ന്യൂഡൽഹി: ബിജെപിയെ പരാജയപ്പെടുത്താൻ സാധിക്കുമെന്ന് പ്രതിപക്ഷ പാർട്ടികൾ വിശ്വസിക്കണമെന്നും ബിഹാർ തെരഞ്ഞെടുപ്പ് അത് തെളിയിക്കുമെന്നം മുൻ കേന്ദ്രമന്ത്രി പി ചിദംബരം. ബിജെപിയുടെ വിജയശതമാനം കുറഞ്ഞുവരികയാണെന്ന് 2019 ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളെയും ഉപതിരഞ്ഞെടുപ്പുകളെയും ഉദാഹരിച്ചു കൊണ്ട് ചിദംബരം ചൂണ്ടിക്കാട്ടി.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ഉപതിരഞ്ഞെടുപ്പുകൾ അടക്കം 381 നിയമസഭാ സീറ്റുകളിലാണ് ബിജെപി സ്ഥാനാർത്ഥികൾ മത്സരിച്ചത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഈ 381 നിയമസഭാ സീറ്റുകളിൽ 319 എണ്ണം ബിജെപി സ്ഥാനാർത്ഥികൾ നേടി. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ഈ സീറ്റുകളിൽ 163ൽ മാത്രമാണ് ബിജെപി സ്ഥാനാർത്ഥികൾക്ക് വിജയിക്കാനായതെന്ന് ചിദംബരം പറഞ്ഞു.

'ആരാണ് പറഞ്ഞത് ബിജെപിയെ പരാജയപ്പെടുത്താൻ സാധിക്കില്ലെന്ന്? ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുമെന്ന് പ്രതിപക്ഷ പാർട്ടികൾ വിശ്വസിക്കണം. ഇത് ബിഹാറിൽ തെളിയിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു', അദ്ദേഹം പറഞ്ഞു.

ബിഹാർ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഒക്ടോബർ 28ന് ആയിരുന്നു. ശേഷിക്കുന്ന രണ്ട് ഘട്ട വോട്ടെടുപ്പ് നവംബർ മൂന്ന്, ഏഴ് തീയതികളിൽ നടക്കും. വോട്ടെണ്ണൽ നവംബർ 10 ന് നടക്കും.