തിരുവനന്തപുരം: പിസി ജോർജ് എംഎൽഎയ്ക്ക് നിയമസഭയുടെ ശാസന. ഫ്രാങ്കോ കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീയെ അപമാനിച്ചതിനാണ് സഭ എംഎൽഎയെ ശാസിച്ചത്. പിസി ജോർജ് കന്യാസ്ത്രീയെ അപമാനിച്ചതായി നിയമസഭ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി വ്യക്തമാക്കി.

പീഡനക്കേസിലെ വാദിയായ കന്യാസ്ത്രീക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ പിസി ജോർജ് ശാസിക്കാൻ കമ്മിറ്റി ശുപാർശ നൽകിയിരുന്നു. വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനും ഫെമിനിസ്റ്റ് ലായേഴ്സ് നെറ്റ്‌വർക്ക് ഓഫ് കേരള എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശാസന.

പീഡനത്തിനിരയായ സ്ത്രീയുടെ ഭാഗത്താണ് തെറ്റെന്നു സ്ഥാപിക്കാനും ഉത്തരവാദിയായ പുരുഷന്റെ നിരപരാധിത്വം ഉറപ്പിക്കാനുമാണ് പിസി ജോർജ് ശ്രമിച്ചതെന്ന് കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാർ നൽകിയ തെളിവുകൾ പിസി ജോർജിനെതിരെയുള്ള ആരോപണങ്ങളെ സാധൂകരിക്കുന്നതാണ്.

മുൻ പ്രസ്താവനകളിൽ പിസി ജോർജ് ഉറച്ചു നിൽക്കുന്നതായി തെളിവെടുപ്പ് വേളയിൽ കമ്മിറ്റിക്കു ബോധ്യപ്പെട്ടു. ഇത്തരത്തിലുള്ള പ്രസ്താവനകൾ മാധ്യമങ്ങൾക്കു മുന്നിൽ നടത്തുന്നത് നിയമസഭാ സാമാജികനു ചേർന്നതല്ലെന്നും മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പാലിക്കേണ്ട മര്യാദകൾ പാലിച്ചില്ലെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.

അതേസമയം ശാസന സ്വീകരിക്കുന്നതായി പി സി ജോർജ് പറഞ്ഞു. എന്നാൽ സഭയിൽ നിന്ന് പുറത്താക്കപ്പെട്ട ആൾ എങ്ങനെ കന്യാസ്ത്രീയാകുമെന്നും ആ പ്രയോഗം സഭാനടപടികളിൽ നിന്ന് നീക്കം ചെയ്യണമന്നും പി സി ജോർജ് പറഞ്ഞു.