തിരുവനന്തപുരം: തൃപ്തി ദേശായി വരുന്ന 17 ന് ശബരിമലയിൽ എത്തും എന്ന വാർത്തയിൽ യാതൊരു അത്ഭുതവുമില്ലെന്ന് പി.സി ജോർജ്ജ് എംഎ‍ൽഎ. ശബരിമലയുടെ പരിസരത്ത് പോലും എത്താൻ തൃപ്തിക്ക് കഴിയില്ല. അതിനാൽ വരുന്ന കാര്യത്തിൽ ഒരു ആശങ്കയുമില്ല. കൊച്ചിയിൽ വന്നിറങ്ങുന്ന തൃപ്തിക്ക് വാഹനത്തിലല്ലേ ശബരിമലയ്ക്ക് തിരിക്കാൻ കഴിയൂ. അതിനിടയിൽ വിശ്വാസികൾ അവരെ തടഞ്ഞ് തിരിച്ചയക്കും എന്നും ജോർജ്ജ് മറുനാടൻ മലയാളിയോട് പറഞ്ഞു. മുഖ്യമന്ത്രിക്ക് അവർ കത്ത് നൽകി എന്നു കരുതി അവരെയും ചുമന്ന് കൊണ്ട് ശബരിമലയ്ക്ക് പോകാൻ പിണറായിയുടെ തലയ്ക്കകത്ത് കാച്ചിലാണോ? മഹാരാഷ്ട്രയിലുള്ള പാവങ്ങളെ പേടിപ്പിക്കുന്ന പോലെ കേരളത്തിലെ ആളുകളെ പേടിപ്പിക്കാൻ വന്നാൽ വിവരമറിയും. അവിടെ കാണിക്കുന്ന തമാശ കേരളത്തിൽ കാണിച്ചാൽ വലിയ അപകടം നേരിടേണ്ടി വരുമെന്നുള്ള മുന്നറിയിപ്പും പിസി തൃപ്തിക്ക് നൽകി. കൂടാതെ തലയ്ക്ക് സുഖമില്ലെങ്കിൽ ചികിത്സിക്കാനാണ് പോകേണ്ടത് അല്ലാതെ ശബരിമലയ്ക്കല്ല എന്നും അദ്ദേഹം പറഞ്ഞു.

