തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഇന്ന് പകരം വെക്കാനില്ലാത്ത നേതാവാണ് പി സി ജോർജ്ജ്. ശരിക്കം പറഞ്ഞാൽ അത്ഭുതപ്പെടുത്തുന്ന പ്രതിഭാസം. സർവത്ര സ്വതന്ത്രനായി വിലസുന്ന പി സി ജോർജ്ജ് മധ്യതിരുവിതാം കൂറിലെ മുന്നണികൾക്ക് ഒരു ഭീഷണിയായി വളർന്നു കഴിഞ്ഞു. പൂഞ്ഞാറിലെ തെരഞ്ഞെടുപ്പ് ഫലം മാത്രം പരിശോധിച്ചാൽ മതി പി സി ക്കുള്ള ജനപിന്തുണ വ്യക്തമാക്കാൻ. മൂന്ന് മുന്നണികൾക്കും ബദലായി പി സി ജോർജ്ജ് സ്വന്തമായി മത്സരിച്ചാണ് പൂഞ്ഞാറിൽ വിജയിച്ചത്. അത്രയ്ക്ക് ജനകീയനാണ് അദ്ദേഹം. എന്തായാലും തന്റെ ജനകീയതയുടെ ആഴമളക്കാൻ വേണ്ടി അദ്ദേഹം വീണ്ടും അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കയാണ്. മറ്റൊന്നുമല്ല, ഇടക്കാലം സ്വന്തമായി മുന്നണി രൂപീകരിച്ച് എല്ലാ മുന്നണികളോടും ഫൈറ്റ് ചെയ്യാനാണ് ജോർജ്ജിന്റെ നയം.

ഇപ്പോൾ ജോർജ്ജിന്റെ പ്രവർത്തനങ്ങൾ പൂഞ്ഞാറിൽ മാത്രം ഒതുങ്ങി നിൽക്കുന്ന വിധത്തിലല്ല. എല്ലാ രാഷ്ട്രീയ പാർട്ടിയിലെയും ആളുകൾ ജോർജ്ജിനെ ഇഷ്ടപ്പെടുന്നും. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്യുന്നു. നിയമസഭ കൂടിയാൽ പിന്നെ താരം ജോർജ്ജാണ് എല്ലാവരുടെയും വിഷയങ്ങൾ ഉന്നയിക്കാൻ ജോർജ്ജ് വേണം. അത് ഐടിക്കാരുടെ പ്രശ്‌നം മുതൽ സാധാരക്കാരുടെ പ്രശ്‌നം വരെ അദ്ദേഹം ഉന്നയിക്കും. അതുകൊണ്ട് തന്നെ ചുരുക്കത്തിൽ ജോർജ്ജ് എല്ലാവരുടെയും ജോർജ്ജാണ്.

രാഷ്ടരീയമായി പിണറായി വിജയനെ പുകഴ്‌ത്തുകയും വിമർശിക്കുകയും ചെയ്യുന്നുണ്ട് ജോർജ്ജ്. കടുത്ത ഭാഷയിൽ വിമർശിക്കാൻ ജോർജ്ജിനെ കഴിഞ്ഞേ മറ്റൊരാളുള്ളൂ താനും. സോഷ്യൽ മീഡിയയിലും ചാനലുകളിലും പി സി ജോർജ്ജ് തന്നെയാണ് ഇപ്പോഴും താരം. അതുകൊണ്ട് തന്നെ ജനകീയ നേതാവാണെന്ന പരിവേഷം അദ്ദേഹത്തിനുണ്ട് താനും. ഇങ്ങനെ നിരവധി പ്രത്യേകതകളുള്ള ജോർജ്ജ് കേരള രാഷ്ട്രീയത്തിൽ പ്രമുഖ മുന്നണികളെ ഒപ്പം നിർത്തി ഒരു രാഷ്ട്രീയ പരീക്ഷണത്തിന് തയ്യാറെടുക്കുകയാണ്. പൂഞ്ഞാറിൽ മുന്നണികളെ തകർത്തെറിഞ്ഞ ജനപക്ഷ രാഷ്ട്രീയം വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ഇതിന്റെ ഭാഗമായി പൂഞ്ഞാർ മോഡലിൽ സംസ്ഥാനമാകെ വ്യാപിക്കുന്ന വിധത്തിൽ ഒരു പുതിയ മുന്നണിക്കാണ് ജോർജ്ജ് തുടക്കമിടാൻ പോകുന്നത്.

