- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാർട്ടി നേതൃത്വത്തിൽ പണാപഹരണം നടക്കുന്നതായി പിബി അംഗത്തെ അറിയിച്ചിരുന്നു. ചെക്കുകളുടെ ഫോട്ടോസ്റ്റാറ്റും വിശദവിവരങ്ങളും അടങ്ങിയ പരാതി എന്തുകൊണ്ട് അന്വേഷിച്ചില്ല? ചെക്കുകൾ വീഴുങ്ങുന്ന ആളിന്റെ കയ്യിൽ സമസ്ത അധികാരങ്ങളും; പണം മുക്കിയ മന്ത്രി! പിജിയെ ജി ശക്തിധരൻ അനുസ്മരിക്കുമ്പോൾ
കൊച്ചി: പാർട്ടി നേതൃത്വത്തിൽ പണാപഹരണം നടക്കുന്നതായി അദ്ദേഹം നൽകിയ ചെക്കുകളുടെ ഫോട്ടോസ്റ്റാറ്റും വിശദവിവരങ്ങളും അടങ്ങിയ നിരവധി പരാതി അദ്ദേഹത്തിന്റെ അടുപ്പക്കാരനായ പിബി അംഗത്തിനും സംസ്ഥാന സെക്രട്ടറിക്കും അദ്ദേഹം അയച്ചു. ഒരു അന്വേഷണവും നടന്നില്ല. എന്തുകൊണ്ട്?-ഈ ചോദ്യം ഉയർത്തുന്നത് ദേശാഭിമാനിയിൽ നിന്ന് പുറത്താക്കപ്പെട്ട ജി ശക്തിധരനാണ്. പി ഗോവിന്ദപിള്ളയുടെ ഓർമ്മദിനത്തിൽ ഫെയ്സ് ബുക്ക് പോസ്റ്റിലൂടേയാണ് കമ്യൂണിസ്റ്റ് താത്വികാചാര്യനായിരുന്ന പിജിക്ക് പാർട്ടിയിൽ സംഭവിച്ചത് എന്തെന്ന് ശക്തിധരൻ വിശദീകരിക്കുന്നത്. ഈ പോസ്റ്റ് വൈറലാകുകയാണ്.
ജി ശക്തിധരന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ചുവടെ
കമ്മ്യുണിസം ചില തിരുത്തലുകൾ
അന്നൊരു ശനിയാഴ്ചയായിരുന്നു .സിപിഎം സംസ്ഥാന കമ്മിറ്റിക്ക് ശേഷമുള്ള പതിവ് പാർട്ടി റിപ്പോർട്ടിങ്ങിനു ദേശാഭിമാനി കൊച്ചി യൂണിറ്റിലെ പാർട്ടി അംഗങ്ങളുടെ ജനറൽ ബോഡി ചേർന്ന ദിവസം .ആ ദിവസത്തെ കുറിച്ച് എന്റെ ഡയറിയിൽ (1982 സെപ്റ്റംബർ 18 ന്റെ താളിൽ) എഴുതിയ ഏതാനും വരികൾ ഇങ്ങിനെ: ' ഞെട്ടിക്കുന്ന വിവരമാണ് ഇന്ന് കേട്ടത്. പിജിയെ പാർട്ടി സംസ്ഥാനകമ്മിറ്റിയിൽ നിന്നും ദേശാഭിമാനിയുടെ എഡിറ്റർ പദവിയിൽ നിന്നും നീക്കി. പകരം നായനാരെ ചീഫ് എഡിറ്റർ ആയും സി പി യെ (സി പി നാരായണനെ) എഡിറ്റർ ആയും നിയമിച്ചു. ലോറൻസ് (എം എം ലോറൻസ്) ആണ് തീരുമാനം റിപ്പോർട്ട് ചെയ്തത്. ' ഇത്രമാത്രമേ ഞാൻ ആ ദിവസത്തെ കുറിച്ച് ഡയറിയിൽ രേഖപ്പെടുത്തിയിട്ടുള്ളൂ. പാർട്ടി യോഗം സംബന്ധിച്ച വിവരങ്ങൾ വിശദമായി ഡയറിയിൽ കുറിക്കുന്ന ശീലമുള്ള ഒരാളായിരുന്നില്ല ഞാൻ.ഡയറി നഷ്ടപ്പെട്ടാൽ അത് അപകടം ചെയ്യുമെന്ന് ബോധ്യമുള്ളതുകൊണ്ടാണത്. എന്നാൽ ആ ദിവസത്തെ യോഗത്തെ കുറിച്ച് ഓർമ്മയിലുള്ള ചിലത് കൂടി പറയാതിരിക്കാൻ ആവില്ല.
