- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാലായിൽ മാണി സി കാപ്പൻ തന്നെ വിജയിക്കും; എട്ടു പഞ്ചായത്തുകളിലെ തന്റെ ആളുകൾ കാപ്പനാണ് വോട്ട് ചെയ്തത്; മണ്ഡലത്തിൽ ജോസ് കെ മാണി വിരുദ്ധ തരംഗമുണ്ട്; പിണറായി വിജയൻ ശബരിമലയിൽ കയറി കളിക്കാതിരുന്നെങ്കിൽ തുടർഭരണം ഉറപ്പായിരുന്നു; വിവരക്കേട് പിണറായിയെ വെട്ടിലാക്കി: പി.സി.ജോർജിന്റെ വിലയിരുത്തലുകൾ
കോട്ടയം: എന്തും തുറന്നുപറയാൻ മടിയില്ലാത്ത ആളാണ് പി.സി.ജോർജ്. ഇത്തവണ പൂഞ്ഞാറിൽ പിസിയെ പ്രചാരണത്തിന് അുവദിക്കാത്ത വിധം കൂക്കിവിളികളും പ്രതിഷേധങ്ങളും മറ്റുമുണ്ടായി. എന്നാൽ, അതൊന്നും കൂസാതെ അദ്ദേഹം മുന്നോട്ടുപോയി. ഇപ്പോൾ വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ തന്റെ വിലയിരുത്തലുകളുമായി പി.സി.ജോർജ് എത്തി. പാലായിൽ മാണി സി കാപ്പൻ തന്നെ വിജയിക്കുമെന്നാണ്് പിസിയുടെ പക്ഷം.
കാപ്പൻ ജനങ്ങളുടെ ഹൃദയം കവർന്നെടുത്തെന്നത് സത്യമാണ്. വളരെ മാന്യമായ ഇടപെടലും സ്നേഹവും കൊണ്ട് ജനങ്ങൾ മുഴുവൻ കാപ്പന്റേതാണ്. മണ്ഡലത്തിൽ ജോസ് കെ മാണി വിരുദ്ധ തരംഗമുണ്ടെന്നും പിസി ജോർജ് പറഞ്ഞു. പാലായിൽ പരസ്യമായി മാണി സി കാപ്പനെ പിന്തുണച്ചില്ലെങ്കിലും, അദ്ദേഹം വിജയിക്കണമെന്ന് താൻ ആഗ്രഹിച്ചെന്നും എട്ടു പഞ്ചായത്തുകളിലെ തന്റെ ആളുകൾ കാപ്പനാണ് വോട്ട് ചെയ്തതെന്നും പിസി ജോർജ് വ്യക്തമാക്കി.
പിസി ജോർജിന്റെ വാക്കുകൾ: 'പാലായിൽ പരസ്യമായി മാണി സി കാപ്പനെ പിന്തുണച്ചില്ലെങ്കിലും, അദ്ദേഹം വിജയിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. എട്ടു പഞ്ചായത്തുകളിലെ നമ്മുടെ ആളുകൾ കാപ്പന് വോട്ട് ചെയ്തു. പാലായിൽ കാപ്പൻ തന്നെ വിജയിക്കും. അതിൽ തർക്കമൊന്നും വേണ്ട. ജോസ് കെ മാണിയോട് എനിക്ക് പിണക്കമൊന്നുമില്ല. ഞാൻ പണ്ടേ പ്രാകി പോയതാണ്. എന്നാ ചെയ്യാനാണ്. കാപ്പൻ ഇത്രയും നാളുകൾ കൊണ്ട് ജനങ്ങളുടെ ഹൃദയം കവർന്നെടുത്തു. സത്യമാണ്. വളരെ മാന്യമായ ഇടപെടലും സ്നേഹവും കൊണ്ട് ജനങ്ങൾ മുഴുവൻ കാപ്പന്റേതാണ്. ജോസ് കെ മാണി വിരുദ്ധ തരംഗമുണ്ട്. ഇപ്പോഴത്തെ നിലയില് ജോസ് കെ മാണിക്ക് മുന്നോട്ട് പോകാൻ കഴിയില്ല.''
'ബിജെപിയുടെ നിരവധി വോട്ടുകൾ എനിക്ക് ലഭിച്ചിട്ടുണ്ട്. ബിജെപി മാന്യന്മാർക്ക് വോട്ട് ചെയ്താൽ കച്ചവടമാകുമോ? ഞാനൊരു ചായ പോലും ഒരു ബിജെപിക്കാരനും വാങ്ങി കൊടുത്തിട്ടില്ല. ബിജെപിയുടെ ഒരു നേതാക്കന്മാരോടും മോശമായി ഒരു കാര്യവും സംസാരിച്ചിട്ടില്ല. എല്ലാവരോടും പറയുന്നത് പോലെ, സഹായിക്കണമെന്ന് വളരെ ആത്മാർത്ഥമായി അഭ്യർത്ഥിച്ചിട്ടുണ്ട്. അത് മാനിച്ച് അവർ വോട്ട് ചെയ്തു.''
'കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ വിജയിക്കും. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി വിജയിക്കും, പക്ഷെ ഭൂരിപക്ഷം ഒന്നുമില്ലാത്ത രീതിയിലായിരിക്കും. ഏറ്റുമാനൂരിൽ വിഎൻ വാസവൻ വിജയിക്കും. കാഞ്ഞിരപ്പള്ളിയിൽ അൽഫോൻസ് കണന്താനമോ ജയരാജനോ ജയിക്കും. പിണറായി വിജയൻ ശബരിമലയിൽ കയറി കളിക്കാതിരുന്നെങ്കിൽ തുടർഭരണം ഉറപ്പായിരുന്നു. അദ്ദേഹത്തിന്റേ വിവരകേടോ, ഉപദേശകന്മാരുടോ വിവരകേടോ, പിണറായിയെ വെട്ടിലാക്കി. അതിന്റെ ഫലമാണ് അനുഭവിച്ച് കൊണ്ടിരിക്കുന്നത്.'
മറുനാടന് മലയാളി ബ്യൂറോ