തിരുവനന്തപുരം: കൂട്ടമാനഭംഗത്തിന് ഇരയായ വീട്ടമ്മയെ പിന്തുണച്ച് പൂഞ്ഞാർ എംൽഎ പിസി ജോർജ് രംഗത്ത്. വെടിവച്ചു കൊല്ലണം ഈ പട്ടികളെ.. എന്നാണ് പിസി പറയുന്നത്. ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ക്രിമിനൽ കേസുകളിൽ എങ്കിലും രാഷ്ട്രീയ ഇടപെടലുകളും, പൊലീസിലെ അനാസ്ഥയും ഒഴിവാക്കിയില്ലെങ്കിൽ ജനം നിയമം കയ്യിലെടുക്കും. അവർക്കൊപ്പം ഞാനും ഉണ്ടാകും. എന്നും പി.സി കൂട്ടിച്ചേർക്കുന്നു.

തൃശ്ശൂരിൽ വീട്ടമ്മ ക്രൂരപീഡനത്തിന് ഇരായായ വാർത്ത ഭാഗ്യലക്ഷ്മിയാണ് വെളുപ്പെടുത്തിയത്. ഇന്ന് പത്രസമ്മേളനത്തിലൂടെ വീട്ടമ്മ നേരിട്ട് മാദ്ധ്യമങ്ങളുമായി സംസാരിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ഉൾപെടെ പ്രതിഷേധം കത്തിപ്പടരുകയാണ്. പ്രതികൾ ഭീഷണിപ്പെടുത്തി മൊഴി മാറ്റിച്ചെന്ന് പരാതിക്കാരി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

സിപിഐ(എം) വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ പി എൻ ജയന്തനും കൂട്ടരുമാണ് തന്നെ കൂട്ടബലാത്സംഗം ചെയ്തതെന്നാണ് യുവതി തിരുവനന്തപുരത്ത് വ്യക്തമാക്കിയത്. തന്റെ മേൽ പൊലീസിൽ നിന്നും കടുത്ത സമ്മർദ്ദമാണ് ഉണ്ടായത്. തിരുത്തിപ്പറയേണ്ട മൊഴി പഠിപ്പിച്ചത് പൊലീസ് സ്റ്റേഷനിൽ വച്ചാണ്. തുടർന്നാണ് മജിസ്ട്രേറ്റിനു മൊഴി നൽകിയതെന്നും അവർ പറഞ്ഞു.

രണ്ട് വർഷം മുമ്പ് നടന്ന സംഭവത്തെ കുറിച്ച് രണ്ടു ദിവസം മുൻപാണു ഭാഗ്യലക്ഷ്മി ഇതു സംബന്ധിച്ച പോസ്റ്റ് ഫേസ്‌ബുക്കിലിട്ടത്. ഇതിനു ശേഷം ഇന്നോളം പെൺകുട്ടിക്കു സാധാരണ ജീവിതത്തിലേക്ക് എത്താനായിട്ടില്ല. ഭർത്താവിനു സുഖമില്ലെന്നു പറഞ്ഞു വീട്ടിൽനിന്ന് ഇറക്കിക്കൊണ്ടുപോയായിരുന്നു സുഹൃത്തുക്കളുടെ പീഡനം.

പി.സി. ജോർജിനെപ്പോലെ തന്നെ നിരവധി ആളുകൾ വീട്ടമ്മയ്ക്ക് പിന്തുണയുമായി നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്. നിയമം അർഹിക്കുന്ന ശിക്ഷ പ്രതിക്ക് നൽകണമെന്നാണ് ഭൂരിഭാഗം പേരും വാദിക്കുന്നത്. അതേസമയം പ്രതിയെ നിയമത്തിന് വിട്ടു കൊടുക്കരുതെന്ന് പറയുന്നവരും ഉണ്ട്.