ആ യോഗം പൊടുന്നനെ ശവപറമ്പിൽ ഒത്തുചേർന്ന പ്രതീതിയിലേക്ക് എടുത്തെറിയപ്പെട്ടത് സ്വാഭാവികം . ആരും ഒന്നും മിണ്ടുന്നില്ല. ദശാബ്ദങ്ങൾ പിജിയോടൊപ്പം ഒരു കുടുംബം പോലെ ജീവിച്ചവർ ആണ് അതിൽ മിക്കവരും. പലരും കരച്ചിലിന്റെ വക്കത്തായിരുന്നു. ഒരു സൂചി വീണാൽ കേൾക്കുന്ന നിശ്ശബ്ദത. അതിനിടെ ഗദ്ഗദ ത്തോടെ ഒരു ശബ്ദം മാത്രം ഉയർന്നു. പ്രൂഫിൽ ജോലിചെയ്തിരുന്ന മുപ്പതോളം വയസ്സ് പ്രായമുള്ള ഒ എസ് രാജപ്പൻ..അദ്ദേഹം ചോദിച്ചു 'എന്ത് കുറ്റം ചെയ്തതിനാണ് ഈ നടപടി? ആ നിശബ്ദതയിൽ വെടിപൊട്ടും പോലെ ആ ചോദ്യം മുഴങ്ങി. സ ലോറൻസിന്റെ പ്രതികരണം കടുപ്പത്തിലായിരുന്നു. അതൊന്നും ഇവിടെ അല്ല ചോദിക്കേണ്ടത്. നിങ്ങളുടെ ഘടകത്തിൽ പോയി ചോദിക്കാം. ആ മറുപടി ആരെയും തൃപ്തിപ്പെടുത്തുന്നതല്ലെന്നു ലോറൻസിന് തിരിച്ചറിയാനായതുകൊണ്ടാകാം, 'സാമ്പത്തിക ഇടപാടിലെ ആരോപണം ' ആണ് നടപടിക്ക് വഴിവെച്ചതെന്ന് സ ലോറൻസ് പറയാതെ പറഞ്ഞുവെച്ചു.
അധ്യക്ഷൻ യോഗം പിരിച്ചു വിട്ടതുകൊണ്ടാണോ അതോ സ ലോറൻസ് എണീറ്റ് പോയതുകൊണ്ടാണോ യോഗം അവസാനിച്ചതെന്ന് ഓർമ്മവരുന്നില്ല. അന്ന് ഒരു മരണവീടിന് സമാനമായിരുന്നു ദേശാഭിമാനി. കമ്പോസിറ്റർമാർ ഡ്യുട്ടിക്ക് വൈകിട്ട് എത്തിയപ്പോൾ അവരുടെ ഉറ്റ ബന്ധു മരിച്ച മുഖഭാവം ആയിരുന്നു ഏവർക്കും . ആർക്കും പരസ്പരം മിണ്ടാട്ടമില്ല. ചുമരുകൾക്ക് പോലും ശ്രവണ ശേഷിയുള്ളതുകൊണ്ടാവാം വായിൽ നാവ് ഉണ്ടെന്നത് ആരും ഓർമ്മിച്ചില്ല. പാർട്ടി തീരുമാനങ്ങളിൽ കടുകിട വിട്ടുവീഴ്ച കാണിക്കാത്ത എന്റെ ന്യൂസ് എഡിറ്റർ എന്റെ അടുത്തുവന്ന് ചെവിയിൽ ഉപദേശിച്ചത് ഇന്നും എനിക്ക് ഓർമയുണ്ട്. ' ശക്തി മുറിയിൽ പോയി വിശ്രമിച്ചിട്ട് ,വൈകിട്ട് എത്തിയാൽ മതി ' ഞാൻ എന്റെ മുറിയിൽ പോയി വാതിലടച്ച് പൊട്ടി പൊട്ടി കരഞ്ഞു. കൂടുതൽ എഴുതിയാൽ ഇനിയും നീണ്ടു പോകും എന്നതുകൊണ്ട് അതിന് മുതിരുന്നില്ല. അതൊരു നോവൽ ആയിപ്പോകും.
