- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടിലെ ജനങ്ങൾക്ക് തീപിടിക്കുന്ന വിലയ്ക്ക് പെട്രോളും ഡീസലും; വിദേശത്തേക്ക് കയറ്റുമതി വെറും 34 രൂപക്ക് പെട്രോളും, 37 രൂപക്ക് ഡീസലും! പെട്രോൾ വില 100 രൂപയിലേക്ക് കുതിക്കുമ്പോൾ എന്തുകൊണ്ട് ഈ ശ്മശാന മൂകത? പി.സി.സിറിയക് ഐഎഎസ് എഴുതുന്നു
പെട്രോൾ വില 100 രൂപയിലേയ്ക്കോ?
കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും പെട്രോളിന്റെ വില സർവകാല റിക്കാർഡുകൾ ഭേദിച്ചുകൊണ്ട് ലിറ്ററിന് 90 രൂപയും കടന്ന് സെഞ്ച്വറി അടിച്ച് 100 തികച്ച് അതും ഒരു ആഘോഷമാക്കാനോ മോദി സർക്കാരിന്റെ പുറപ്പാട്?
കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഇക്കഴിഞ്ഞ ദിവസം കൊച്ചിയിൽ പ്രസ്താവിച്ചു, ഇവിടെ വില കൂടിയത് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കൂടിയതുകൊണ്ടാണെന്ന്. ആവശ്യമുള്ള ക്രൂഡോയിലിന്റെ 800 ശതമാനവും ഇറക്കുമതി ചെയ്യേണ്ട നമുക്ക് മറ്റെന്ത് ചെയ്യാൻ കഴിയുമെന്നാണ് അദ്ദേഹം ചോദിച്ചത്. മന്ത്രി പറഞ്ഞത് നേരാണോ?
ഇപ്പോൾ നാം ഇറക്കുമതി ചെയ്യുന്ന ക്രൂഡിന്റെ വില 52 ഡോളർ മാത്രം. ഡോ. മന്മോഹൻ സിങ്ങിന്റെ കോൺഗ്രസ് ഭരണകാലത്ത് 152 ഡോളറായിരുന്നുവില. അന്ന് ഇവിടെ പെട്രോൾ വില 70 രൂപ. അപ്പോൾ മന്ത്രി പറയുന്നത് നുണയോ? കോവിഡ് 19 കൊടുമ്പിരികൊണ്ടിരിക്കുന്ന കാലത്ത് ക്രൂഡിന്റെ വില 40 ഡോളർ തലത്തിലേയ്ക്ക് താഴ്ന്നിരുന്നു. അവിടെ നിന്നും ഉയർന്ന് അത് 50 ഡോളറിലെത്തിയതാണ്. പെട്രോളിന്റെ വിലക്കയറ്റത്തിന് യഥാർത്ഥ കാരണം, കേന്ദ്ര സർക്കാർ പെട്രോൾ/ഡീസലിന്മേലുള്ള എക്സൈസ് തീരുവ ഉയർത്തിയത് മാത്രമാണ്.
ഇന്നത്തെ ക്രൂഡ് ഓയിലിന്റെ വിലയ്ക്ക് ക്രൂഡ് വാങ്ങി നമ്മുടെ റിഫൈനറികൾ അത് ശുദ്ധീകരിച്ച് പെട്രോൾ ഉല്പാദിപ്പിക്കാനുള്ള ചെലവ് 35-36 രൂപ മാത്രമേ വരൂ. ഡീസലിന് ഇത് രണ്ടോ മൂന്നോ രൂപ കൂടി ആയേക്കാം. ഇതിന്മേൽ വൻ തോതിൽ എക്സൈസ് തീരുവ ചുമത്തുന്നതുകൊണ്ടാണ് വില ഉയരുന്നത്. ഈ ഉയർന്ന വിലയിന്മേൽ സംസ്ഥാന സർക്കാരുകൾ അവരുടെ മൂല്യവർദ്ധിത നികുതി (VAT - വാല്യൂ ആഡഡ് ടാക്സ്) ചുമത്തുന്നു. ഇന്ന് നാം 90 രൂപക്ക് പെട്രോൾ വാങ്ങുമ്പോൾ അതിൽ 60 രൂപയും നികുതിയാണ്. അതിന്റെ നാലിലൊരു ഭാഗം സംസ്ഥാന സർക്കാരുകളുടെ നികുതിയും.
