- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിം സമുദായത്തെ സംശയത്തിന്റെ മുനയിൽ നിർത്തുന്നു; വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും ശ്രമം; മതവിദ്വേഷ പ്രസംഗത്തിൽ പി.സി. ജോർജിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്; നടപടി, ഡിജിപിക്ക് അടക്കം ലഭിച്ച പരാതികളിന്മേൽ; പി.സി ജോർജിന്റെ വിടുവായിത്തങ്ങളായി തള്ളിക്കളയാനാകില്ലെന്ന് സിപിഎം
തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ മുൻ എംഎൽഎ. പി.സി. ജോർജിനെതിരേ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം ഫോർട്ട് പൊലീസാണ് കേസ് എടുത്തത്. തിരുവനന്തപുരത്തു വെച്ച് നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ വച്ചായിരുന്നു ജോർജിന്റെ വിവാദപ്രസംഗം. ഇതിനെതിരേ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിന് ഉൾപ്പെടെ പരാതി ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫോർട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഹിന്ദു മുസ്ലിം വൈരം ഉണ്ടാക്കുന്ന രീതിയിലും മതസ്പർദ്ധ വളർത്തുന്ന രീതിയിലും പ്രകോപനപരമായി പ്രസംഗിച്ചതിനാണ് കേസെന്ന് എഫ്ഐആറിൽ പറയുന്നു. പിസി ജോർജ്ജിന്റെ മൊഴി ഉൾപ്പടെ വരും ദിവസങ്ങളിൽ രേഖപ്പെടുത്തിയ ശേഷമായിരിക്കും തുടർ നടപടിയെന്ന് ഫോർട്ട് പൊലീസ് അറിയിച്ചു. 153 എ വകുപ്പ് പ്രകാരമാണ് കേസ്.
ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ 'അനന്തപുരി ഹിന്ദു മഹാസമ്മേളനം' ഉദ്ഘാടനം ചെയ്യുമ്പോഴാണ് പി സി ജോർജ് വിവാദ പ്രസംഗം നടത്തിയത്. പ്രസംഗത്തിലുടനീളം മുസ്ലിം സമുദായത്തെ വർഗീയമായി അധിക്ഷേപിക്കുകയും ബോധപൂർവം വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുന്നതായും ജോർജിനെതിരായ പരാതിയിൽ പറയുന്നു.
കച്ചവടം ചെയ്യുന്ന മുസ്ലീങ്ങൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നു. മുസ്ലീങ്ങൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്ലിം കച്ചവടക്കാർ അവരുടെ സ്ഥാപനങ്ങൾ അമുസ്ലിം മേഖലകളിൽ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവർന്നു കൊണ്ടുപോകുന്നു തുടങ്ങി വളരെ ഗൗരവമായ നുണയാരോപണങ്ങളാണ് അദ്ദേഹം പ്രസംഗിച്ചതെന്നും പരാതിയിൽ വ്യക്തമാക്കി. മുസ്ലിം സമുദായത്തെ സംശയത്തിന്റെ മുനയിൽ നിറുത്താനും മറ്റു സമുദായത്തിലെ വിശ്വാസികൾക്കിടയിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനും മാത്രമാണ് കാരണമാകുകയെന്നും പരാതിയിൽ പറഞ്ഞിരുന്നു.
യൂത്ത് ലീഗ് ഉൾപ്പെടെയുള്ള നിരവധി സംഘടനകളാണ് ജോർജിനെതിരേ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നത്. പി.സി. ജോർജിന്റെ പ്രസംഗം മുസ്ലിം സമുദായത്തെ സംശയത്തിന്റെ മുനയിൽ നിർത്താനും മറ്റു സമുദായത്തിലെ വിശ്വാസികൾക്കും മുസ്ലിങ്ങൾക്കും ഇടയിൽ വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും കാരണമാകുന്നുവെന്ന് യൂത്ത് ലീഗ് പരാതിയിൽ പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്കും യൂത്ത് ലീഗ് പരാതി നൽകിയിരുന്നു.
