തിരുവനന്തപുരം: പി സി ജോർജ് അങ്ങനെയാണ്. വായിൽ വരുന്നത് വിളിച്ചുപറയും. ചിലതൊക്കെ അതിരുകടക്കുന്നു എന്ന പലരും വിമർശനം ഉന്നയിച്ചാലും ജോർജ്ജ് അത് കൂസാക്കില്ല. ഈ തെരഞ്ഞെടുപ്പിൽ ജയിച്ച് കഴിഞ്ഞാൽ മര്യാദക്കാരനായി നാട്ടുകാരുടെ കാര്യം മാത്രം നോക്കി കഴിയാമെന്നാണ് ജോർജ്ജ് അടുപ്പക്കാരോട് പറഞ്ഞിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് ദിവസം തന്നെ ജോർജ്ജിന്റെ ഒരു പ്രതികരണം ആ ആഗ്രഹത്തിന് അടുക്കുന്നതല്ല. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഒരു ചാനൽ ലേഖകൻ നടത്തിയ ചോദ്യം ചെയ്യലിൽ ജോർജ്ജ് നൽകിയ സ്വഭാവിക മറുപടിയാണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്.

പൊതുവേ തനിനാടനായ പി സി ജോർജ്ജിന്റെ ഈ നാടൻ സ്വഭാവം തന്നെയാണ് അദ്ദേഹത്തെ നാട്ടുകാരുടെ പ്രിയപ്പെട്ട പിസി ആക്കിയത്. കഴിഞ്ഞ ദിവസം പൂഞ്ഞാറിൽ നിന്നും ഉജ്ജ്വല വിജയം നേടിയ പി സി ജോർജ്ജ് മാദ്ധ്യമങ്ങളുടെയെല്ലാം താരമായിരുന്നു. 27,821 വോട്ടിന്റെ ലീഡോടെയാണ് ജോർജ്ജിന്റെ വിജയം. പി സി ജോർജ്ജിന്റെ വിജയം വന്ന ഉടനെ തന്നെ വിവിധ ചാനലുകളിൽ നിന്നും ജോർജ്ജിനെ തിരക്കി ഫോൺവിളികളെത്തി. ഒരു മുന്നണിക്കൊപ്പവും ചേരാതെ സ്വതന്ത്രനായി നിന്ന് മത്സരിച്ച ജോർജ്ജിന്റെ ഭാവിയിലെ നിലപാടുകൾ എന്താകുമെന്ന ആകാംക്ഷയിൽ റിപ്പോർട്ടർ ചാനലിലെ അവതാരകൻ ചോദ്യം ഉന്നയിച്ചു.

പി സി എന്ന് വിളിച്ചുകൊണ്ടായിരുന്നു ചോദ്യം. പി സി നിങ്ങൾ നിയമസഭയിൽ പോയി എന്തു ചെയ്യുമെന്നായിരുന്നു അവതാരകനായ അഭിലാഷ് ചോദിച്ചത്. തുടർച്ചയായി പൂഞ്ഞാറിൽ നിന്നും വിജയിച്ചു വരുന്ന പി സി ജോർജ്ജിന് ഈ ചോദ്യം അത്രയ്ക്കങ്ങ് പിടിച്ചില്ല. തന്റെ സ്വതസിദ്ധമായ ശൈലിയിൽ അദ്ദേഹം മറുപടി നൽകുകയായിരുന്നു. നിയമസഭയിൽ പോയി വായും പൊളിച്ചിരിക്കും എന്നതായിരുന്നു ജോർജ്ജിന്റെ മറുപടി.. അതുകേട്ട് അവതാരകനും ശരിക്കും ചിരിച്ചുപോയി..

ലീഡ് ഉയരുന്ന സമയത്തായിരുന്നു ജോർജ്ജിനോട് ഈ ചോദ്യം. എൽഡിഎഫിനെ പിന്തുണയ്ക്കുമോ എന്നായിരുന്നു ചാനൽ അവതാരകന്റെ ചോദ്യം. എന്നാൽ വായും പൊളിച്ചിരിക്കും അത് നാണം കെട്ട ചോദ്യം എന്നുമായി പിസി പറഞ്ഞത്. എന്തായാലും പിസിയുടെ സ്വതസിദ്ധമായ ശൈലിയിലുള്ള മറുപടി സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി. വാട്‌സ് ആപ്പ് വഴിയും ഫേസ്‌ബുക്ക് വഴിയും അതിവേഗമാണ് ജോർജ്ജിന്റെ മറുപടി പ്രചരിക്കുന്നത്.