വിലക്കയറ്റത്തിന് കാരണം, നികുതി ഉയർത്തിയത് മാത്രമാണ്. അപ്പോൾ കേന്ദ്രമന്ത്രി പറയേണ്ട ന്യായം എന്തെന്നോ? കോവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിലെ വ്യവസായ, ബിസിനസ്, തൊഴിൽ, സേവന മേഖലകളാകെ തകർന്നു. അതൊടെ സർക്കാരിന്റെ നികുതി വരുമാനവും ഇടിഞ്ഞു. നഷ്ടം നികത്താൻ വഴി തേടേണ്ടേ? നികുതി വരുമാനത്തിലുണ്ടായ കുറവ് വീണ്ടെടുക്കാൻ കേന്ദ്രം കണ്ട എളുപ്പവഴിയാണ് പെട്രോളിയം മേഖലയെ കൂടുതൽ നികുതിക്ക് വിധേയമാക്കുന്നത്. പ്രതിദിനം മുപ്പതും, നാല്പതും പൈസ കണ്ട് നികുതി ഉയർത്തുന്നു. ചെറിയ ഡോസിൽ ഉള്ളിൽ ചെല്ലുന്നത് വിഷമാണെങ്കിലും, അതിന്റെ ഫലം ജനത്തിന് കാണാനും, അറിയാനും, വേദനിക്കാനും ഉടനേ ഇടയാകില്ലല്ലോ. ( ഈ ഡെയ്ലി ഡോസ് പ്രയോഗം തുടങ്ങിയത് പക്ഷെ, യുപിഎ സർക്കാരായിരുന്നു).
കോവിഡിന്റെ തുടക്കത്തിൽ ലോകത്തിലേറ്റവും കർക്കശമായ ലോക്ക് ഡൗൺ അനുഭവിക്കേണ്ടി വന്നത് പാവം ഇന്ത്യക്കാരായിരുന്നു. അതും വെറും നാല് മണിക്കൂറിന്റെ മുന്നറിയിപ്പോടെ. ലോക്ക് ഡൗൺ കഠിനമായതോടെയാണ് സമ്പദ് വ്യവസ്ഥ മുഴുവൻ നിശ്ചലമായതും എല്ലാ മേഖലകളും തകർച്ചയെ നേരിടേണ്ടി വന്നതും. അങ്ങനെ ജോലിയും കൂലിയും നഷ്ടപ്പെട്ട് ശിക്ഷയനുഭവിച്ചുകഴിയുന്ന ജനങ്ങളെ സർക്കാർ വീണ്ടും ശിക്ഷിക്കുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വില ഉയരുന്നതോടെ നിത്യോപയോഗ വസ്തുക്കൾ ഉൾപ്പെടെ സർവസാധനങ്ങളുടെയും വില ഉയരുകയാണ്.
കേന്ദ്ര സർക്കാരിന്റെ എക്സൈസ് നികുതി ഉയരുന്നതോടെ സംസ്ഥാന സർക്കാരുകളുടെ മൂല്യവർദ്ധിത നികുതി വരുമാനവും ഉയരുന്നു. അതുകൊണ്ടായിരിക്കാം സംസ്ഥാനങ്ങളിൽ ഭരണത്തിലുള്ള കക്ഷികളെല്ലാം, പെട്രോൾ വിലക്കയറ്റത്തിനെതിരെ ശക്തമായ എതിർപ്പ് പ്രകടപ്പിക്കാതെ, കിട്ടുന്ന തുക വാങ്ങിയെടുത്ത് മുൻപോട്ട് പോകാൻ ശ്രമിക്കുന്നത്.
