- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വരുന്ന നിയമസഭാ തിരഞ്ഞടുപ്പിൽ ഒറ്റയ്ക്ക് തന്നെ പൂഞ്ഞാറിൽ നിന്ന് മത്സരിക്കുമെന്ന് പറഞ്ഞ പി.സി.ജോർജിന് മനംമാറ്റം; ഏഴ് തവണ മത്സരിച്ച പൂഞ്ഞാറിൽ ഇനി മത്സരിക്കാനില്ലെന്ന് തുറന്നുപറഞ്ഞ് ജോർജ്; മത്സരിച്ചാൽ വേറെ ഏതെങ്കിലും മണ്ഡലത്തിൽ നിന്നേ ആകൂ എന്നുപറയുമ്പോൾ അത് പാലായോ? പൂഞ്ഞാർ സീറ്റിൽ മകൻ ഷോൺ ജോർജിനെ മത്സരിപ്പിക്കാനും ജോർജിന് മോഹം?
കോട്ടയം: പാലായിലെ 2021ലെ തിരഞ്ഞെടുപ്പ് ഫലം എന്താകുമെന്ന് താൻ തീരുമാനിക്കുമെന്നാണ് പി.സി.ജോർജ് പറയുന്നത്. ഇത് അഹങ്കാരം കൊണ്ട് പറയുന്നതല്ലെന്നും കഴിഞ്ഞ തവണ മാണി സി കാപ്പൻ തന്റെ പിന്തുണ കൂടി കിട്ടിയതു കൊണ്ടാണ് ജയിച്ചതെന്നും ജോർജ് അവകാശപ്പെട്ടിരുന്നു. മണ്ഡല പുനർനിർണയ സമയത്ത് തന്റെ ശക്തികേന്ദ്രങ്ങളായ ആറ് പഞ്ചായത്തുകളാണ് പാലായിലേക്ക് പോയതെന്നും താൻ പിന്തുണയ്ക്കുന്നവരെ പാലായിൽ ജയിക്കുകയുള്ളൂവെന്നും ജോർജ് സമീപ കാലത്ത് പറഞ്ഞിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം റിപ്പോർട്ടർ ചാനലിന്റെ മോണിങ് ഷോയിൽ എംഎൽഎ നടത്തിയ പരാമർശം ശ്രദ്ധേയമായി.
വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ നിന്നും മത്സരിക്കുന്നില്ലെന്നാണ് പി സി ജോർജ്ജ് തുറന്നുപറഞ്ഞത്. ഏഴ് തവണ തവണ പൂഞ്ഞാറ്റിൽ നിന്നും എംഎൽഎ ആയതാണ്. ഇനിയും മത്സരിക്കണം എന്ന് ആഗ്രഹമില്ലെന്നും പി സി ജോർജ്ജ് പറഞ്ഞു. അഥവാ ഇനി മൽസരിച്ചാൽ തന്നെയും വേറെയേതെങ്കിലും നിയോജക മണ്ഡലത്തിൽ നിന്നേ ആകൂ എന്നും പിസി ജോർജ്ജ് കൂട്ടി ചേർത്തു.കേരളാ കോൺഗ്രസ്സ് എന്ന് പറയുന്നത് അപമാനമായി തോന്നുന്നുവെന്നും എന്നും പി സി ജോർജ്ജ് അഭിപ്രായപ്പെട്ടു. കേരള കോൺഗ്രസ് എമ്മിന്റെ പേരും രണ്ടില ചിഹ്നവും തങ്ങൾക്ക് ലഭിക്കും എന്ന പൂർണ്ണ ആത്മവിശ്വാസം പിജെ ജോസഫിന് ഉണ്ടായിരുന്നു.ഡൽഹിയിൽ തനിക്ക് ആളുണ്ട് എന്നായിരുന്നു ജോസഫിന്റെ അവകാശവാദം എന്നും കൂട്ടിചേർത്തു അദ്ദേഹം പറഞ്ഞു.