നേരം പുലർന്നപ്പോൾ ഞാൻ കൊച്ചിയിൽനിന്ന് തിരുവനന്തപുരത്ത് സുഭാഷ് നഗറിലെ പിജിയുടെ വീട്ടിൽ എത്തി. മുഖം വിഹ്വലമായിരുന്നെങ്കിലും പിജി എല്ലാം എന്നിൽ നിന്ന് മറച്ചുവെച്ചു കൃതൃമമായി ഉറക്കെ ചിരിക്കുകയും ഉച്ചത്തിൽ സംസാരിക്കുകയും ചെയ്തുകൊണ്ടിരുന്നു. സഹികെട്ട് ഞാൻ പറഞ്ഞു 'ഇനി ഇങ്ങിനെ ഇരുന്ന് നാടകം കളിക്കരുത്. ഞാനിവിടെ നിലവിളിച്ച് കരയും പിജി .എനിക്ക് പിടിച്ച് നിൽക്കാനാകുന്നില്ല പിജീ ' . പിജിക്ക് മനസിലായി എനിക്ക് നിയന്ത്രണം വിടുകയാണെന്ന്.നമുക്ക് മുകളിൽ പോകാം എന്ന് പറഞ്ഞ് ലൈബ്രറിയിൽ കൊണ്ടുപോയി ഇരുത്തി. പിന്നെ സംഭാഷണം ഇങ്ങിനെയാണ് പര്യവസാനിച്ചതെന്ന് എനിക്ക് ഓർമ്മയുണ്ട് ' ഞാൻ എല്ലാം പറയാം .പിന്നീടൊരിക്കൽ .പിന്നീടൊരിക്കൽ ' പിജിയും ഗദ്ഗദ കണ്ഠൻ ആയി.
താൻ എങ്ങിനെ ചതിയിൽപ്പെട്ടൂ എന്നത് ആ മുഖത്ത് നിന്ന് എനിക്ക് വായിച്ചെടുക്കാൻ ആവുമായിരുന്നു. ഒരു സർക്കാർ ഉദ്യോഗസ്ഥന് ഇന്ന് ഒരു ദിവസം ലഭിക്കാവുന്ന ശമ്പളത്തിന്റെ വലുപ്പം മാത്രമുള്ള സംഖ്യയുടെ പേരിലാണ് കേരളത്തിലെ സഞ്ചരിക്കുന്ന വിജ്ഞാനകോശം എന്നറിയപ്പെട്ടിരുന്ന വടവൃക്ഷത്തെ വീഴ്ത്തിയതെന്നത് എനിക്ക് മറക്കാനാകുന്നില്ല. അതിന്റെ വിശദാംശങ്ങളിലേക്കൊന്നും കടക്കുന്നില്ല.
ഇതിനൊരു മറുവശം കൂടി അറിയണം.
പാർട്ടിയിൽ നിന്ന് എന്തെങ്കിലും ശിക്ഷണ നടപടി വരാം എന്ന ആധിയിൽ ആയിരുന്നു അക്കാലത്ത് പിജി. വിചാരണയുടെയും തെളിവെടുപ്പിന്റെയും മറ്റും പീഡാനുഭവങ്ങൾ ആരംഭിച്ചപ്പോൾ തന്നെ അത് മണത്തറിഞ്ഞിട്ടുണ്ടാകും. പക്ഷെ അടുത്ത് സഹവസിച്ചിരുന്ന എന്നെപ്പോലുള്ള വർക്ക് പോലും ഒരു സൂചനയും നൽകിയിരുന്നില്ല. സ്വന്തം കുടുംബാംഗങ്ങളോടു പോലും പിജി ഒന്നും അറിയിച്ചിരുന്നില്ല എന്നാണ് എന്റെ വിശ്വാസം. പക്ഷെ പിജി മാനസികമായി നല്ല തയ്യാറെടുപ്പില്ലായിരുന്നു. ശിക്ഷിക്കപ്പെടും എന്ന് ഉറപ്പുള്ള ചിലർ ജയിലിൽ ആകുന്നതിന് മുമ്പ് കിടത്തം കട്ടിലിൽ നിന്ന് മാറ്റി നിലത്ത് ആക്കുന്നത് പോലെ.
അതുകൊണ്ടാകണം 1982 ജൂലൈ 23 ന് പിജി ആകസ്മികമായി കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസിയിൽ ചികിത്സക്ക് പ്രവേശിപ്പിക്കപ്പെട്ടത് . ഒരുമാസത്തോളം അവിടെ കഴിഞ്ഞു.അവിടെനിന്ന് പുറത്തിറങ്ങിയ ശേഷം സപ്തംബറിൽ കൂടിയ സംസ്ഥാന കമ്മിറ്റിയിലായിരുന്നു. പിജിക്കെതിരായ നടപടി. പലവട്ടം കോയമ്പത്തൂരിൽ പോയി കണ്ടപ്പോഴും പിജി വരാനിരിക്കുന്ന ആപത്തിന്റെ വിദൂര സൂചന പോലും നൽകിയില്ല.
