ബാലറ്റിലൂടെ മറുപടി എന്ന കേരള മുസ്ലിം ജമാ അത്ത് കൗൺസിലിന്റെ പ്രസ്താവനക്കെതിരെ പി സി ജോർജ്ജ്. രാമക്ഷേത്രം പണിയുന്നതിലേക്ക് സംഭാവന നല്കിയപ്പോഴും ഇത്തരത്തിലുള്ള പ്രതികരണം ഉണ്ടാക്കുവാൻ ഈ വർഗീയവാദികൾക്ക് കഴിയുന്നു എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നതാണെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. ജന്മനാടായ ഈരാറ്റുപേട്ടക്ക് അപമാനമാണെന്ന് കരുതിയാണ് ഇതുവരെ മൗനം പാലിച്ചതെന്നും അദ്ദേഹം പറയുന്നു. നാടിനെ കാർന്ന് തിന്നുന്ന ഇത്തരം വർഗീയ വിഷങ്ങളെ ജനം തിരിച്ചറിയട്ടെ എന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

പി സി ജോർജ്ജിന്റെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ..

പൂഞ്ഞാർ എന്നത് ഇന്ത്യൻ പരമാധികാരത്തിന്ന് കീഴിലുള്ള പ്രദേശമാണ്.

ഇത്തരം പ്രചാരണങ്ങൾ നടത്തി എന്നെ അങ്ങ് ഇല്ലാതാക്കാമെന്ന് കുറേ വർഗീയവാദികൾ തീരുമാനിച്ചാൽ ഞാൻ അങ്ങ് മിണ്ടാതിരിക്കുമെന്ന് കരുതിയാൽ തെറ്റി. എന്റെ ജന്മനാടായ ഈരാറ്റുപേട്ടക്ക് അപമാനമാണെന്ന് കരുതിയാണ് ഇതുവരെ മൗനം പാലിച്ചത്. ഞാൻ മൗനംപാലിക്കുന്നത് അവസരമായി കണ്ടാൽ പറയാതെ വയ്യ.

കഴിഞ്ഞ പാർലിമെൻറ് തിരഞ്ഞെടുപ്പിൽ പാർട്ടി തീരുമാന പ്രകാരം യു.ഡി.എഫിന് പിന്തുണ അറിയിച്ച് കത്ത് നൽകിയിരുന്നു. അഴിമതിക്കാരായ ചിലനേതാക്കളുടെ സമ്മർദ്ദത്തിൽ മറുപടിപോലും നൽകിയില്ല.

തുടർന്ന് ശബരിമലയിൽ ആചാര സംരക്ഷണപോരാട്ടത്തിൽ എന്നോടൊപ്പം അയ്യപ്പ വിശ്വാസികൾക്കായി നിലകൊണ്ട കെ സുരേന്ദ്രൻ എന്റെ വീട്ടിലെത്തി വോട്ട് അഭ്യർത്ഥിച്ചപ്പോൾ സുരേന്ദ്രന് ഞാൻ പിന്തുണ അറിയിക്കുകയും ചെയ്തു. അതിന്റെ പേരിൽ എന്നെ വർഗീയവാദിയായി ചിത്രീകരിക്കാൻ ഈരാറ്റുപേട്ടയിൽ എന്നെ എന്നും എതിർത്ത് പോന്നിരുന്ന 20 ശതമാനത്തിൽ താഴെ മാത്രം വരുന്ന പ്രതിലോമശക്തികളുടെ നേതൃത്വത്തിൽ എനിക്കെതിരെ ഈരാറ്റുപേട്ടയിലെ മഹല്ലുകൾ "ഫത്വ" പുറപ്പെടുവിച്ചു.

എന്നാൽ ഇത്തരം ഹീനവും, പ്രകൃതവുമായ നടപടിക്കെതിരെ ഈരാറ്റുപേട്ടയിലെതന്നെ സാമൂഹ്യ ബോധവും മത സൗഹാർദ്ദം കാത്തുസൂക്ഷിക്കണമെന്നാഗ്രഹമുള്ള ഖത്തീബുമാർ അവരുടെ പള്ളികളിൽ എനിക്കെതിരെയുള്ള ഈ നീച നീക്കത്തിന് തടയിട്ടു. എന്നാൽ ഭൂരിഭാഗം വരുന്ന പള്ളികളിലും വർഗീയവാദികൾ അവരുടെ അജണ്ട നടപ്പാക്കി.

ഞാൻ രാമക്ഷേത്രം പണിയുന്നതിലേക്ക് സംഭാവന നല്കിയപ്പോഴും ഇത്തരത്തിലുള്ള പ്രതികരണം ഉണ്ടാക്കുവാൻ ഈ വർഗീയവാദികൾക്ക് കഴിയുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നതാണ്.
എന്റെ നാടിനെ കാർന്ന് തിന്നുന്ന ഇത്തരം വർഗീയ വിഷങ്ങളെ ജനം തിരിച്ചറിയട്ടെ.

ഇതിന് കൊടിപിടിക്കുന്ന ഈ വർത്തക്കുള്ള മറുപടി പൂഞ്ഞാർ ജനം നിങ്ങൾക്ക് നൽകും.

പി.സി. ജോർജ്