തിരുവനന്തപുരം: വരുന്ന തിരഞ്ഞെടുപ്പിൽ പാലാ നിയോജകമണ്ഡലത്തിൽ മത്സരിക്കുെമന്ന് സൂചിപ്പിച്ച് പിസിജോർജ് എംഎൽഎ. മനോരമ ന്യാസ് 'കൗണ്ടർ പോയന്റി'ലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

'എനിക്കെന്താണ് പാലായിൽ മത്സരിച്ചാൽ. ആ കാര്യം ഗൗരവത്തോടെ ആലോചിക്കുന്നുണ്ട്. ഞാൻ കാണിച്ചുതരാം ആര് ജയിക്കുമെന്ന്. പാർട്ടി അഞ്ചിടത്ത് മത്സരിക്കും. ഷോൺ ജോർജ് പൂഞ്ഞാറിൽ വന്നേക്കാം. അതിൽ ഉറപ്പ് പറയാനാകില്ല. പാലായിൽ എന്ത് നടക്കണമെന്ന് ജനപക്ഷം സെക്കുലർ തീരുമാനിക്കും.

തീരുമാനമെടുക്കാൻ എട്ടിന് തിരുവനന്തപുരത്ത് നേതൃയോഗം ചേരും.' പി.സി.ജോർജ് പറഞ്ഞു. 'ഞാൻ യുഡിഎഫ് അനുഭാവിയാണ്. ഞാൻ യുഡിഎഫിൽ വന്നാൽ ഏഴ് മണ്ഡലങ്ങളിൽ യുഡിഎഫ് ജയിക്കും'- പി സി ജോർജ് അവകാശപ്പെട്ടു.

ജോസ് കെ മാണി എൽഡിഎഫിൽ എത്തിയതോടെ പാലാ സീറ്റിനെ ചൊല്ലി മുന്നണിയിൽ തർക്കം രൂക്ഷമാണ്. ഇതോടെ മാണി സി കാപ്പൻ പിടിച്ചെടുത്ത പാല സീറ്റ് കേരളാ കോൺഗ്രസിന് പോകമെന്ന് ഉറപ്പായിട്ടുണ്ട്. ഇതോടെ എൻസിപി പിളർത്തി മാണി സി കാപ്പനു കൂട്ടരും യുഡിഎഫിലേക്ക് വരുമെന്നാണ് അറിയുന്നത്. ഈ ചർച്ച പുരോഗമിക്കുന്നതിനിടെയാണ് പൂഞ്ഞാർ വിട്ട് പാലായിൽ മൽസരിക്കുമെന്ന് പി സി ജോർജ് പറഞ്ഞത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കെ എം മാണിക്കെതിരെ പാലായിൽ മൽസരിക്കുമെന്ന് പറഞ്ഞ ജോർജ് ഒടുവിൽ പൂഞ്ഞാറിലേക്ക് മാറുകയായിരുന്നു.