ഓഗസ്റ്റ് 17 ന് രാജമ്മ ടീച്ചർ തിരുവനന്തപുരത്ത് നിന്ന് ഫോണിൽ വിളിച്ചു നാളെ പിജിയെ കാണാൻ ഒപ്പം വരണമെന്ന് പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു. ഞാൻ കൊച്ചിയിൽനിന്ന് ട്രെയിനിൽ കയറിയാൽ പോരെ എന്ന് ചോദിച്ചപ്പോൾ ടീച്ചറും സമ്മതിച്ചു. വീട്ടിലായാലും പുറത്തായാലും ടീച്ചറെ കഴിയുന്നത്ര നർമ്മങ്ങൾ പങ്കിട്ട് പൊട്ടിച്ചിരിപ്പിക്കുക എക്കാലവും എന്റെ വിനോദമായിരുന്നു. പക്ഷെ ആ യാത്രയിൽ ടീച്ചർ പതിവിലേറെ ഖിന്നയും വിഹ്വലയും ആയിരുന്നു എന്നാണ് എന്റെ ഓർമ്മ. എന്റെ മാലപ്പടക്കങ്ങൾ എല്ലാം കുതിർന്നപ്പോൾ തീവണ്ടി തൃശൂർ വിട്ടിട്ടുണ്ടാകും. ഒരു മറയുമില്ലാതെ ഞാൻ അപ്പോൾ ചോദിച്ചു, ടീച്ചർ എന്താണ് കനൽ നെഞ്ചിൽ വെച്ചിരിക്കും പോലെ. ടീച്ചർ വേറെ ഏതോ ലോകത്താണല്ലോ? പെട്ടെന്നായിരുന്നു വെടിയും പുകയുമെല്ലാം കൂടിയുള്ള മറുപടി:' എനിക്ക് എപ്പോഴും പാർവതിയെക്കുറിച്ചുള്ള ആധിയാണ്. അവളെ നല്ലൊരാളെ ഏൽപ്പിക്കണ്ടേ. അവൾക്ക് കയ്യിലിടാൻ രണ്ട് സ്വർണ്ണ വളകൾ പോലും ഇല്ല. ഞാൻ എങ്ങിനെ അവളുടെ പ്രായത്തിലുള്ള പെൺകുട്ടികളെ പോലെ അവളെ വലുതാക്കും....' കൂടുതൽ ആ സംഭാഷണം പകർത്തുന്നില്ല. പിജിയുടെ ശ്രദ്ധ അത്രയേ കുടുംബകാര്യങ്ങളിൽ ഉണ്ടായിട്ടുള്ളൂ .
ഒരു കോളജ് പ്രൊഫസറായിട്ടും ഒരു കുടുംബം പുലർത്തിക്കൊണ്ടുപോകാൻ പെടാപ്പാടു പെടുന്ന ഒരമ്മയുടെ വേദന. എല്ലാ സൗഭാഗ്യങ്ങളും നിറഞ്ഞു തുളുമ്പിയ ഒരു കുടുംബത്തിലാണ് വളർന്നതെങ്കിലും പിജി സാമ്പത്തിക കാര്യങ്ങളിൽ ഞാൻ മാവിലായിക്കാരനാണെന്ന നാട്യത്തിലായിരുന്നു. സമ്പാദ്യം മുഴുവൻ മാർക്സിസം ലെനിനിസമായിരുന്നു എവിടെ ആർ പുസ്തകക്കട തുറന്നാലും അത് പിജിക്ക് സ്വന്തം എന്നാണ് വിശ്വാസം. പിജിക്ക് എന്തൊക്കെ പദവി ഉണ്ടായിരുന്നെങ്കി ലും ഒരിക്കലും രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഴിഞ്ഞിരുന്നില്ല. അതിൽ മനുഷ്യ സഹജമായ ചെറിയ കൈപ്പിഴ സംഭവിച്ചിട്ടുണ്ടാകാം. അതൊന്നും മൃഷ്ടാന്ന ഭോജനത്തിനോ ആഡംബര യാത്രകൾക്കോ സുഖജീവിതത്തിനോ ബാങ്ക് ബാലൻസ് ഉണ്ടാക്കാനോ ആയിരുന്നില്ല. പിജിയെ അടുത്തറിയുന്നവർക്ക് അറിയാം പിജിക്ക് ബാങ്കിൽ അക്കൗണ്ട് ഉണ്ടാകും. പക്ഷെ അത് നാലക്കം കടന്ന് കിട്ടണമെങ്കിൽ സൂചിക്കുഴയിലൂടെ ഒട്ടകം കടക്കണം. പിജിയുടെ പേരിലുള്ള നടപടി എന്റെ മനസ്സിന്റെ സ്വസ്ഥത തകർക്കുംവിധം കയറിവരുമ്പോൾ മണി കൗളിന്റെ 'ഉസ്ക്കി റോട്ടി' എന്ന സിനിമയിൽ ഡ്രൈവർ ഗുർദീപ് സിങ് ഓടിക്കുന്ന ട്രക്കിൽ ഛായാഗ്രാഹകൻ കെ കെ മഹാജൻ പകർത്തിയ ദൃശ്യങ്ങൾ ആണ് ഓർമ്മയിൽ എത്തുന്നത്.
