- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മംഗലശ്ശേരി നീലകണ്ഠായ നമോസ്തുതേ; എം ബി രാജേഷിന്റെ പ്രചരണ വിഡീയോയ്ക്കെതിരെ വിമർശനവുമായി സാമൂഹ്യപ്രവർത്തക പി ഗീത; ആ പൗരുഷ ധാർഷ്ട്യം ഒരു ഫ്യൂഡൽ പ്രഭുവിന്റേതാണെന്നും ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: എൽഡിഎഫിന്റെ തൃത്താല സ്ഥാനാർത്ഥിയും മുൻ എംപിയുമായ എം.ബി രാജേഷിന്റെ സിനിമാ സ്റ്റൈൽ പ്രചരണ വീഡിയോയെ വിമർശിച്ച് സാമൂഹ്യപ്രവർത്തക പി ഗീത.ദേവാസുരം സിനിമയിലെ മോഹൻലാൽ അവതരിപ്പിച്ച മംഗലശ്ശേരി നീലകണ്ഠനാണ് മലയാളികളായ രാഷ്ട്രീയ പ്രവർത്തകരെ ഏറ്റവും സ്വാധീനിച്ച കഥാപാത്രമെന്ന് പി ഗീത കുറിപ്പിലൂടെ പറഞ്ഞു.
തൃത്താലയിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ ഷൂ എൻട്രി ,കുട ചൂടൽ , നടത്തം ഒക്കെ ഒരൊത്ത ആണിനു ചേർന്നതാക്കി മാറ്റിയിട്ടുണ്ട്. എന്നാൽ സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്ന ആ പൗരുഷ ധാർഷ്ട്യം ഒരു ഫ്യൂഡൽ പ്രഭുവിന്റേതാണെന്നും ഇവർ പറയുന്നു.രക്ഷകപുരുഷഭാവത്തോടെ നാടിനെയും നാട്ടാരെയും അഭിസംബോധന ചെയ്യുന്നയാൾക്ക് എന്തു തരം ജനാധിപത്യ പ്രാതിനിധ്യമാണ് അവകാശപ്പെടാനുള്ളതെന്നും പി ഗീത കുറിപ്പിലൂടെ ചോദിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
ഒരു കാര്യം വളരെ വ്യക്തമാണ്.
മംഗലശ്ശേരി നീലകണ്ഠനാണ് മലയാളികളായ രാഷ്ട്രീയ പ്രവർത്തകരെ ഏറ്റവും സ്വാധീനിച്ച കഥാപാത്രം. തൃത്താലയിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ ഷൂ എൻട്രി ,കുട ചൂടൽ , നടത്തം ഒക്കെ ഒരൊത്ത ആണിനു ചേർന്നതാക്കി മാറ്റിയിട്ടുണ്ട്. അപ്രതിരോധ്യനാട്യത്തിലൂടെ നടപ്പിലൂടെ സ്ഥാപിച്ചെടുക്കുന്ന ആ പൗരുഷ ധാർഷ്ട്യം ഒരു ഫ്യൂഡൽ പ്രഭുവിന്റേതാണെന്നു ആരാണ് ഇവരെ തിരിച്ചറിയിക്കുക? രക്ഷകപുരുഷഭാവത്തോടെ നാടിനെയും നാട്ടാരെയും അഭിസംബോധന ചെയ്യുന്നയാൾക്ക് അഹോ കഷ്ടം എന്തു തരം ജനാധിപത്യ പ്രാതിനിധ്യമാണ് അവകാശപ്പെടാനുള്ളത് !
മംഗലശ്ശേരി നീലകണ്ഠായ നമോസ്തുതേ
എം.ബി രാജേഷിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് സിനിമാ സ്റ്റൈൽ വിഡിയോ അവതരണവുമായി സിപിഐഎം രംഗത്ത് വന്നത്. കാലാ എന്ന രജനീകാന്ത് സിനിമയിലെ ബാക്ക് ഗ്രൗണ്ട് സ്കോറിനൊപ്പം സിനിമാ സ്റ്റൈലിൽ സ്ലോ മോഷനിൽ എം.ബി രാജേഷ് പുറത്തിറങ്ങുന്ന വീഡീയോ ആണ് പാർട്ടി പ്രവർത്തകരും എം.ബി രാജേഷും ഉൾപ്പെടെ പങ്കുവച്ചിരിക്കുന്നത്. കാലാ സിനിമയിലെ രജനീകാന്തിനെ അനുകരിച്ചുള്ളതാണ് വീഡിയോ.
ജീപ്പോടിച്ച് പാലത്തിലൂടെ എത്തുന്ന രാജേഷ്. സ്ലോ മോഷനിൽ ജീപ്പിൽ നിന്ന് ഇറങ്ങി കുട ചൂടി നടന്നു വരുന്നതാണ് വിഡിയോയുടെ ആശയം. മികച്ച പാർലമെന്റേറിയൻ ഇനി തൃത്താലയ്ക്ക് സ്വന്തം എന്ന വാചകവും വിഡിയോയിലുണ്ട്. ഇടതുഅനുകൂല പേജുകളും ആഷിക് അബു, ഷൈൻ ടോം ചാക്കോ, മാലാ പാർവ്വതി തുടങ്ങിയവരും വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.