- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രമേഷ് പിഷാരടി പ്രചരണത്തിന് വന്നിട്ട് ഞാനുൾപ്പെടെയുള്ളവർ ജയിച്ചു; സൈബർ ആക്രമണം നേരിടുന്ന നടനെ പിന്തുണച്ച് ചിത്രവും കുറിപ്പും പങ്കുവെച്ച് പിസി വിഷ്ണുനാഥ്
തിരുവനന്തപുരം: കോൺഗ്രസിന് വേണ്ടി പ്രചരണത്തിന് ഇറങ്ങി എന്ന കാരണത്താൽ നടൻ പിഷാരടിക്കെതിരെ കടുത്ത സൈബർ ആക്രമണമാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇടതു പ്രൊഫൈലുകൾ പിഷാരടിയെ ആക്രമിക്കുമ്പോഴും പ്രതിരോധം തീർത്തു കൊണ്ട് കുറച്ച് കോൺഗ്രസുകാരും രംഗത്തുവന്നിരുന്നു. കുണ്ടറയിൽ നിന്നും വിജയിച്ചു കയറി പി സി വിഷ്ണുനാഥാണ ഇക്കൂട്ടത്തിൽ ഒരാൾ.
നടൻ രമേശ് പിഷാരടി പ്രചരണത്തിനെത്തിയ കോൺഗ്രസ് നേതാക്കളെല്ലാം തെരഞ്ഞെടുപ്പിൽ പാരജയപ്പെട്ടെന്ന് ആക്ഷേപിച്ചുകൊണ്ടുള്ള സൈബർ ആക്രമണത്തിനെതിരെ പ്രതിഷേധവുമായാണ് വിഷ്ണുനാഥ് രംഗത്തുവന്നത്. വ്യത്യസ്ത രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരോട് കോൺഗ്രസിനും യുഡിഎഫിനുമുള്ള സഹിഷ്ണുത നിർഭാഗ്യവശാൽ ചില എൽഡിഎഫ് പ്രവർത്തകർക്ക് ഇല്ലാതെ പോയെന്ന് വിഷ്ണുനാഥ് കുറ്റപ്പെടുത്തി. പിഷാരടി പ്രചരണത്തിനെത്തിയതിൽ താനുൾപ്പടെ പലരും വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം തിരുത്തി.
ഇത്തവണ ചലച്ചിത്ര മേഖലയിൽ നിന്നുൾപ്പെടെ ഐക്യജനാധിപത്യ മുന്നണിക്കുവേണ്ടി ഒത്തിരി കലാകാരന്മാർ പ്രചാരണത്തിന് എത്തിയിരുന്നു. അതിൽ ഏറ്റവുമധികം നിയോജക മണ്ഡലങ്ങളിൽ പ്രസംഗിച്ചതും റോഡ്ഷോയിൽ പങ്കെടുത്തതും രമേശ് പിഷാരടിയാണ്. സ്വതസിദ്ധമായ നർമ്മാവിഷ്കാരത്തിലൂടെ മലയാളിയുടെ ഹൃദയത്തിൽ ഇടംനേടിയ ആ കലാകാരൻ ഇപ്പോൾ സൈബർ അക്രമണത്തിന് വിധേയനാവുന്ന ദുഃഖകരമായ കാഴ്ചയാണ്. ഇതിനെതിരെ പിഷാരടിക്കൊപ്പം നിൽക്കുമെന്നും ചേർത്തുപിടുക്കുമെന്നും പിസി വിഷ്ണുനാഥ് കൂട്ടിച്ചേർത്തു. പിഷാരടി തനിക്കൊപ്പം റോഡ് ഷോ നടത്തുന്നതിന്റെ ചിത്രം കൂടി പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പിസി വിഷ്ണുനാഥിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായ് നിരവധി കലാകാരന്മാരും സാംസ്കാരിക പ്രവർത്തകരും വിവിധ ചേരികളുടെയും വ്യക്തികളുടെയും വേദികളിലെത്തിയിട്ടുണ്ട്; പ്രബുദ്ധതയുള്ള ഒരു ജനാധിപത്യ സമൂഹം അതിനെയെല്ലാം പോരാട്ടകാലത്തെ സ്പോർട്സ്മാൻ സ്പിരിറ്റിൽ മാത്രമേ കണ്ടിട്ടുള്ളൂ.
എൽഡിഎഫ് സ്ഥാനാർത്ഥികളുമായ് വേദി പങ്കിടുകയും അവർക്കുവേണ്ടി സമൂഹമാധ്യമങ്ങളിലുൾപ്പടെ നിലകൊള്ളുകയും ചെയ്ത ഒരു സാംസ്കാരിക പ്രവർത്തകന്റെയും സിനിമകൾ കാണരുതെന്നോ, സർഗസൃഷ്ടികൾ ആസ്വദിക്കരുതെന്നോ, അവരെ കേൾക്കരുതെന്നോ ഒരുകാലത്തും കോൺഗ്രസോ യുഡിഎഫോ പറഞ്ഞിട്ടില്ല. ആരുടെയും സോഷ്യൽ മീഡിയ പ്രൊഫൈലിന് കീഴെ വ്യക്തിവിദ്വേഷം ഛർദ്ദിച്ചുവെച്ചിട്ടില്ല. കാരണം, രാജ്യത്ത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും വിശാലമായ വാതായനങ്ങൾ തുറന്നിട്ട പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. കലയെയും സർഗാത്മകതയെയും രാഷ്ട്രീയപക്ഷപാതിത്വത്തോടെ വിലയിരുത്തരുതെന്ന സുവ്യക്തമായ ചിന്തയാണ് ഞങ്ങൾക്കുള്ളത്.
