ബജറ്റ് കലാപത്തിൽ പ്രതിപക്ഷ എംഎൽഎമാരെ പ്രതികളാക്കി പൊലീസ് കേസെടുത്തു; തുടർനടപടി വേണ്ടെന്ന് സ്പീക്കറുടെ നിർദ്ദേശം; മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോരകുടിക്കുന്ന കുറുക്കനാണ് ഗവർണറെന്ന് വിമർശിച്ച് പി സി ജോർജ്ജ്
തിരുവനന്തപുരം: ഇന്നലെ ബജറ്റ് അവതരണത്തിനിടെ നിയമസഭയിൽ ഉണ്ടായ അക്രമസംഭവങ്ങളിൽ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ പൊലീസ് കേസെടുത്തു. നിയമസഭാ സെക്രട്ടറി പി.ഡി.ശാരംഗധരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മ്യൂസിയം പൊലീസാണ് കേസെടുത്തത്. പൊതുമുതൽ നശിപ്പിക്കൽ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആരെയും പേരെടുത്ത് പ്രതിചേർത്തിട്ടില്ലെങ്കിലും പ്രതിപ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ഇന്നലെ ബജറ്റ് അവതരണത്തിനിടെ നിയമസഭയിൽ ഉണ്ടായ അക്രമസംഭവങ്ങളിൽ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ പൊലീസ് കേസെടുത്തു. നിയമസഭാ സെക്രട്ടറി പി.ഡി.ശാരംഗധരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മ്യൂസിയം പൊലീസാണ് കേസെടുത്തത്. പൊതുമുതൽ നശിപ്പിക്കൽ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആരെയും പേരെടുത്ത് പ്രതിചേർത്തിട്ടില്ലെങ്കിലും പ്രതിപക്ഷ എംഎൽഎമാർ പ്രതികൾ എന്ന വിധത്തിലാണ് കേസെടുത്തിരിക്കുന്നത്. എത്ര എംഎൽഎമാർ ഉണ്ടെന്നോ ആരൊക്കെയാണ് ഇതെന്നോ കേസിൽ വ്യക്തമാക്കുന്നില്ല.
അഞ്ചു ലക്ഷം രൂപയുടെ നാശനഷ്ടമാണ് നിയമസഭയിൽ ഉണ്ടായത് എന്നും നിയമസഭാ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. അക്രമത്തിൽ സ്പീക്കറുടെ ഡയസിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായത്. കംപ്യൂട്ടർ, കേസര, മേശ, സ്പീക്കർ ഉപയോഗിക്കുന്ന ഫോൺ, മൈക്ക് എന്നിവയാണ് അക്രമത്തിൽ തകർന്നത്. ഇവ ഇനി നന്നാക്കിയ ശേഷം ഉപയോഗിക്കാൻ പറ്റാത്ത വിധം കേടുവരുത്തിയിട്ടുണ്ട്. അതിനാൽ തന്നെ പുതിയത് വാങ്ങിയാലേ പരിഹാരം കാണാൻ സാധിക്കൂ. ഗവർണർകൂടി വിഷയത്തിൽ ഇടപെട്ടതോടെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അതേസമയം കേസെടുത്തെങ്കിലും തുടർനടപടികൾ ഉണ്ടാകാൻ സാധ്യതയില്ല. നിയമസഭയ്ക്ക് അകത്തു നടന്ന സംഭവമായതിൽ തുടർ നടപടി വേണ്ടെന്ന് സ്പീക്കർ എൻ ശക്തൻ നിർദേശിച്ചിട്ടുണ്ട്.
നേരത്തെ സഭയ്ക്ക് പുറത്തുണ്ടായ അക്രമ പ്രവർത്തനങ്ങളുടെ പേരിലും കേസ് വരും. കണ്ടാലറിയാവുന്ന മൂവായിരത്തോളം പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്തും. നിയമസഭാ ഉപരോധവുമായി ബന്ധപ്പെട്ട് പൊലീസിന് മാത്രം 25 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. വാഹനം കത്തിക്കുന്നത് അടക്കമുള്ള സംഭവങ്ങളുണ്ടായി. ഈ സാഹചര്യത്തിലാണ് പൊലീസ് സ്വമേധയാ കേസ് എടുത്തത്.
അതിനിടെ എംഎൽഎമാർക്കെതിരെ നടപടിയെടുക്കാൻ നിർദേശിച്ച ഗവർണ്ണറെ വിമർശിച്ച സക്കാർ ചീഫ് വിപ്പ് പി സി ജോർജ്ജ് രംഗത്തെത്തി. കേരളത്തിന് ഗവർണ്ണറുടെ ആവശ്യമില്ലെന്ന് പി സി ജോർജ്ജ്. മുട്ടനാടുകൾ തമ്മിലടിക്കുമ്പോൾ ചോരകുടിക്കുന്ന കുറുക്കന്റെ മനസാണ് ഗവർണർക്കെന്നും പി സി ജോർജ്ജ് ആരോപിച്ചു. ഗവർണ്ണറുടെ നിലപാട് ശരിയായില്ലെന്നും പി സി ജോർജ്ജ്. നിയമസഭയിൽ മോശമായി പെരുമാറിയ എംഎൽഎമാർക്കെതിരെ നടപടി വേണമെന്ന് ഗവർണർ പി.സദാശിവം പറഞ്ഞിരുന്നു. 356ആം വകുപ്പനുസരിച്ച് പോലും റിപ്പോർട്ട് നൽകാവുന്ന സംഭവങ്ങളാണ് സഭയിലുണ്ടായതെന്ന് ഗവർണർ പറഞ്ഞിരുന്നു.