- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തനിക്കെതിരെ ഉണ്ടായ മുഴുവൻ എതിർപ്പുകളും മാറി; ഉമ്മൻ ചാണ്ടി അടക്കം എല്ലാവരും അനുകൂലം; മുസ്ലിം ലീഗിനും താൻ വരുന്നതിനോട് വലിയ തോതിൽ അനുകൂല നിലപാട്; ആന്റോ ആന്റണിയുമായും തനിക്കു പ്രശ്നമില്ല; ഈരാറ്റുപേട്ടയിലെ മുസ്ലം സമൂഹത്തോടും മാപ്പ്; യുഡിഎഫിലെത്താൻ അപരാധങ്ങളെല്ലാം ഏറ്റുപറഞ്ഞ് പി സി ജോർജ്ജ്
കോട്ടയം: പി സി ജോർജ്ജ് യുഡിഎഫിലേക്ക് പോകാൻ സർവ്വ സജ്ജമായി രംഗത്തിറങ്ങി. യുഡിഎഫ് നേതാക്കളുമായി ചർച്ചകൾ നടത്തുന്ന ജോർജ്ജ് ഇപ്പോൾ ഏതുവിധേനയും മുന്നണിയിൽ കയറിപ്പറ്റാനുള്ള പരിശ്രമത്തിലാണ്. അതിനായി എല്ലാവരോടും മാപ്പു പറഞ്ഞു കൊണ്ടുമാണ് ജോർജ്ജ് എത്തിയിരിക്കുന്നത്. നാളെ യുഡിഎഫ് യോഗം തിരുവനന്തപുരത്ത് ചേരാനിരിക്കവേ ജോർജ്ജ് ഏറെ പ്രതീക്ഷയിലാണ്. ഈ യോഗത്തിൽ പിസി ജോർജിനെ മുന്നണിയിലെടുക്കണോയെന്ന കാര്യത്തിൽ അന്തിമമായ തീരുമാനം കൈക്കൊള്ളും. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിൽ എത്താൻ പിസി ജോർജ് ശ്രമം നടത്തിയിരുന്നു.
താൻ യുഡിഎഫുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് പി സി ജോർജ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ നീക്കം യുഡിഎഫ് നേതൃത്വം തള്ളിക്കളയുകയായിരുന്നു. കോൺഗ്രസിലെ ഒരു വിഭാഗം ഉയർത്തുന്ന എതിർപ്പാണ് പി സി ജോർജിന്റെ മുന്നണി പ്രവേശനത്തിന് വിലങ്ങുതടി ആയത്. ഇപ്പോൾ എല്ലാവരും തനിക്ക് അനുകൂലമാണെന്നാണ് പി സി ജോർജ്ജ് പറയുന്നത്. നാളത്തെ യുഡിഎഫ് യോഗത്തിന് മുന്നോടിയായി വാർത്താസമ്മേളനവും ജോർജ്ജ് നടത്തി.
തനിക്കെതിരെ ഉണ്ടായ മുഴുവൻ എതിർപ്പുകളും മാറിയതായി കോട്ടയത്തു നടത്തിയ വാർത്താസമ്മേളനത്തിൽ പിസി ജോർജ് വ്യക്തമാക്കി. കഴിഞ്ഞ നാലു വർഷമായി ഉമ്മൻ ചാണ്ടിയുമായി ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. ഒരു നേതാവും തന്റെ മുന്നണി പ്രവേശനത്തെ എതിർക്കുന്നില്ല എന്നും പിസി ജോർജ് പറഞ്ഞു. ചില പ്രാദേശികമായ എതിർപ്പുകൾ ഉണ്ട്. എന്നാൽ താൻ അതിന് വലിയ വില കൽപ്പിക്കുന്നില്ല എന്നും ജോർജ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള കക്ഷികൾ താൻ വരുന്നതിനോട് വലിയ തോതിൽ അനുകൂല നിലപാടാണ് പ്രകടിപ്പിക്കുന്നത് എന്നും ജോർജ് പറയുന്നു. ആന്റോ ആന്റണി എംപിയുമായും തനിക്ക് പ്രശ്നമില്ല എന്നും പിസി ജോർജ് വ്യക്തമാക്കി.
