുന്നത്.
ശശീന്ദ്രനും പീതാംബരൻ മാസ്റ്ററും തമ്മിൽ വലിയ ഭിന്നതയുണ്ടായിരുന്നു. തോമസ് കെ തോമസിനെ മന്ത്രിയാക്കാനായിരുന്നു പീതാംബരൻ മാസ്റ്ററിന് താൽപ്പര്യം. എന്നാൽ ദേശീയ നേതൃത്വം ശശീന്ദ്രനെ പിന്തുണച്ചു. ഇതോടെ തന്നെ പീതാംബരൻ മാസ്റ്ററിന് പാർട്ടി ഭാരവാഹിത്വം നഷ്ടമാകുമെന്ന സൂചനകളെത്തി. ഇതാണ് ഇപ്പോൾ ശരിയാകുന്നതും. എന്നും ശരത് പവാറിന്റെ പ്രിയപ്പെട്ട രാഷ്ട്രീയ ശിഷ്യരിൽ ഒരാളായിരുന്നു പിസി ചാക്കോ. നിയമസഭാ തെരഞ്ഞെടുപ്പിനിടെയാണ് ചാക്കോ എൻസിപിയിൽ എത്തിയത്.
കോൺഗ്രസിൽ നിന്ന് ചാക്കോ രാജിവച്ച ഉടൻ തന്നെ എൻ.സി.പി. അദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതയുടെ പേരിലാണ് പി.സി.ചാക്കോ കോൺഗ്രസിൽ നിന്ന് രാജി വച്ചത്. കോൺഗ്രസിലെ ഗ്രൂപ്പുകൾക്കെതിരെ കടുത്ത വിമർശന മുന്നയിച്ചാണ് പി.സി.ചാക്കോ രാജി വച്ചത്. എൻ.സി.പി. നേതാവും ദേശീയ രാഷ്ട്രീയത്തിലെ ശക്തനുമായ ശരത് പവാറുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് പി.സി.ചാക്കോ. എൻ.സി.പി. കേരളത്തിൽ രൂപീകൃതമായ കാലത്തു തന്നെ ചാക്കോ എൻ.സി.പിയിലേക്ക് പോകുമെന്ന് പ്രചരണം ഉയർന്നിരുന്നു. പിന്നീട് ശരത്പവാറുമായി ഈക്കാര്യത്തിൽ കൂടിയാലോചനകൾ നടക്കുകയും ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