കോൺഗ്രസിന്റെ ഭരണകാലത്ത് ക്രൂഡിന്റെ വില 150 ഡോളറിൽ എത്തുകയും ഇവിടെ പെട്രോൾ വില 70ന് മുകളിലേയ്ക്ക് കയറുകയും ചെയ്തപ്പോൾ ബിജെപി നടത്തിയ ശക്തമായ പ്രതിഷേധപ്രകടനങ്ങളും സമരങ്ങളും അവർ സൗകര്യപൂർവം മറക്കുകയാണ്. പക്ഷെ ജനം മറന്നിട്ടില്ല. നഗരവീഥികളിലൂടെ കാളവണ്ടിയോടിച്ചും, അന്നത്തെ ഡൽഹി മുഖ്യമന്ത്രിയുടെ വീട്ടിലേയ്ക്ക് ജാഥയായിച്ചെന്ന് ബൈക്കുകൾ ഓടിച്ചു കയറ്റിയതും ഓർക്കുന്നവരുണ്ട്.
ഇന്ന് ക്രൂഡിന്റെ വില അന്നത്തെ 150 ഡോളറിന്റെ മൂന്നിലൊരു ഭാഗം മാത്രമായി നിൽക്കുമ്പോളാണ് നാം 90 രൂപക്ക് പെട്രോൾ വാങ്ങേണ്ടി വരുന്നത് എന്ന് വിളിച്ചു പറയേണ്ട പ്രതിപക്ഷത്തിന്റെ ദുർബലമായ ശ്രമങ്ങൾ കണ്ട് ജനം മൂക്കത്ത് വിരൽ വയ്ക്കുന്നു. അന്നു ബിജെപിയുടെ സമരപരിപാടികൾക്ക് ആഘോഷ പൂർവമായ പ്രചരണം നൽകിയ മാധ്യമങ്ങൾക്കും ഇന്ന്, ഇത് ഒരു വലിയ വിഷയമല്ല. നമ്മുടെ നഗരങ്ങളിലും, ഗ്രാമാന്തരങ്ങളിലും പ്രതിഷേധക്കാരുടെ ബഹളവുമില്ല. ഈ കഠിനമായ വിലക്കയറ്റം ആരെയും വേദനിപ്പിക്കുന്നില്ലേ? എന്തുകൊണ്ട് ഈ ശ്മശാന മൂകത?
മാധ്യമങ്ങളോട് ചോദിച്ചു നോക്കൂ, അവർ പറയും പ്രതിപക്ഷം ഒന്നും ചെയ്യുന്നില്ല. ശക്തമായ പ്രതികരണവും, ഇടപെടലും അവരുടെ ഭാഗത്ത് കാണുന്നില്ല. വാർത്തകൾ സൃഷ്ടിക്കുന്ന പ്രകടനങ്ങളുമില്ല. അപ്പോൾ ഞങ്ങൾ എന്ത് റിപ്പോർട്ട് ചെയ്യാനാണ്?
പ്രതിപക്ഷത്തോട് ചോദിച്ചാൽ അവർ പറയും ഞങ്ങളുടെ പ്രതിഷേധം ശക്തമായി പ്രകടിപ്പിക്കുന്നുണ്ട്. പക്ഷെ, മാധ്യമങ്ങളൊന്നും സ്വതന്ത്രമായി പ്രവർത്തിക്കുന്നില്ല. അവരെല്ലാം സർക്കാരിന് ഒരു അനിഷ്ടവും വരാതെ സൂക്ഷിച്ചു പ്രവർത്തിക്കുന്ന സ്ഥിതിയിലായിക്കഴിഞ്ഞിരിക്കുന്നു. അവരെ വരുതിയിൽ നിറുത്തുവാനുള്ള തന്ത്രങ്ങൾ വിജയകരമായി ബിജെപി പയറ്റുന്നു.