പി.സി. ജോർജിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ ഷാഫി പറമ്പിൽ എംഎൽഎയും രംഗത്തെത്തിയിരുന്നു. തമ്മിലടിപ്പിക്കൽ ശ്വാസവായുവും തൊഴിലുമാക്കിയ പി.സി. ജോർജിനെ കേസെടുത്ത് ജയിലിലിടാൻ പൊലീസ് തയ്യാറാകണമെന്നായിരുന്നു ഷാഫിയുടെ ആവശ്യം. സാംക്രമിക രോഗമായി പടരാൻ ആഗ്രഹിക്കുന്ന വർഗ്ഗീയതയുടെ സഹവാസിയാണ് പി.സി. ജോർജ്ജെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പി.സി. ജോർജിന്റെ വിദ്വേഷ പ്രസംഗം പ്രതിഷേധാർഹമാണെന്ന് സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റും ശനിയാഴ്ച പ്രസ്താവനയിൽ പറഞ്ഞിരുന്നു. സാധാരണ വിടുവായത്തമായി ഇതിനെ തള്ളിക്കളയാനാകില്ലെന്നും ജോർജ് പരാമർശം പിൻവലിച്ച് കേരളത്തോട് മാപ്പുപറയണമെന്നും സിപിഎം. ആവശ്യപ്പെട്ടിരുന്നു. മനുഷ്യസൗഹാർദത്തിന് പേരുകേട്ട കേരളത്തിൽ അത് തകർക്കുന്ന വിധത്തിലുള്ള വിദ്വേഷ പ്രസംഗം നടത്തിയ പി.സി. ജോർജിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹം ആണെന്നാന്നായിരുന്നു സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞിരുന്നത്.
കേരളത്തിൽ വർഗ്ഗീയ ധ്രുവീകരണം നടത്തുന്നതിന് എല്ലാ വർഗീയവാദികളും ബോധപൂർവമായ പദ്ധതി നടപ്പിലാക്കുന്ന ഘട്ടത്തിലാണ് ഇത്തരമൊരു പ്രസംഗം പുറത്തുവന്നത്. അതിനാൽത്തന്നെ ഇതിനെ അദ്ദേഹത്തിന്റെ സാധാരണ വിടുവായത്തങ്ങളായി തള്ളിക്കളയാനാകില്ലെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു. പ്രസ്താവന പിൻവലിച്ച് ജോർജ് കേരളീയ സമൂഹത്തോട് മാപ്പു പറയണം എന്നാണ് സിപിഎമ്മിന്റെ ആവശ്യം.
മനുഷ്യ സൗഹാർദ്ദത്തിന് പേരുകേട്ട കേരളത്തിൽ അത് തകർക്കുന്ന വിധത്തിലുള്ള വിദ്വേഷ പ്രസംഗം നടത്തിയ പി സി ജോർജിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സിപിഎം പത്രകുറിപ്പിൽ വ്യക്തമാക്കി. തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാ സംഗമമെന്ന പരിപാടിയിലാണ് പി സി ജോർജ് ഒരു മതവിഭാഗത്തിനെതിരെ തെറ്റായ പ്രചരണവുമായി രംഗത്ത് വന്നിട്ടുള്ളത്. കേരളത്തിൽ വർഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതിനുള്ള എല്ലാവിധ പരിശ്രമങ്ങളെയും ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് നേരിടണമെന്ന് സിപിഎം ആവശ്യപ്പെട്ടു.
വർഗീയ പ്രഭാഷണം നടത്തിയതുമായി ബന്ധപ്പെട്ട് മുൻ എംഎൽഎ പി.സി ജോർജിനെതിരെ എംഎസ്എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന പി പി ശൈജൽ ഡിജിപിക്ക് പരാതി നൽകിയിരുന്നു. പിസി ജോർജ്, പ്രസംഗത്തിലുടനീളം മുസ്ലിം സമുദായത്തെ വർഗ്ഗീയമായി അധിക്ഷേപിക്കുകയും ബോധപൂർവ്വം വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു.
'കച്ചവടം ചെയ്യുന്ന മുസ്ലിംകൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവ്വം കലർത്തുന്നു, മുസ്ലിംകൾ അവരുടെ ജനസംഖ്യ വർദ്ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, തുടങ്ങി വളരെ ഗൗരവമായ നുണയാരോപണങ്ങളാണ് പ്രസംഗത്തിൽ ഉടനീളം പി സി ജോർജ് പറഞ്ഞതെന്നും പരാതിയിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