തിരുവനന്തപുരം: വരുന്ന തിരഞ്ഞെടുപ്പിൽ അധികാരം കയ്യിൽ കിട്ടിയാൽ ശബരിമലയിലേക്ക് പോകുന്ന അയ്യപ്പ ഭക്തർക്ക് യാത്ര സൗജന്യമാക്കി കൊടുക്കുമെന്ന് പി.സി ജോർജ്ജ് എംഎ‍ൽഎ. പമ്പയിലേക്ക് തുരുതുരാ സർവ്വീസുകൾ അനുവദിച്ച് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുമെന്നും അദ്ദേഹം മറുനാടൻ മലയാളിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. കൂടാതെ എല്ലാ മത വിഭാഗങ്ങളുടെയും ആരാധനാലയങ്ങൾക്കെല്ലാം സംരക്ഷണം നൽകുമെന്നും മതേതരത്വം എന്നത് മതമില്ലാ എന്നല്ല, എല്ലാ മതങ്ങളേയും സംരക്ഷിക്കണം എന്നും പിസി പറഞ്ഞു.. പിണറായിയുടെ മതേതരത്വം എല്ലാ മതങ്ങളേയും അടിച്ചൊതുക്കുക എന്നതാണെന്നും എന്റെ മതേതരത്വം എല്ലാ മത വിശ്വാസികളെയും സംരക്ഷിക്കുക എന്നുമാണ് എന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയിലേക്ക് പോകുന്നു എന്ന തരത്തിലുള്ള വാർത്തയെപറ്റി പിസി പറഞ്ഞത് ഇങ്ങനെ. വിശ്വാസികളെ തച്ചുടക്കാൻ തീരുമാനിച്ചിറങ്ങിയ പിണറായിയോട് യോജിച്ച് പോകാൻ സാധ്യമല്ല. നിരപരാധിയായ ഫ്രാങ്കോ പിതാവിനെ അറസ്റ്റ് ചെയ്ത പിണറായിയോടും ആ പാർട്ടിയോടും ഉള്ള ബന്ധം വേണ്ട എന്ന് തീരുമാനിച്ചു. പിന്നെയുള്ളത് യുഡിഎഫും എൻഡിഎയുമാണ്. യുഡിഎഫിനെ സംബന്ധിച്ച് മുഴുവനും അവർക്ക് കിട്ടി അതു കൊണ്ട് പിസി ജോർജ്ജിനെ അവർ വേണ്ടെന്ന് വച്ചു. പക്ഷേ ഞാൻ യുഡിഎഫിനെ ഉപോക്ഷിക്കാൻ ആഗ്രഹിക്കുന്നില്ല. യുഡിഎഫ് ആണോ എൻഡിഎ ആണോ എന്ന് എനിക്ക് ഇപ്പോൾ പറയാൻ കഴിയില്ല. അത് കാലം തെളിയിക്കും. എന്നാൽ ഇപ്പോൾ കുറേപ്പേർ പറഞ്ഞു പരത്തുന്നുണ്ട്

പൂഞ്ഞാർ പഞ്ചായത്തിൽ ബിജെപിയുടെ പിൻതുണ സ്വീകരിച്ചു എന്ന്. പിൻതുണ സ്വീകരിച്ചാൽ എന്താണ് കുഴപ്പം..? എന്റെ ഒരു ദൃഢ നിശ്ചയമാണ് ബിജെപിയോടുള്ള തൊട്ടുകൂടായ്മ ഞാൻ മാറ്റും എന്നത്. ഇന്ത്യ ഭരിക്കുന്ന പ്രധാനമന്ത്രിയുടെ പാർട്ടിയല്ലെ ബിജെപി. പിന്നന്തിനാണ് അവരോട് ഇത്ര പതിത്വം. അവരെന്ത് ചെയ്തു. കമ്യൂണിസ്റ്റ് പാർട്ടിയേക്കാളും മതേതരത്വമുള്ളത് ബിജെപിയിലാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി വർഗ്ഗീയ പാർട്ടിയല്ലേ..? ഈ ഗവൺമെന്റിൽ ആകെയുണ്ടായിരുന്ന ഒരു ക്രിസ്ത്യാനിയായ മന്ത്രി മാത്യൂ ടി തോമസിനെ അടിച്ചിറക്കി പുറത്തു വിട്ടില്ലേ പിണറായി. പകരം അവിടെ ഹിന്ദുവിനെ നിയമിച്ചില്ലേ. സ്വാഭാവികമായി ദൈവ വിശ്വാസത്തെ തോൽപ്പിക്കുക. ക്രിസ്ത്യൻ വിരോധം, ഹിന്ദു വർഗ്ഗീയത ഏറ്റവും കൂടുതലുള്ളത് പിണറായിക്കാണ്.