വഴിയിൽ കൂടി പോകുന്നവർക്ക് തമാശ കളിക്കാൻ പറ്റിയ സ്ഥലമല്ല ശബരിമല. വിവാദങ്ങൾ തുടങ്ങിയപ്പോൾ ഉണ്ടായ അനിഷ്ട സംഭവങ്ങൾ എല്ലാവർക്കും അറിയാവുന്നതാണല്ലോ. വെള്ളപ്പൊക്കമായി ദുരിതമായി കൊടുങ്കാറ്റായി ഇപ്പം അവിടെ മഴ പെയ്യുകയും ചെയ്യുന്നുണ്ട്. പമ്പയാകെ തകർന്ന് കിടക്കുകയാണ്. പുനരുദ്ധാരണ പ്രവർത്തനങ്ങളോ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനോ ഒന്നും കഴിഞ്ഞിട്ടില്ല. ഇങ്ങനെയൊക്കെ സംഭവിച്ചിട്ടും ആരും ഒന്നും ഗൗരവമായി എടുത്തില്ല. ഇനിയും അത്തരം അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കുവാൻ വേണ്ടി എങ്കിലും സർക്കാർ ഈ നിലപാടിൽ നിന്നും പിന്നോട്ട് പോകണം, ഭക്തർക്കൊപ്പം നിൽക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേ സമയം പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്ത സമയം ഒരു യോഗം ശബരിമലയെ സംബന്ധിച്ച് വിളിച്ചിരുന്നു. ആ യോഗത്തിൽ കാസർഗോഡ് മുതൽ ശബരിമല വരെയും തിരുവനന്തപുരം മുതൽ ശബരിമല വരെയും 50 കിലോ മീറ്റർ ഇടവിട്ട് ഗസ്റ്റ് ഹൗസുകളും ശൗചാലയങ്ങളും മറ്റുമൊക്കെ ചെയ്യുമെന്നും അത് ടൂറിസം വകുപ്പിന് ഏറെ ഗുണം ചെയ്യുമെന്നും പറഞ്ഞിരുന്നു. ഇങ്ങനെ പറഞ്ഞപ്പോൾ അദ്ദേഹത്തെപറ്റി ഏറെ അഭിമാനം തോന്നിയിരുന്നു. ആ പിണറായി മൂന്ന് കൊല്ലം കൊണ്ട് ഇങ്ങനെ മാറിയത് കലികാല വൈഭവം എന്നല്ലാതെ എന്ത് പറയാനാണെന്നും പിസി പറയുന്നു. എരുമേലി വിമാനതാവളം ഉടൻ എന്ന് പറയുന്നുണ്ട്. അതിനെപറ്റിയും ഒരു വിവരവുമില്ല. പിണറായി സത്യപ്രതിജ്ഞ ചൊല്ലിയ സമയം ശരിയല്ല. ഹൈന്ദവ ശാസ്ത്രപ്രകാരം ഏറ്റവും മോശ സമയത്താണ് അത് നടന്നത്. അതു കൊണ്ട് ഭരണം പൂർത്തീകരിക്കാൻ കഴിയില്ലെന്നാണ് എല്ലാവരും പറയുന്നത്. അതു കൊണ്ട് പിണറായി ഏറെ ഗതികേടിലാണ്. ശബരിമല പ്രശ്നത്തിലൊഴിച്ച് മറ്റൊരു കാര്യത്തിലും ഞാൻ പിണറായിയെ കുറ്റപ്പെടുത്തില്ല എന്നും പിസി പറഞ്ഞു. ഭക്തർക്കൊപ്പം തന്റെയും പ്രവർത്തകരുടെയും എല്ലാ സഹായങ്ങളും പിൻതുണയുമുണ്ടാകുമെന്നും മറുനാടൻ മലയാളിയോട് പറഞ്ഞു.

കേരളത്തിലേക്ക് എത്തുമ്പോൾ എല്ലാ സുരക്ഷാ സൗകര്യങ്ങളും ഒരുക്കി നൽകണം എന്നാവശ്യപ്പെട്ടാണ് തൃപ്തി ദേശായി മുഖ്യമന്ത്രി പിററായി വിജയന് കത്തു നൽകിയത്. വിമാനം ഇറങ്ങുമ്പോൾ മുതൽ തിരികെ ദർശനം നടത്തി പോകുന്നത് വരെയുള്ള സമയത്ത് എന്തൊക്കെ കാര്യങ്ങൾ വേണെന്ന് നിർദ്ദേശിക്കുന്ന കത്താണ് തൃപ്തി ദേശായിയുടേത്. ഈമാസം 16 നാണ് തൃപ്തി ദേശായി ശബരിമല ദർശനത്തിനായി കേരളത്തിൽ എത്തുന്നത്. കൃത്യമായ പദ്ധതികളോടെയാണ് താൻ എത്തുന്നതെന്ന് സൂചന നൽകുന്ന കത്താണ് തൃപ്തിയുടേത്. അങ്ങനെയാണ് അവർ തന്റെ സന്ദർശനം ഷെഡ്യൂൾ ചെയ്തിരിക്കുന്നതും.

വിമാനത്താവളത്തിൽ വന്നിറങ്ങുമ്പോൾ മുതലുള്ള സുരക്ഷ ഒരുക്കണമെന്നാണ് തൃപ്തി ആവശ്യപ്പെടുന്നത്. തനിക്കൊപ്പം ആറ് യുവതികളും എത്തുന്നതായി അവർ വ്യക്തമാക്കുന്നുണ്ട്. വിമാനത്താവളത്തിൽ നിന്നും നേരെ കോട്ടയത്തേക്ക് പോകാനാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്നാണ് കത്തിൽ ചൂണ്ടിക്കാട്ടുന്നത്. തങ്ങൾക്ക് സഞ്ചരിക്കാൻ കാറ് ഏർപ്പാടു ചെയ്യണം. വാഹനങ്ങൾ വാടകയ്‌ക്കെടുക്കാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ല. അങ്ങനെ ചെയ്താൽ തങ്ങൾ ആക്രമിക്കപ്പെടും എന്ന സംശയമുള്ളതു കൊണ്ടാണെന്നും അതുകൊണ്ട് സർക്കാർ തന്നെ കാർ ഏർപ്പാടാക്കി നൽകണമെന്നും അവർ ആവശ്യപ്പെടുന്നു.

