തിരുവനന്തപുരം: പി. സി. ജോർജ് എംഎ‍ൽഎ.യെ അയോഗ്യനാക്കണമെന്ന പരാതിയിന്മേൽ അന്തിമ തെളിവെടുപ്പ് ഒക്‌ടോബർ 12ന് നടത്താൻ സ്പീക്കർ തീരുമാനിച്ചു. ഒക്‌ടോബർ ഒന്നിന് നടന്ന തെളിവെടുപ്പിൽ പി. സി. ജോർജ്ജും സീനിയർ വക്കീലും ഹാജരായിരുന്നില്ല.

ഹർജിക്കാരനായ തോമസ് ഉണ്ണിയാടനും 10 സാക്ഷികളും അന്ന് തെളിവുകൾ നല്കിയിരുന്നു. ഇവരെ എതിർ വിസ്താരം നടത്തണമെന്ന പി. സി. ജോർജ്ജിന്റെ ആവശ്യമനുസരിച്ച് ഒക്‌ടോബർ 8ന് എതിർ വിസ്താരത്തിനും പി. സി. ജോർജിന്റെ തെളിവുകൾ ഹാജരാക്കാനും അനുവാദം നല്കി.

ഇന്ന് എതിർ വിസ്താരം പൂർത്തിയായതിനെ തുടർന്ന് പി. സി. ജോർജിനെ വിസ്തരിക്കാൻ തയ്യാറാണെന്ന് ഹർജിക്കാരൻ അറിയിച്ചു. എന്നാൽ പി. സി. ജോർജ് അതിന് തയ്യാറായില്ല. തുടർന്ന് ഹർജി നാളെ തുടരാൻ സ്പീക്കർ നിർദ്ദേശിച്ചെങ്കിലും അതും പി. സി. ജോർജ് എതിർത്തു.

ഹർജി നല്കിയിട്ട് രണ്ടരമാസം കഴിഞ്ഞുവെന്നും ഇനിയും നീട്ടിക്കൊണ്ടുപോകുന്നത് ശരിയല്ലെന്നും ഹർജിക്കാരന്റെ വക്കീൽ അഭിപ്രായപ്പെട്ടു. തുടർന്ന് ഒക്‌ടോബർ 12ന് രാവിലെ 10.00 മണിക്ക് തെളിവെടുപ്പ് തുടരാൻ സ്പീക്കർ തീരുമാനിക്കുകയായിരുന്നു. അന്ന് പി. സി. ജോർജിനും ഹർജിക്കാരനും തെളിവുകളും സാക്ഷികളേയും ഹാജരാക്കാം. ഒക്‌ടോബർ 12ന് തെളിവെടുപ്പ് പൂർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു.