ഹൂസ്റ്റൺ: അപ്രതീക്ഷിതമായി ഹുങ്കാര താണ്ഡവമാടിയ ഹാർവി കൊടുങ്കാറ്റ് നാശം വിതച്ച ഹൂസ്റ്റണിലേയ്ക്ക് കേരള രാഷ്ട്രീയത്തിലെ ഒറ്റയാനായ പി.സി ജോർജ് എംഎ‍ൽഎ എത്തുന്നു. കൊടുങ്കാറ്റിൽ ദുരിതമനുഭവിച്ചവരുടെ ആശങ്കയിൽ പങ്കുചേരാനെത്തുന്ന പി.സി ജോർജിന് ഹൂസ്റ്റൺ മലയാളികൾ ഒരുക്കുന്ന പൗരസ്വീകരണം ഇന്ന് വൈകുന്നേരം ഏഴുമണിക്കാണ്. സ്റ്റാഫോർഡ് 605 ഡള്ളസ് അവന്യൂവിലെ ഓൾ സെയിന്റ്‌സ് എപ്പിസ്‌കോപ്പൽ പള്ളിയിലാണ് സ്വീകരണ പരിപാടികൾ. ചടങ്ങിൽ കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ് ബാബു, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് മധു കൊട്ടാരക്കര എന്നിവർ മുഖ്യാതിഥികളായിരിക്കും.

''യാത്രാ സൗകര്യം ഇല്ലാത്തതുകൊണ്ടുമാത്രമാണ് മുൻ നിശ്ചയിച്ച പ്രകാരം ഹൂസ്റ്റണിൽ എത്താൻ കഴിയാതിരുന്നതും അവിടുത്തെ ആറ് പരിപാടികൾ റദ്ദാക്കാനും കാരണം. എത്തിപ്പെടാൻ വല്ല മാർഗവും ഉണ്ടായിരുന്നെങ്കിൽ കൊടുങ്കാറ്റിനിടയിലൂടെ ഞാൻ ഹൂസ്റ്റണിലെത്തിയേനേ...'' കൊടുങ്കാറ്റിന്റെ ഭീകരാവസ്ഥയിൽ ന്യൂയോർക്കിലുണ്ടായിരുന്ന പി.സി ജോർജ് പറഞ്ഞിരുന്നു. ഹൂസ്റ്റണിലെ മുഖ്യധാരാ സമൂഹവും മലയാളികളും ഹാർവി കൊടുങ്കാറ്റിന്റെ ദുരിതമനുഭവിച്ചതിൽ പി.സി ജോർജ് ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു.

ഹാർവിയുടെ നരകയാതനയിൽ നിന്ന് ഹൂസ്റ്റൺ നഗരം പതിയെ മോചിമായിക്കൊണ്ടിരിക്കുന്നു. കൊടിയകാറ്റും പേമാരിയും തീർത്ത വൻ പ്രളയക്കെടുതിയിൽ മരണത്തെ മുഖാമുഖം കണ്ട മലയാളി സമൂഹത്തിന്റെ ഞെട്ടൽ ഒരു ദുസ്വപ്നം പോലെ വിട്ടകലുന്നുമില്ല. കൊടുങ്കാറ്റിനു ശേഷം ഹൂസ്റ്റൺ മലയാളികളോട് സംവദിക്കാനെത്തുന്ന പൂഞ്ഞാറിന്റെ ഈ ജനപ്രതിനിധിക്ക് ഒരുക്കുന്ന സ്വീകരണത്തിൽ ഏവരും പങ്കെടുക്കണമെന്ന് സംഘാടകർ താത്പര്യപ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്ക്:
ഡോ. സാം ജോസഫ്-832 441 5085, തോമസ് ചെറുകര-832 641 3512, ഫിലിപ്പ് കൊച്ചുമ്മൻ-713 204 4125, സെബാസ്റ്റ്യൻ പാല-919 482 0766