- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആദ്യ ലക്ഷ്യം ഗോവ; ഗോവ പിടിച്ചാൽ ഡൽഹിയും പിടിക്കാം' ; കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് പി ചിദംബരം; ഗോവയിൽ ജയിക്കുന്നവർ ലോകസഭ തെരഞ്ഞെടുപ്പിലും വിജയിക്കുമെന്നും ചിദംബരം
പനാജി: ഗോവ നിയമസഭാ തിരഞ്ഞെടുപ്പിലും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് പാർട്ടി മുന്നേറ്റമുണ്ടാക്കുമെന്ന ആത്മവിശ്വാസം പങ്കുവെച്ച് മുതിർന്ന നേതാവ് പി ചിദംബരം. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ പ്രചാരണ ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോവ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ളയാളാണ് പി ചിദംബരം.
'ചരിത്രത്തെ അടിസ്ഥാനപ്പെടുത്തി ഞാനൊരു കാര്യം പറയട്ടെ, ഗോവ തിരഞ്ഞെടുപ്പിൽ വിജയിക്കുന്നവർ ലോക്സഭാ തിരഞ്ഞെടുപ്പിലും വിജയിക്കും. 2007ൽ ഗോവയിൽ കോൺഗ്രസ് ജയിച്ചു. അതിനു ശേഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചു. 2012ൽ കോൺഗ്രസ് ഗോവയിൽ പരാജയപ്പെട്ടു. പിന്നാലെ 2014ൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടു. 2017ൽ ഗോവയിൽ പരാജയപ്പെട്ടു, 2019ലെ പൊതുതിരഞ്ഞെടുപ്പിലും പരാജയപ്പെട്ടു. അതാണ് ചരിത്രം. എന്നാൽ 2022ൽ കോൺഗ്രസ് പാർട്ടി ഗോവയിൽ വൻഭൂരിപക്ഷത്തോടെ വിജയിക്കും. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് അധികാരത്തിലെത്തും. ആ ധൈര്യത്തിലും ആത്മവിശ്വാസത്തിലുമാണ് കോൺഗ്രസ് പാർട്ടി പ്രവർത്തിക്കുന്നത്'അദ്ദേഹം കൂട്ടിച്ചേർത്തു.
2022ൽ അധികാരം നേടി കോൺഗ്രസ് ഗോവയുടെ സുവർണകാലഘട്ടത്തെ തിരിച്ചുകൊണ്ടുവരും. ഗോവയെ ഗോവക്കാർ തന്നെ ഭരിക്കും. രാഷ്ട്രീയ നുഴഞ്ഞുകയറ്റക്കാരെ സംസ്ഥാനത്ത് വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
2017ൽ ഗോവയിൽ ഏറ്റവും കൂടുതൽ സീറ്റ് നേടിയ ഒറ്റകക്ഷി കോൺഗ്രസ് ആയിരുന്നെങ്കിലും പ്രാദേശിക പാർട്ടികളുമായും സ്വതന്ത്രരുമായും സഖ്യം ചേർന്ന് ബിജെപി സർക്കാർ അധികാരത്തിലെത്തുകയായിരുന്നു. സംസ്ഥാനത്തെ 40 അംഗ നിയമസഭയിൽ നിലവിൽ കോൺഗ്രസിന് നാല് എംഎൽഎമാരാണുള്ളത്.
മറുനാടന് മലയാളി ബ്യൂറോ