സ്വന്തമായി പാർട്ടി രൂപീകരിക്കാതെ ജനപക്ഷ മുന്നണിയെന്ന നിലയിൽ പുതിയ കൂട്ടായ്മയാണ് ജോർജ് ലക്ഷ്യമിടുന്നത്. ഡിസംബറിൽ ഇതിന്റെ ആദ്യ യോഗം നടത്താനാണ് ആലോചന. ആദ്യഘട്ടത്തിൽ രണ്ട് ജില്ലകളിൽ കൺവെൻഷൻ വിളിച്ചു ചേർക്കും. ജനപക്ഷ മുന്നണിയുടെ ബാനറിലായിരുന്നു പൂഞ്ഞാറിൽ പിസി ജോർജ്ജ് സ്വതന്ത്രനായി മത്സരിച്ചത്. മണ്ഡലത്തിൽ ഇതിന് അംഗീകാരം കിട്ടിയ സാഹചര്യത്തിൽ പുതിയ സമ്മർദ ഗ്രൂപ്പ് ഉണ്ടാക്കുകയെന്ന ലക്ഷ്യവുമായാണ് ജോർജിന്റെ നീക്കം.

പത്തനംതിട്ടയിലായിരിക്കും ആദ്യ യോഗം. മലബാറിൽ കോഴിക്കോട്, മലപ്പുറത്തോ രണ്ടാം യോഗം സംഘടിപ്പിക്കാനുമാണ് ആലോചന. മലബാറിലെ മുസ്ലിം സംഘടകളിൽ ഒരുമുന്നണിയോടും യോജിപ്പില്ലാത്ത ചില സംഘടകളെ ലക്ഷ്യമിട്ടാണ് ജോർജിന്റെ നീക്കം. മലബാറിലെ യോഗവും ഇത് കണക്കുകൂട്ടിയാണ്. എസ്ഡിപിഐ, ഡിഎച്ച്ആർഎം എന്നിവയുടെ പിന്തുണയോടെയായിരുന്നു പൂഞ്ഞാറിൽ പിസി ജോർജ് മത്സരിച്ചത്. അരുവിക്കര ഉപതെരഞ്ഞെടുപ്പുകാലത്തും ഈ സംഘടനകളെ ഒപ്പം നിർത്തിയുള്ള സമാന്തര മത്സരം പിസി ജോർജിന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു. ഇതിന്റെ വിപുലീകൃത രൂപമാണ് ആലോചനയിൽ. ഇത് കൂടാതെ ചെറിയ ക്രിസ്ത്യൻ-ഹിന്ദു സംഘടനകളും ജോർജ്ജിനൊപ്പം അണിചേരും.

ഡൽഹിയിലെ ആം ആദ്മി പാർട്ടിയുടെ മാതൃകയിലായിരിക്കും മുന്നണിയുടെ പ്രവർത്തനരീതിയെന്ന് പിസി ജോർജ്ജ് പറഞ്ഞു. അഴിമതിക്കെതിരായ പോരാട്ടവും ഗ്രാമപഞ്ചായത്ത് തലങ്ങളിൽ ജനങ്ങളെ ഏകോപിപ്പിക്കുന്നതിനും ഊന്നൽ നൽകിയുള്ളതായിരിക്കും പാർട്ടിയുടെ പ്രവർത്തനമെന്നും ജോർജ്ജ് വ്യക്തമാക്കി. ജോർജ്ജ് തന്നെയാണ് മുന്നണിയുടെ നായകനെന്നതിൽ യാതൊരു തർക്കവുമില്ല. ഇടതെന്നോ വലതെന്നോ വ്യത്യാസമില്ലാതെ ജനവികാരത്തിന് അനുസരിച്ചു നീങ്ങുക എന്ന തന്ത്രം പയറ്റാനാണ് ജോർജ്ജ് ഒരുങ്ങുന്നത്. ഇങ്ങനെ ജനകീയ വിഷയങ്ങളിൽ മുന്നണിവ്യത്യാസമില്ലാതെ പ്രതികരിച്ച് ആളുകളെ അടുപ്പിക്കുന്ന ജോർജ്ജിന്റെ തന്ത്രം മുന്നണികൾക്ക് എത്രകണ്ട് ഭീഷണിയാകുമെന്ന് കാത്തിരുന്ന് കണ്ട് തന്നെ അറിയണം.