ഇങ്ങനെ സർക്കാർ ഏർപ്പാടാക്കിയ കാറിൽ സഞ്ചരിച്ച് കോട്ടയത്ത് എത്താനാണ് തൃപ്തിയുടെ പദ്ധതി. അന്നേദിവസം ഇവിടെ തങ്ങുന്നതിനുള്ള സുരക്ഷ ഒരുക്കേണ്ടതും സംസ്ഥാന സർക്കാറാണ്. അതിനായി ഗസ്റ്റ്ഹൗസോ ഹോട്ടൽ മുറികളോ വേണമെന്നും തൃപ്തി ദേശായി ആവശ്യപ്പടുന്നു. കോട്ടയത്തു നിന്നും ശബരിമലയിലേക്ക് പുറപ്പെടുന്ന സമയം അടക്കം കൃത്യമായി കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 17ന് രാവിലെ അഞ്ച് മണിക്ക് പുറപ്പെട്ട് രണ്ട് മണിക്കൂർ യാത്ര ചെയ്ത് സന്നിധാനത്ത് ഏഴ് മണിയോടെ ദർശനത്തിന് സൗകര്യം ഒരുക്കണമെന്നാണ് ആവശ്യം. തന്റെ ജീവന് ഭീഷണി ഉണ്ടെന്നും തന്നെ വകവരുത്താൻ തയ്യാറായി ആർഎസ്എസ്- ബിജെപി പ്രവർത്തകരും, കോൺഗ്രസിന്റെ ആളുകളും മറ്റു അയ്യപ്പഭക്തരും ഉണ്ടെന്നും അതുകൊണ്ട് ആളുകൾ നിയമം കൈയിലെടുക്കാതെ സുരക്ഷ ഒരുക്കേണ്ട ചുമതല സർക്കാറിന് ഉണ്ടെന്നും തൃപ്തി കത്തിൽ എടുത്തു പറയുന്നു.

ജനാധിപത്യരീതിയിൽ തങ്ങൾക്കുള്ള അവകാശം വിനിയോഗിക്കാനാണ് തങ്ങൾ എത്തുന്നതെന്നും തൃപ്തി പറയുന്നു. അതേസമയം കേരളത്തിൽ എത്തുന്നത് മുതൽ ദർശനം പൂർത്തിയാക്കി തിരിച്ചു പോകുന്നത് വരെയുള്ള ചെലവ് കേരള സർക്കാർ വഹിക്കണെന്നാണ് തൃപ്തി ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ മഹാരാഷ്ട്ര സർക്കാരുമായി ആലോചിക്കാവുന്നതാണെന്നും അവർ പറയുന്നു. യാത്ര, താമസം, ഭക്ഷണം തുടങ്ങിയ കാര്യങ്ങൾ സർക്കാർ വഹിക്കണമെന്നാണ് ആവശ്യം. സ്വന്തം പോക്കറ്റിൽ നിന്നും പണം വഹിക്കുമെന്ന കാര്യം തൃപ്തി ദേശായി പറയുന്നില്ല. മറിച്ച് തങ്ങൾ ആവശ്യമെങ്കിൽ എല്ലാ ബില്ലുകളും നൽകാമെന്നും അവർ കത്തിൽ പറയുന്നു. ദർശനം നടത്താതെ താൻ മടങ്ങില്ല. മടങ്ങിപ്പോകുന്നതിന് വിമാനടിക്കറ്റ് എടുത്തിട്ടില്ലെന്നും കത്തിൽ പരാമർശിക്കുന്നുണ്ട്. ഈ കത്ത് പുറത്ത് വന്നയുടൻ തന്നെയാണ് പിസി ജോർജ്ജ് ഇക്കാര്യത്തിൽ കടുത്ത നിലപാടുമായി മുൻപോട്ട് വന്നത്.