ഏതായാലും കഷ്ടപ്പെടുന്നത് പാവങ്ങളെക്കാൾ മദ്ധ്യതരക്കാരാണ്. മിഡിൽ ക്ലാസ് എന്ന് വിവരിക്കപ്പെടുന്ന ഇക്കൂട്ടർക്ക് ഒരു ചെറിയ കാറോ, ടൂവീലറോ സ്വന്തമായി ഉണ്ടായിരിക്കും. പരിമിതമായ വരുമാനം കൊണ്ട് ബുദ്ധിമുട്ടി, രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ എക്കാലവും പാടുപെടുന്ന ഇവർക്ക് പെട്രോൾ വിലക്കയറ്റം കനത്ത പ്രഹരം തന്നെയാണ്. പക്ഷെ, ഉത്തരേന്ത്യയിൽ ഈ മദ്ധ്യവിഭാഗം ബഹുഭൂരിപക്ഷവും പ്രധാനമന്ത്രി നരന്ദ്രമോദിയുടെ ഭക്തരാണ്. അതുകൊണ്ട് അദ്ദേഹത്തിന് ഏത് കഠിന നടപടിയെടുക്കാനും ഭയമില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ അവരുടെ വോട്ട് നേടാനുള്ള വിഭാഗീയ വികാരം ഉണർത്തൽ എന്ന പഴയ ആയുധവും കൈവശമുണ്ടല്ലോ. അവരിൽ നിന്നും വലിയ പ്രതിഷേധ പ്രകടനമൊന്നും ഉണ്ടാകുമെന്ന് ബിജെപിക്ക് ഭയപ്പെടാനില്ല എന്നർത്ഥം.
കോൺഗ്രസ് പാർട്ടിയാണെങ്കിൽ അന്താരാഷ്ട്ര എണ്ണവില അവരുടെ ഭരണകാലത്ത് 150 ഡോളറിൽ എത്തിയപ്പോളത്തെ സ്ഥിതിയും അത് 50 ഡോളർ മാത്രമായി നിൽക്കുന്ന ഇന്നത്തെ സ്ഥിതിയും താരതമ്യം ചെയ്ത് ജനങ്ങൾക്ക് കാര്യം എളുപ്പം മനസിലാകുന്ന വിധത്തിൽ വിഷയം അവതരിപ്പിക്കാൻ ശ്രമിക്കുന്നില്ല. മാധ്യമങ്ങൾക്ക് പടംപിടിച്ച് കാണിക്കാൻ സഹായകരമായ നിറപ്പകിട്ടുള്ള കാളവണ്ടി ജാഥകളോ സൈക്കിൾ യാത്രകളോ സംഘടിപ്പിക്കുന്നുമില്ല.
ഈ തമാശ നിങ്ങൾ കേട്ടില്ലേ?
ഇതിനിടക്ക് മറ്റൊരു തമാശ, നമ്മുടെ എണ്ണ ശുദ്ധീകരണശാലകളിൽ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് സംസ്‌കരിച്ച് നാം ഉല്പാദിപ്പിക്കുന്ന പെട്രോൾ ഡീസൽ ഇവ നാം വിദേശ രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യുന്നു. എന്തു വിലയ്ക്ക്? വെറും 34 രൂപക്ക് പെട്രോളും, 37 രൂപക്ക് ഡീസലും!
തീപിടിക്കുന്ന വിലയായ 90 രൂപക്ക് ജനങ്ങൾക്ക് പെട്രോൾ നൽകുന്ന സർക്കാർ 15 വിദേശ രാജ്യങ്ങളിലേയ്ക്ക് പെട്രോൾ കയറ്റി അയയ്ക്കുന്നത് തുച്ഛമായ വിലയ്ക്ക്. വിവരാകാശ നിയമപ്രകാരം ഈയിടെ മാംഗ്ളൂർ റിഫൈനറീസ് പെട്രോക്കെമിക്കൽസ് എന്ന പൊതു മേഖലാ സ്ഥാപനത്തിൽനിന്നും ലഭിച്ച വിവരമാണിത്.
ഇന്ന് ലോകത്തിൽ ഏറ്റവുമധികം ക്രൂഡ് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതേ സമയം ഏറ്റവുമധികം പെട്രോളും, ഡീസലും മറ്റു റിഫൈനറി ഉല്പന്നങ്ങളും കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ ലിസ്റ്റിലും നാമുണ്ട് (ഈ ലിസ്റ്റിൽ നാം പത്താം സ്ഥാനത്ത്).