പിജിക്കെതിരെ അന്ന് നടപടി എടുക്കുന്നതിൽ പങ്ക് വഹിച്ചവരുടെ നിഴലുകൾ ഇപ്പോളും ഈ പാർട്ടിയിൽ ഉന്നത പദവികളിലുണ്ടല്ലോ. അവരോടാണ് എനിക്ക് ഒരു ചോദ്യമുള്ളത്. പാർട്ടിയോട് കടുത്ത ആരാധനയും കൂറുമുള്ള ഒരു ഉന്നത വ്യക്തി പതിവായി പാർട്ടിയുടെ ഉയർന്ന നേതൃത്വത്തിലുള്ള ഒരാളുടെ പേരിൽ (അദ്ദേഹം ഇപ്പോൾ മന്ത്രിയുമാണ് ) സംഭാവന എന്ന നിലയിൽ വിശ്വാസപൂർവം അയച്ചുകൊണ്ടിരുന്ന ചെക്കുകൾ ബാങ്കിൽ മാറിയിട്ടുണ്ടെങ്കിലും അത് പാർട്ടിയുടെ അക്കൗണ്ടിൽ വന്നില്ല. എന്തുകൊണ്ട്? എന്തിനാണ് അത് ആ വ്യക്തിയുടെ പേരിൽ അയച്ചതെന്ന് ചോദിക്കാം. പക്ഷെ അദ്ദേഹം മന്ത്രിയാകുന്നതിന് മുമ്പ് അങ്ങിനെ ഒരു പദവിയിൽ ആയിരുന്നു. ഇത്തരത്തിൽ പാർട്ടി നേതൃത്വത്തിൽ പണാപഹരണം നടക്കുന്നതായി അദ്ദേഹം നൽകിയ ചെക്കുകളുടെ ഫോട്ടോസ്റ്റാറ്റും വിശദവിവരങ്ങളും അടങ്ങിയ നിരവധി പരാതി അദ്ദേഹത്തിന്റെ അടുപ്പക്കാരനായ പിബി അംഗത്തിനും സംസ്ഥാന സെക്രട്ടറിക്കും അദ്ദേഹം അയച്ചു.
ഒരു അന്വേഷണവും നടന്നില്ല. എന്തുകൊണ്ട്? ഇപ്പോഴും ഇതൊന്നും പുറത്തുവരരുതെന്നു അദ്ദേഹം ആഗ്രഹിക്കുന്നത് പാർട്ടിയോടുള്ള അമിതമായ സ്നേഹവായ്പ്പ് കൊണ്ടുമാത്രം. ഈ പാർട്ടിയോടുള്ള കൂറുകൊണ്ട് മാത്രം ഇത് മനസ്സിൽ അടക്കിപ്പിടിച്ച് കഴിയുന്നു. പിജിക്ക് പാർട്ടിയിൽ അധികാരമില്ലായിരുന്നു. ചെക്കുകൾ വീഴുങ്ങുന്ന ആളിന്റെ കയ്യിൽ സമസ്ത അധികാരങ്ങളും ഉണ്ട്. ഇതാണ് മുഖം നോക്കി 'തെമ്മാടിക്കുഴി' വിധിക്കുന്നതിന്റെ പൊരുൾ നാളെ കേരളം പിജിയെക്കുറിച്ചുള്ള ഓർമ്മകൾ പുതുക്കുമ്പോൾ കമ്മ്യുണിസത്തിനും ചില തിരുത്തലുകൾ വേണ്ടേ എന്ന് ചോദിക്കാൻ തോന്നുന്നു.
മറുനാടന് ഡെസ്ക്