ശബരിമല പ്രക്ഷോഭത്തിൽ പങ്കെടുത്ത് നേതാവ് എന്ന നിലയിലാണ് കെ സുരേന്ദ്രന് അനുകൂലമായ നിലപാട് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ താൻ എടുത്തത് എന്നും ജോർജ് പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ ഉണ്ടായ വലിയ തിരിച്ചടിയാണ് ജോർജിനെ മുന്നണിയിൽ എടുക്കുന്ന കാര്യത്തിൽ യുഡിഎഫിനുള്ളിൽ നിന്ന് അനുകൂല ചർച്ചകൾ ഉണ്ടായത്. താൻ ഒപ്പം ഉണ്ടായിരുന്നു എങ്കിൽ നാല് ജില്ലാ പഞ്ചായത്ത് സീറ്റുകളിൽ യുഡിഎഫ് പരാജയപ്പെടില്ലായിരുന്നു എന്നും പിസി ജോർജ് ചൂണ്ടിക്കാട്ടുന്നു. മുണ്ടക്കയം, എരുമേലി, ഭരണങ്ങാനം കുറവിലങ്ങാട് സീറ്റുകളാണ് ജോർജ് ചൂണ്ടിക്കാട്ടുന്നത്. ഈ നാല് സീറ്റുകൾ ലഭിച്ചിരുന്നുവെങ്കിൽ ജില്ലാ പഞ്ചായത്തിൽ ഭരണം ഉറപ്പായിരുന്നു എന്നും ജോർജ് പറയുന്നു.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്താണ് പിസി ജോർജ് ഈരാറ്റുപേട്ടയിലെ മുസ്ലിം വിഭാഗങ്ങൾക്കെതിരെ നടത്തിയ ഫോൺ സംഭാഷണം വിവാദമായിരുന്നു. മുസ്ലിം വിഭാഗങ്ങളിലുള്ളവർ തീവ്രവാദികളായി മാറുന്നു എന്നായിരുന്നു പ്രസ്താവന. അന്ന് ബിജെപിയുമായി ചേർന്ന് നിന്ന സമയത്തായിരുന്നു ജോർജ് ഫോണിൽ കൂടി ഇങ്ങനെ സംസാരിച്ചത്. ഈ സംഭാഷണത്തിൽ മാപ്പ് പറഞ്ഞാണ് പിസി ജോർജ് ഇന്ന് വാർത്താ സമ്മേളനത്തിൽ സംസാരിച്ചത്.
ഈരാറ്റുപേട്ടയിലെ മുസ്ലിം ജനങ്ങളുമായുള്ള പ്രശ്നം 'പൊരുത്തപ്പെട്ടതാണ്'. മുസ്ലിങ്ങൾ പൊരുത്തപ്പെട്ടാൽ പിന്നീട് പ്രശ്നമില്ല. ആ വിഭാഗത്തിൽ നിന്നുള്ളവർ മാപ്പ് അംഗീകരിച്ചതായി ചൂണ്ടിക്കാട്ടിയാണ് ജോർജ് മാധ്യമങ്ങൾക്ക് മുന്നിൽ ഇരുന്നത്. പൂഞ്ഞാറിൽ നിന്ന് വീണ്ടും ജനവിധി തേടാൻ ഇരിക്കുകയാണ് മുസ്ലിം ജനസമൂഹത്തെ അനു നയിപ്പിക്കാൻ ജോർജ് നീക്കം നടത്തുന്നത്.
ജോസ് കെ. മാണി എംപി സ്ഥാനം രാജിവച്ചത് സ്വന്തം സ്ഥാനം ഉറപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്നും ജോർജ്ജ് വിമർശിച്ചു. ധാർമികതയെന്നു പറയാൻ ജോസ് കെ. മാണിക്ക് അർഹതയില്ല. ഉമ്മൻ ചാണ്ടി യുഡിഎഫിന്റെ മുൻനിരയിലേക്ക് വരണമെന്നും സർക്കാരിനെതിരെ സമരം നയിക്കണമെന്നും ജോർജ് അഭിപ്രായപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