9 കേരള കോൺഗ്രസുണ്ട് എന്നാണ് പി.സി.ജോർജ് പറയാറുള്ളത്. എല്ലാവരും കൂടി ഒന്നിച്ചുനിൽക്കണമെന്ന് പറയാറുണ്ടെങ്കിലും ഇപ്പോൾ ജോർജിന് അടുത്ത തിരഞ്ഞെടുപ്പാണ് മുഖ്യം. ജൂലൈയിൽ ഒരുഅഭിമുഖത്തിൽ ജോർജ് പറഞ്ഞത് താൻ ഒറ്റയ്ക്ക് തന്നെ പൂഞ്ഞാറിൽ മത്സരിക്കുമെന്നാണ്. കഴിഞ്ഞ തവണ സീറ്റ് നൽകാമെന്ന് പറഞ്ഞ ശേഷം അവസാന നിമിഷമാണ് എൽ.ഡി.എഫ് തന്നെ വഞ്ചിച്ചത്. താൻ സ്വതന്ത്രനായതു കൊണ്ട് തന്റെ ചിഹ്നം താഴെ പോകാൻ മത്സരിച്ചാണ് സ്വതന്ത്ര സ്ഥാനാർത്ഥികളെ രാഷ്ട്രീയ പാർട്ടികൾ നിർത്തിയത്. അവസാനം മത്സരിച്ച പതിനേഴ് സ്ഥാനാർത്ഥികളിൽ 15 പേർക്കും കെട്ടിവച്ച കാശ് പോലും കിട്ടിയില്ല. പൂഞ്ഞാറിലെ ജനങ്ങൾ തന്റെ കൂടെയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
എന്നാൽ, ചാനൽ അഭിമുഖത്തിൽ ജോർജ് പറഞ്ഞത് പൂഞ്ഞാറിൽ മത്സരിച്ച് മടുത്തുവെന്നാണ്. അപ്പോൾ വേറെ ഏതെങ്കിലും മണ്ഡലത്തിൽ മത്സരിക്കുമോ? ഷോൺ ജോർജിനെ മത്സരിപ്പിക്കുമോ ? അത് ഷോണിനോട് തന്നെ ചോദിക്കണമെന്നാണ് ജോർജ് പറയാറുള്ളത്. ഇതാണ് പരസ്യമായി ജോർജ് പറയുന്നതെങ്കിലും പൂഞ്ഞാർ കൈവിടുന്ന ജോർജിന് പാലായിൽ ഒരു കണ്ണുണ്ടെന്നാണ് ശ്രുതി. പൂഞ്ഞാറുകാർക്ക് പഴയ പോലെ ജോർജിനോട് അത്ര പ്രതിപത്തിയുമില്ല.
സ്വതന്ത്രനായി മത്സരിച്ച് എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടത് മുതലുള്ള പി.സി.ജോർജിന്റെ നിലപാടുകൾ വൻ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും കാരണമായിരുന്നു. നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ ദിലീപിന് വേണ്ടി വാദിച്ച് കൊണ്ടായിരുന്നു അദ്ദേഹം ആദ്യം വിവാദങ്ങളിൽ പെട്ടത്. പിന്നീട് കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടിയും പി.സി.ജോർജ് രംഗത്തിറങ്ങി. ശബരിമല വിഷയത്തിൽ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് സമരരംഗത്തും അദ്ദേഹം ഉണ്ടായിരുന്നു. ഈഴവ സമുദായത്തെ അപമാനിച്ചു എന്നാരോപിച്ച് ജോർജിന്റെ വീട്ടിലേക്ക് മാർച്ചും നടന്നു. അതുകൊണ്ട് തന്നെ പൂഞ്ഞാറിൽ മത്സരിക്കുന്നത് പന്തിയല്ല എന്ന് ജോർജിന് അറിയാം. മകൻ ഷോൺ ജോർജിനെ പൂഞ്ഞാറിൽ മത്സരിപ്പിക്കണമെന്നാണ് ജോർജിന്റെ മനസ്സിലിരുപ്പ്. ജോർജ് പാലായിലും മത്സരിച്ചേക്കും.ഷോണിനെ നേരത്തെ പാലായിൽ മത്സരിപ്പിക്കാൻ ജോർജ് ശ്രമിച്ചിരുന്നു
തനിക്കും മകനും യുഡിഎഫ് പിന്തുണനേടാൻ രമേശ് ചെന്നിത്തല വഴി അദ്ദേഹം സമ്മർദ്ദം ചെലുത്താനാണ് സാധ്യത. പ്രതിപക്ഷ നേതാവിനെ അദ്ദേഹം അടുത്തിടെ വാനോളം പുകഴ്ത്തുകയും ചെയ്തിരുന്നു. ജോസ് കെ.മാണി യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് ചേക്കേറിയാലാവും ജോർജ് തന്റെ പദ്ധതി നടപ്പിലാക്കുക എന്നാണ് സൂചന. ജോസ്. കെ.മാണിയോടുള്ള അനിഷ്ടം അദ്ദേഹം നേരത്തെ പ്രകടിപ്പിച്ചിരുന്നു.
യുഡിഎഫ് വിട്ടാവ്#ജോസ് കെ മാണിയുടെ കാര്യം കട്ടപൊകയാണ് എന്നാണ് ജോർജ് നേരത്തെ പറഞ്ഞത്. 'ജോസ് കെ മാണിയെ സ്വീകരിക്കാൻ ഇടതുപക്ഷത്തിന് കഴിയില്ല. എൻ.ഡി.എയുടെ കൂടെ പോയാൽ മദ്ധ്യതിരുവിതാംകൂർ മേഖലയിൽ ജോസിന് യാതൊരു ചലനവും ഉണ്ടാക്കാനാവില്ല. എങ്ങനെയെങ്കിലും കാലുപിടിച്ച് യു.ഡി.എഫിലേക്ക് തിരികെ വരുന്നതായിരിക്കും ജോസിന് ലാഭം. അല്ലെങ്കിൽ ജോസിന്റെയും പാർട്ടിയുടെയും കാര്യം ഗതികേടിലാകും'-ജോർജ് നേരത്തെ പറഞ്ഞത് ഇങ്ങനെ. ഏതായാലും മാറിയ സാഹചര്യത്തിൽ ജോർജിന് കേരള കോൺഗ്രസ് വലിയ നാണക്കേടായി തോന്നുന്നു.
മറുനാടന് മലയാളി ബ്യൂറോ