എകെജിയും നായനാരും ഇഎംഎസുമൊക്കെ വർഗ്ഗീയതയ്‌ക്കെതിരായുള്ള പോരാട്ടത്തിന് നേതൃത്വം നൽകിയവരാണ്. എന്നാൽ ഇപ്പോൾ നേരെ തിരിച്ചാണ്. മത വിശ്വാസികളെ തകർക്കാൻ നേതൃത്വം കൊടുക്കുകയാണ് സിപിഎം. അതിനാൽ എത്രയും വേഗം പിണറായി കമ്മ്യൂണിസം അവസാനിപ്പിക്കുക എന്നതാണ് കേരളത്തിന്റെ രക്ഷ. അതിനുള്ള ശക്തമായ നിലപാടാണ് ഞാൻ സ്വീകരിക്കുന്നത്. പൂഞ്ഞാറ്റിൽ ജനപക്ഷത്തിന്റെ മൂന്ന് മെമ്പർമാരാണ് ഉള്ളത്. കോൺഗ്രസ്സിന് മൂന്നും ബിജെപിയുടെ രണ്ട്‌പേരുമാണുള്ളത്. ബിജെപിയിൽ നിന്നും ഒരാൾ വന്നില്ല. അങ്ങനെ ഏഴു വോട്ട് നേടി ജനപക്ഷത്തിന്റെ സജീവ പ്രവർത്തകയായ അഡ്വ: ലീലാമ്മ ചാക്കോ വൈസ് പ്രസിഡന്റായി. അങ്ങനെ ബിജെപിയുടെ വോട്ടും വാങ്ങി. ബിജെപിയിൽ പോകുന്നതുകൊണ്ട ഒരു കുഴപ്പവും സംഭവിക്കില്ല, നല്ല വോട്ടാ. ബിജെപിയുമായി സഹകരിച്ചാൽ ഈ രാജ്യം അങ്ങ് തഴ്ന്നു പോകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അതു കൊണ്ട് ബിജെപിയുമായി സഹകരിക്കാൻ ഒരു മടിയുമില്ല. മുന്നണി എന്ന നിലയിൽ പോകുന്നതിനെ പറ്റി ആലോചിച്ചാൽ കോൺഗ്രസ്സ് മുണിയോ ബിജെപി മുന്നണിയോ ആണ് ഞങ്ങൾ തീരുമാനിക്കാൻ പോകുന്നത്. അത് സംബന്ധിച്ച് നാളെ പാർട്ടി കമ്മറ്റിയിൽ തീരുമാനം ഉണ്ടാകും.

എസ്ഡിപിഐയുമായുള്ള ബന്ധം ഇപ്പോൾ പഴയപോലെ ഇല്ല. കാരണം എന്റെ മൺലത്തിലുള്ള ഒരാളുടെ കാൽ അവർ വെട്ടി. ഒരു പൊതുവേദിയിൽ വച്ച് അവരുടെ സംസ്ഥാന പ്രസിഡന്റിന്റെ മുഖത്ത് നോക്കി അവർ കാണിച്ച തെമ്മാടിത്തരത്തിനെതിരെ ഞാൻ പ്രതികരിച്ചു. വർഗ്ഗീയ പാർട്ടികളോടുള്ള സമ്പർക്കം വേണ്ട എന്ന തീരുമാനമാണ് അവരിൽ നിന്നും അകലാൻ പ്രേരിപ്പിച്ചത്. എങ്കിലും നേതാക്കന്മാരൊക്കെ എന്നെ ബന്ധപ്പെടാറുണ്ട് എന്നും പിസി പറഞ്ഞു.