ഇന്ന് ഇന്ത്യക്ക് വിദേശനാണ്യത്തിന്റെ കാര്യത്തിൽ പഞ്ഞമില്ല. റിക്കാർഡ് തലത്തിലാണ്, നമ്മുടെ വിദേശ നാണ്യനീക്കിയിരുപ്പിന്റെ കണക്ക്. 540 ബില്യൺ ഡോളർ! ഒരു ബില്യൻ ഡോളർ 7500 കോടി രൂപ എന്ന കണക്കാക്കുക. ഈ സാഹചര്യത്തിൽ രൂപ 34 നും 37 നും മറ്റും എന്തിന് വേണ്ടിയാണ് നാം പെട്രോളും ഡീസലും കയറ്റുമതി ചെയ്യുന്നത്? ആ കയറ്റുമതി നിറുത്തി ആ ഉല്പന്നം കൂടി നമ്മുടെ ആഭ്യന്തര വിപണിയിൽ വില്പന നടത്തിയാൽ ജനങ്ങൾക്ക് പെട്രോളും, ഡീസലും പത്തോ പതിനഞ്ചോ രൂപ കണ്ട് വില കുറച്ച് ലഭ്യമാക്കാൻ കഴിയും. അതേസമയം സർക്കാരിന് പെട്രോളിയം മേഖലയിൽ നിന്നും ലഭിക്കുന്ന നികുതി വരുമാനം കുറയാതെ സൂക്ഷിക്കാൻ കഴിയും. മൂന്നാമതായി റിഫൈനറിയുടെ വരുമാനവും, ലാഭവും ഉയരുകയും ചെയ്യും. ഒരു വെടിക്ക് മൂന്ന് പക്ഷികൾ!
ഇതോടൊപ്പം സർക്കാരിന്റെ അനാവശ്യ ചെലവുകൾ കുറയ്ക്കുകയും അഴിമതി കർശനമായി നിയന്ത്രിക്കുകയും ചെയ്താൽ പെട്രോൾ വില വീണ്ടും കുറച്ചുകൊണ്ടുവരാൻ കഴിയും. ജനങ്ങളുടെ നടുവ് ഒടിക്കാതെ സർക്കാരിന് ആവശ്യമായ നികുതി വരുമാനം ലഭിക്കുകയും ചെയ്യും. പക്ഷെ, ദന്ത ഗോപുരത്തിൽ നിന്നിറങ്ങി കഷ്ടപ്പെടുന്ന ജനങ്ങളുടെ ദീനരോദനം കേൾക്കാൻ സർക്കാർ തയ്യാറാകണം. അതോ, ഞങ്ങൾ എന്ത് ചെയ്താലും തിരഞ്ഞെടുപ്പ് വരുമ്പോൾ അവരുടെ വോട്ട് നേടാനുള്ള വേറെ ആയുധം കൈയിലുണ്ട് എന്ന് കരുതി അഹങ്കാരപൂർവം മുന്നോട്ട് പോകുമോ?
(ലേഖകനായ പി.സി.സിറിയക് ഐഎഎസ് മുൻ തമിഴ്‌നാട് ചീഫ് സെക്രട്ടറിയും ആം ആദ്മി പാർട്ടി നേതാവുമാണ്. തമിഴ്‌നാട് കേഡറിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം മധുര ജില്ലാ കളക്ടറായും, തമിഴ്‌നാട് സർക്കാരിന്റെ ഗതാഗത വകുപ്പ്, വ്യവസായ വകുപ്പ്, തദ്ദേശ ഭരണ വകുപ്പ് എന്നിവയിൽ പ്രിൻസിപ്പൽ സെക്രട്ടറി, തമിഴ്‌നാട് സർക്കാരിന്റെ ചീഫ് സെക്രട്ടറി എ എ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ റബ്ബർ ബോർഡിന്റെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.)