നിർഭാഗ്യവശാൽ, അത്തരമൊരു സഹിഷ്ണുത ചില എൽഡിഎഫ് പ്രവർത്തകരുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നില്ല. ഇത്തവണ ചലച്ചിത്ര മേഖലയിൽ നിന്നുൾപ്പെടെ ഐക്യജനാധിപത്യ മുന്നണിക്കുവേണ്ടി ഒത്തിരി കലാകാരന്മാർ പ്രചാരണത്തിന് എത്തിയിരുന്നു. അതിൽ ഏറ്റവുമധികം നിയോജക മണ്ഡലങ്ങളിൽ പ്രസംഗിച്ചതും റോഡ്ഷോയിൽ പങ്കെടുത്തതും രമേശ് പിഷാരടിയാണ്. സ്വതസിദ്ധമായ നർമ്മാവിഷ്കാരത്തിലൂടെ മലയാളിയുടെ ഹൃദയത്തിൽ ഇടംനേടിയ ആ കലാകാരൻ ഇപ്പോൾ സൈബർ അക്രമണത്തിന് വിധേയനാവുന്ന ദുഃഖകരമായ കാഴ്ചയാണ്.
രമേശ് പിഷാരടി പ്രചാരണത്തിന് എത്തിയതിൽ ഞാനുൾപ്പെടെ നിരവധി പേർ ജയിച്ചു വന്നിട്ടുണ്ട്. ജയവും തോൽവിയും തിരഞ്ഞെടുപ്പുകളിൽ സ്വാഭാവികമാണെന്നിരിക്കെ, ഒരു പരാജയത്തിന്റെ പേരിൽ പ്രചാരണത്തിന് എത്തിയ കലാകാരനെ വ്യക്തിപരമായി അക്രമിക്കുന്നവർ എന്തുതരം സഹിഷ്ണുതയെക്കുറിച്ചാണ് വാതോരാതെ സംസാരിക്കുന്നത്? എന്തുതരം ജനാധിപത്യ ബോധമാണ് നിങ്ങളുടെ ഉള്ളിലുള്ളത്? എത്രമാത്രം കപട പുരോഗമന മുഖമാണ് നിങ്ങൾ അണിയുന്നത്? ' എഴുത്തോ കഴുത്തോ? ' വേണ്ടതെന്ന് ചോദിക്കുന്ന ഫാസിസ്റ്റ് രാജ്യത്തല്ല നാം ജീവിക്കുന്നത്.രമേശ് പിഷാരടി എന്ന കലാകാരനെ, സുഹൃത്തിനെ, രാഷ്ട്രീയബോധമുള്ള വ്യക്തിയെ ചേർത്തുപിടിക്കുക എന്നത് ജനാധിപത്യ ചേരിയുടെ കടമയും ഉത്തരവാദിത്തവുമാണ്; അത് ഞങ്ങൾ ചെയ്തിരിക്കും.
രു തോൽവികൊണ്ട് അസ്തമിക്കുന്ന രാഷ്ട്രീയ സംഹിതയല്ല ഇന്ത്യൻ നാഷണൽ കോൺഗ്രസ്; അത് ഇന്ത്യയുടെ ആത്മാവാണ്; ഇന്ത്യയുള്ള കാലത്തോളം ജ്വലിച്ചുനിൽക്കുന്ന ആശയധാരയാണ്. അതുകൊണ്ടാണ്, പത്തുവർഷം തുടർച്ചയായി അധികാരത്തിൽ നിന്ന് പുറത്തെറിയപ്പെട്ടിട്ടും പൂർവാധികം ശക്തിയോടെ പഞ്ചാബിൽ തിരികെ ഭരണത്തിലേറാൻ സാധിച്ചത്; അതുകൊണ്ടാണ് നീണ്ട ഒന്നര പതിറ്റാണ്ട് പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നിട്ടും വലിയ ഭൂരിപക്ഷത്തിൽ ചത്തീസ്ഗഢിൽ തിരിച്ചുവരാൻ സാധിച്ചത്; അധികം അകലേക്ക് പോകേണ്ട തൊട്ടടുത്ത തമിഴ്നാട്ടിൽ പത്തുവർഷം പ്രതിപക്ഷത്തിരുന്നതിനു ശേഷം ഡിഎംകെ-കോൺഗ്രസ് സഖ്യത്തെ ചരിത്ര ഭൂരിപക്ഷത്തോടെ ജനം ആശിർവദിച്ചതും കഴിഞ്ഞ ആഴ്ച നാം കണ്ടു.
ക്രിയാത്മക പ്രതിപക്ഷമായ്, ജനങ്ങൾക്കൊപ്പം യുഡിഎഫ് നിലയുറപ്പിക്കും. സഹിഷ്ണുതയും ജനാധിപത്യബോധവും ഉയർത്തിപ്പിടിച്ചു മുന്നോട്ടുപോകും...ആശയത്തെ ആശയപരമായി നേരിടാൻ പ്രിയപ്പെട്ട എൽഡിഎഫ് സൈബർ ടീമിനോട് അഭ്യർത്ഥിക്കുന്നു. നമുക്ക് ആരോഗ്യപരമായ ഒരു രാഷ്ട്രീയ സംവാദം രൂപപ്പെടുത്താം.
മറുനാടന് ഡെസ്ക്