കോട്ടയത്ത് ബിജെപി സീറ്റ് നൽകിയാൽ മത്സരിക്കുമോ. എന്ന ചോദ്യത്തിന് അവർ തരുകയൊന്നും വേണ്ട എനിക്ക് എടുക്കാനറിയാമല്ലോ എന്നായിരുന്നു മറുപടി..പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ജനപക്ഷത്തിന് സ്ഥാനാർത്ഥികൾ ഉണ്ടാകും. അവിടെ അവർ ജയിച്ചിരിക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. അതിന് പിൻതുണ നൽകുന്ന എല്ലാവരോടും നന്ദി. ഇരുപത് സീറ്റുകളിൽ 5 സീറ്റുകളിൽ ജനപക്ഷത്തിന് സ്ഥാനാർത്ഥികളുണ്ടാകും. ഇഷ്ടമുള്ളവർ വോട്ട് ചെയ്യട്ടെ. അടുത്ത അസംബ്ലി തിരഞ്ഞെടുപ്പിൽ 140 നിയോജക മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ ജനപക്ഷം നിർത്തും. ഞാനെന്തായാലും രണ്ടും കൽപ്പിച്ചാണ്. കേരളം പിടിച്ചിട്ട് കേന്ദ്രം നോക്കും. ബിജെപി സീറ്റ് ന്ൽകിയാൽ ആരു നിൽക്കുമെന്ന കാര്യം ഇപ്പോൾ പറയാൻ കഴിയില്ല എന്നും പറഞ്ഞു. യതീഷ് ചന്ദ്രയുടെ കാലു തല്ലിയൊടിച്ച് വിടണമെന്നാണ് തന്റെ അഭിപ്രായമെന്നും പിസി പറഞ്ഞു

. ഹൈക്കോടതി ജഡ്ജിയെ വരെ കാറു തടഞ്ഞു നിർത്തി പരിശോധിച്ചയാളാ അയാൾ. പിണറായി അനുഭവിക്കട്ടെ. യതീഷ് ചന്ദ്രയെ സപ്പോർട്ട് ചെയ്തു നിന്നതല്ലെ. ഇതു പോലെയുള്ള പൊലീസുകാരെ കയറൂരി വിട്ടതിന് ഇനിയും അനുഭവിക്കാൻ കിടക്കുന്നതെയുള്ളൂ. എത്ര വലിയ പൊലീസുകാരെ ശബരിമലയിലേക്ക് അയച്ചാലും അവിടെ ഒരുയുവതിയെപോലും കയറ്റാൻ പിണറായിക്ക് കഴിയില്ല. കെ.സുരേന്ദ്രനെ ജയിലിലടച്ച സർക്കാർ നടപടി ഭരകൂട ഭീകരതയാണ്. കേരളത്തിൽ എന്താണ് നടക്കുന്നതെന്ന് ആർക്കും മനസ്സിലാവുന്നില്ല. ഇരുമുടികെട്ടുമായി ശബരിമലയ്ക്ക് പോയ സുരേന്ദ്രനെ പിടിച്ചകത്തിടാൻ എന്തവകാശമാണ് പിണറായിക്കുള്ളത് എന്നും പിസി ചോദിക്കുന്നു. എന്തായാലും ജനപക്ഷം ഇപ്പോഴും ഒരു ചാരിറ്റബിൾ ട്രസ്റ്റായിട്ടാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പാർട്ടിയായി രൂപീകരിക്കാൻ രജിസ്‌ട്രേഷൻ നടപടികൾ പുരോഗമിക്കുകയാണ്. പാർട്ടിയായി രജിസ്റ്റർ ചെയ്തു കഴിയുമ്പോൾ ഒരു മുന്നണിയിൽ ഉണ്ടാവും എല്ലാവരും കാത്തിരുന്നു കാണുക എന്നും പിസി പറഞ്ഞു നിർത്തി.