- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പി സി ചാക്കോയ്ക്ക് എതിരായി പത്രത്തിൽ വന്ന വാർത്ത അനുയായികളുടെ ഗ്രൂപ്പിലിട്ടു; പിന്നാലെ 'പുറത്താക്കലും'; പരാതിയുമായി കെ ആർ രാജൻ; ഗ്രൂപ്പിന്റെ പേരിൽ ചാക്കോയ്ക്ക് എതിരെ എൻസിപിയിൽ പടയൊരുക്കം
കൊച്ചി: എൻസിപി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോയ്ക്ക് എതിരെ ഒരു ദിനപത്രത്തിൽ വന്ന വാർത്തയുടെ കട്ടിങ് അനുയായികളുടെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത കെ.ആർ രാജനെ ഗ്രൂപ്പിൽ നിന്നും പുറത്താക്കി. പി സി ചാക്കോയുടെ മാത്രം അനുയായികൾ ഉള്ള ഗ്രൂപ്പിൽ വാർത്ത പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ചാക്കോയുടെ വിശ്വസ്തനും സന്തത സഹചാരിയുമായ കെ ആർ രാജനെ ഗ്രൂപ്പിൽ നിന്നും അഡ്മിൻ പുറത്താക്കിയത്. 'പുറത്താക്കൽ' വിവാദമായതിന് പിന്നാലെ കെ ആർ രാജൻ പി സി ചാക്കോയ്ക്ക് പരാതി നൽകി.
അതേ സമയം പാർട്ടി സംസ്ഥാന അധ്യക്ഷൻ തന്നെ സ്വന്തം ഗ്രൂപ്പ് ഉണ്ടാക്കി കേരളത്തിൽ എൻസിപിയെ പിളർത്താനും യുഡിഎഫിലെ ഒരു ഘടകകക്ഷിയിൽ ലയിപ്പിക്കാനും നീക്കം നടത്തുന്നതായി എതിർചേരിയിൽ പെട്ട നേതാക്കൾ ആരോപിച്ചു.
പാർട്ടിയെ ദുർബലപ്പെടുത്തുന്നതിൽ അണികൾ ആസ്വസ്ഥരാണ്. കോൺഗ്രസിൽ നിന്നും പുറത്താക്കിയവരും സ്ഥാനമാനങ്ങൾ കിട്ടാതെ പാർട്ടി വിട്ടവരും പിസി ചാക്കോയുടെ പിൻബലത്തിൽ എൻസിപിയിൽ കയറിപ്പറ്റുന്നതും സ്ഥാനമാനങ്ങൾ നേടിയെടുക്കുന്നതും പരമ്പരാഗത എൻസിപി പ്രവർത്തകരിൽ അതൃപ്തി രൂപപ്പെട്ടതായാണ് എതിർ വിഭാഗം നേതാക്കൾ പറയുന്നത്.
പി സി ചാക്കോ പാർട്ടി നേതൃത്വം ഏറ്റെടുത്തതോടെ എ കെ ശശീന്ദ്രനെയും പീതാംബരൻ മാസ്റ്ററെയും ഒതുക്കി സ്വന്തമായി ഒരു ഗ്രൂപ്പ് സൃഷ്ടിക്കാൻ ശ്രമിക്കുന്നതായാണ് ആക്ഷേപം. എൻസിപി ദേശിയ സമിതിഅംഗവും മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ശരത് പാവറും കുടുംബവുമായി അടുപ്പവുമുള്ള ജയൻ പുത്തൻപുരയിലിന്റെ നേതൃത്വത്തിൽ എതിർ ചേരി ശക്തമായികൊണ്ടിരിക്കുകയാണ്.
സംസ്ഥാന നേതൃത്വത്തിന്റെ നീക്കങ്ങൾ അടക്കം ജയൻ പുത്തൻപുരയിൽ ശരത് പവറുമായും കേരള ചാർജ് ഉള്ള ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ, ഖോലി എന്നിവരുമായും ചർച്ചകൾ നടത്തിയെന്നാണ് അറിയുന്നത്. ജയൻ പുത്തൻപുരയിൽ നേതൃത്വം നൽകുന്ന ഗ്രൂപ്പിനാണ് കേരളത്തിൽ നിലവിൽ മേധാവിത്വമെന്നും പറയപ്പെടുന്നു.
പീതാംബരൻ മാസ്റ്റർ നയിച്ചിരുന്ന ഗ്രൂപ്പിന് പുറമെ ശശിന്ദ്രൻ ഗ്രൂപ്പിൽ നിന്നുള്ളവരും ഇപ്പോൾ ജയൻ പുത്തൻപുരയിൽ നേതൃത്വം നൽകുന്ന ഗ്രൂപ്പിനെ അനുകൂലിക്കുന്നതായാണ് സൂചന.പാർട്ടിയിൽ ഒരു പിളർപ്പുണ്ടാക്കി എൻസിപിയെ യുഡിഎഫിലെ ഒരു ഘടക കക്ഷിയിൽ ലയിപ്പിക്കാനാണ് പി.സി ചാക്കോ നീക്കം നടത്തുന്നതെന്ന് ഇവർ ആരോപിക്കുന്നു. ഒരാഴ്ച്ചക്കുള്ളിൽ പാർട്ടിയിൽ വലിയൊരു സംഭവം ഉണ്ടാകുമെന്നും പിസി ചാക്കോയെ എൻസിപിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുമെന്നും ഇക്കൂട്ടർ പറയുന്നു
ന്യൂസ് ഡെസ്ക്