കൊച്ചി: പി സി ജോർജ്ജിനെ എംഎൽഎ സ്ഥാനത്തു നിന്നും അയോഗ്യനാക്കിയ സ്പീക്കർ എൻ ശക്തന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. ജോർജ്ജിന്റെ ഭാഗം കൂടി കേൾക്കണമെന്ന് കോടതി നിർദ്ദേശിച്ചു. അയോഗ്യനാക്കിയതിനെതിരെ ജോർജ് നൽകിയ ഹർജി പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ നടപടി. അയോഗ്യനാക്കും മുമ്പ ജോർജ് രാജിവച്ച കാര്യം സ്പീക്കർ പരിഗണിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സത്യം ജയിച്ചുവെന്ന് പി സി ജോർജ്ജ് വിധിയോട് പ്രതികരിച്ചു.

അയോഗ്യനാക്കിയ നടപടി സ്പീക്കർക്ക് നിയമാനുസൃതം പുനഃപരിശോധിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കൂറുമാറ്റ നിരോധന നിയമ പ്രകാരം ജോർജിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) നേതാവും സർക്കാർ ചീഫ് വിപ്പുമായ തോമസ് ഉണ്ണിയാടൻ സ്പീക്കർക്ക് കഴിഞ്ഞ ജൂലായ് 21 ന് നൽകിയ പരാതിയിന്മേലായിരുന്നു ജോർജിനെതിരെ നടപടിയെടുത്തത്. എന്നാൽ, അയോഗ്യനാക്കപ്പെട്ടതിന്റെ തലേദിവസം ജോർജ് രാജിവച്ചു. അയോഗ്യനാക്കിയതിനെതിരെ ജോർജ് നൽകിയ ഹർജി പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ജോർജിന്റെ വാദം കേൾക്കാതെയാണ് സ്പീക്കർ നടപടി എടുത്തത്. അയോഗ്യനാക്കുന്നതിന് മുന്പ് ജോർജ് രാജിവച്ച് കാര്യം സ്പീക്കർ കണക്കിലെടുത്തില്ല. ഇത് വീഴ്ചയാണെന്നും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം ജൂൺ മൂന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ ആയിരുന്നു ജോർജിന് അയോഗ്യത കൽപിച്ചത്. അതേസമയം, ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ മത്‌സരിക്കാൻ ഈ അയോഗ്യത തടസമായിരുന്നില്ല.