തിരുവനന്തപുരം: കേരളാ കോൺഗ്രസ് നേതാവ് കെ എം മാണിക്കെതിരെ ഏറ്റവുമധികം വിമർശനം ഉയർത്തിയിട്ടുള്ള നേതാവാണ് അദ്ദേഹത്തിന്റെ പ്രഖ്യാപിത ശത്രുവായ പി സി ജോർജ്ജ്. കെ എം മണിയെ എല്ലാവരും ബഹുമാനത്തോടെ മാണി സാർ എന്ന് വിളിച്ചിരുന്ന കാലത്ത് ജോർജ്ജാണ് പാലാ മെമ്പർ എന്ന് വിളിച്ചത്. പിന്നീട് മാണിക്കൊപ്പം നിന്നപ്പോൾ വീണ്ടും മാണി സാറായി. ഒടുവിൽ കലഹിച്ച് പുറത്തുപോയ ജോർജ്ജ് വീണ്ടും പാലാ മെമ്പറെന്നും കോഴമാണിയെന്നും വിളിച്ച് അരങ്ങ് കൊഴുപ്പിച്ചു. ഇപ്പോൾ യുഡിഎഫ് വിട്ട് ഒറ്റയ്ക്കു നിൽക്കുന്ന കെ എം മാണിക്ക് മേൽ പരിഹാസം ചൊരിഞ്ഞ് ജോർജ്ജ് ഫേസ്‌ബുക്കിലൂടെ രംഗത്തെത്തി.

മാണിയുടേയോ കേരളാ കോൺഗ്രസിന്റെയോ പേര് പറയാതെ പരിഹാസത്തിന്റെ മേമ്പൊടി ചേർത്ത കഥ പറഞ്ഞാണ് ജോർജ്ജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ഒരു വർത്തമാനകാല കഥ എന്ന പേരിൽ പി സിയുടെ ഫേസ്‌ബുക്ക് പേജിൽ വന്ന കഥയിൽ സ്വന്തം പറമ്പിലെ പുൽനാമ്പ് പോലും തിന്നു തീർത്തു പറമ്പിനെ മരുഭൂമിയാക്കിയ ശേഷം അടുത്തുള്ള പറമ്പുകളെ ലക്ഷ്യം വച്ച് പോകുന്ന ഒരു അമ്മ പശുവിന്റെയും മകന്റെയും കഥയാണ് പറയുുന്നത്. കാവി പുരയിടത്തിലോ, വിപ്ലവ പറമ്പിലോ എവിടെങ്കിലും ഒരിടത്ത് വേലി പൊളിച്ചു കയറുവാൻ യാത്രതിരിച്ച അവർക്ക് എവിടെ സ്ഥാനം ലഭിക്കും എന്നത് കേരള രാഷ്ട്രീയം തന്നെ ഉറ്റുനോക്കുന്ന ഒന്നാണ്. എന്തായാലും പി സി ജോർജ്ജിന്റെ പരിഹാസം നിറഞ്ഞ ഫേസ്‌ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

പോസ്റ്റിന്റെ പൂർണ്ണരൂപം:

ഒരു വർത്തമാനകാല കഥ

സ്വന്തമായിട്ടുള്ള പുരയിടത്തിൽ ഒരു പുൽനാമ്പ് പോലും വളർത്താനുള്ള ശേഷി ഒട്ടുമില്ല! ഇത്രയും നാളും വല്ലവന്റെയും പുരയിടത്തിലെ ത്രിവർണ്ണ പുല്ല് തിന്ന് തടിച്ചു കൊഴുത്തു. ആ പുരയിടത്തിൽ ഒരു തകര പോലും ഇനി 4 വർഷത്തേക്ക് കിളിർക്കില്ലെന്ന അശരീരിയും മുഴങ്ങി!
ഒപ്പം ചേർന്നു കിടന്ന് അയവിറക്കുന്ന കിടാവിനെ വാത്‌സല്യത്തോടെ ഒന്നു നോക്കി തീരുമാനിച്ചുറച്ച് എണീറ്റു. എന്നിട്ട് ചുറ്റിനും കണ്ണോടിച്ചു! തൊട്ടടുത്ത പറമ്പുകളായ കോട്ടയം ചേട്ടൻന്റെ അഖിലേന്ത്യാ കാവി പുരയിടത്തിലെയും, കണിശക്കാരനായ വടക്കൻ ചേട്ടൻടെ വിപ്‌ളവ പറമ്പിലെയും പുൽസമൃദ്ധിയിലേക്ക് കൊതിയോടെ ദൃഷ്ടി പായിച്ചു.

കാവി പുരയിടത്തിലോ, വിപ്ലവ പറമ്പിലോ എവിടെങ്കിലും ഒരിടത്ത് വേലി പൊളിച്ചു കയറണം. അല്ലേൽ പട്ടിണി കിടന്ന് ചാവും! കൂട്ടത്തിൽ ഇത്രേം നാളും ഒപ്പം നടന്ന് തിന്നു കൊഴുത്ത ക്ടാവും വടിയാകും. അതുമല്ലെങ്കിൽ ആരെങ്കിലും അറക്കാൻ കൊണ്ടുപോകും! പാടില്ല, അങ്ങനെ സംഭവിച്ചു കൂടാ!

നിശ്ചയദാർഡ്യത്തോടെ കിടാവിനെയും കൂട്ടി എണീറ്റു. ഇത്രയും നാളും തങ്ങൾക്കൊപ്പം നടന്ന് പുല്ല് തിന്നവൻ മിണ്ടാതെ അപ്പുറത്ത് മാറിക്കിടപ്പുണ്ട് ! തന്റേത് കാളരാഗം തന്നെ. പക്ഷേ പാട്ടുകാരനായ അവൻ അമറുന്നതിന് ഗായകനാദത്തിന്റെ ഒരു മെലഡി ട്യൂണുണ്ട് ! നിന്റെ വിശപ്പും ഞാൻ മാറ്റിത്തരാം വാ... ഞങ്ങടെ കൂടെ ''വിശന്നിരിക്കുന്നത് സഹിക്കാൻ കഴിയാത്ത അവൻ കേട്ടപാടെ ചാടി എണീറ്റ് ഒപ്പം കൂടി! അവനെയും സ്വന്തം കിടാവിനെയും കൂട്ടി കാവി പുരയിടത്തിന്റെയും വിപ്‌ളവ പറമ്പിന്റെയും ഒത്ത നടുവിലെത്തി. രണ്ടിടത്തോട്ടും എത്താൻ ''സമദൂര'' മേയുള്ളൂ. തങ്ങളോടു കഷ്ടം തോന്നി ഇതിലേതെങ്കിലും ഒരു പുരയിടത്തിലെ പുൽസമൃദ്ധിയിലേക്ക് ഉടമസ്ഥരിൽ ആരെങ്കിലും ഒന്ന് വിളിച്ചു കയറ്റണേ എന്ന പ്രാർത്ഥനയുമായി...

ഗായകനാദമുള്ള കൂട്ടുകാരനെയും സ്വന്തം കിടാവിനെയും ചേർത്തു പിടിച്ച് ''ഒറ്റയ്ക്ക്'' എന്ന ബോർഡും കഴുത്തിലണിഞ്ഞ് ആ വാൽസല്യനിധി നിൽപു തുടങ്ങി!