- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ ഇടതുപക്ഷത്തെ ബീഹാറിലെ സിപിഐഎംഎൽ അംഗീകരിക്കുമോ; ബീഹാറിലെ വിജയത്തിൽ ഇവിടുത്തെ മാർക്സിസ്റ്റുകൾക്ക് ആഹ്ലാദിക്കാൻ എത്രമാത്രം വകയുണ്ട്? നവമാധ്യമങ്ങളിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ
തൃശൂർ: ബീഹാറി ഇടതുപക്ഷമുന്നേറ്റത്തിൽ കേരളത്തിലെ മാർക്സിസ്റ്റുകൾക്ക് ആഹ്ലാദിക്കാൻ എത്രമാത്രമുണ്ട്? വലതുപക്ഷവത്ക്കരത്തിൽ മുങ്ങിപ്പോയ കേരളത്തിലെ ഇടതുപക്ഷത്തെ ബീഹാറിലെ സിപിഐഎംഎൽഎൽ അംഗീകരിക്കുമോ. ഇന്ന് കേരളത്തിൽ വിഴിഞ്ഞം-കൺസൾട്ടൻസി വികസനത്തിന് അനുമതി നൽകുന്ന, അലൻ-താഹമാരെ എൻ.ഐ.എക്ക് പിടിച്ചു കൊടുത്തതുമായ മഹാവിജയങ്ങൾ ആഘോഷിക്കുന്ന സിപിഎമ്മിനെ സിപിഐ.എം.എൽ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് ഫേസ്‌ബുക്കിലെഴുതിയ കുറിപ്പിൽ മുൻ സിപിഐ.എം.എൽ പ്രവർത്തകൻ കൂടിയായ പി.ജെ ബേബി പറയുന്നു. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ് ഈ ലേഖനം ഉണ്ടാക്കിയിരിക്കുന്നത്.
പി.ജെ ബേബി പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ
സിപിഐ.എം.എൽ ലിബറേഷന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്ര നിലപാടുകളോട് അന്നുമിന്നും കാര്യമായ അനുഭാവമൊന്നുമുള്ളയാളല്ല ഞാൻ. എങ്കിലും ഇപ്പോൾ അവരുടെ വിജയം ആഘോഷിക്കുന്ന കേരളത്തിലെ സിപിഐ-സിപിഎം രാഷ്ട്രീയക്കാരോട് ചിലത് ഓർമിപ്പിക്കേണ്ടതുണ്ട്.
1980 കളുടെ പകുതിമുതൽ ഇടതുപക്ഷ ഐക്യം എന്ന ആശയത്തിനു വേണ്ടി നിരന്തരം പൊരുതിക്കൊണ്ടിരുന്നവരാണ് ആ സംഘടന.ബംഗാളിലെ ജ്യോതി ബസു സർക്കാരിന്റെ നയങ്ങളെ പരസ്യമായി വിമർശിക്കാൻ പാടില്ല എന്നതാണ് ഐക്യത്തിന്റെ അടിസ്ഥാനമായ പത്തു കല്പനകളിലെ ഒന്നാം പ്രമാണമായി അക്കാലത്ത് സിപിഎം മുന്നാട്ടുവച്ചത്. ആ 'താത്വിക' പ്രശ്നത്തിന്മേൽത്തട്ടി ലിബറേഷൻകാരെ സിപിഐ- സിപിഎം - ആർ.എസ്‌പി- ഫോർവേർഡ് ബ്ലോക്ക് ഐക്യത്തിന് പുറത്തു നിർത്തിയത് മൂന്നു പതിറ്റാണ്ടുകാലമാണ്.
2011- ൽ സിപിഎംന് ബംഗാൾ ഭരണം പോയി. ബീഹാറിലെ സിപിഐ മെലിഞ്ഞ് മെലിഞ്ഞ് ഒന്നുമല്ലാതായി. ഇതിനിടയിൽ സിപിഐക്ക് യു.എഫ് കേന്ദ്ര ഭരണത്തിൽ (ദേവഗൗഡ - ഗുജ്റാൾ മന്ത്രിസഭകൾ) കേന്ദ്ര ആഭ്യന്തര മന്ത്രി സ്ഥാനം കിട്ടി. ബീഹാറുകാരനായ ചതുരാനൻ മിശ്രയൊക്കെ അഖിലേന്ത്യാ പ്രമുഖനായി. എന്നിട്ടൊന്നും സിപിഐ ബീഹാറിൽ പിടിച്ചു നിന്നില്ല.
ഇന്നത്തെ ഇടതുപക്ഷ ഐക്യത്തിൽ എന്തായാലും കേരളത്തിലെ ആർ.എസ്‌പിയും ഫോർവേർഡ് ബ്ലോക്കുമില്ല. പശ്ചിമ ബംഗാളിൽ ഇപ്പോൾ ഇടത് ഐക്യമില്ല. കോൺഗ്രസ് കിടപ്പു രോഗിയുമായി ഇരുന്നു നിരങ്ങുന്ന പരുവത്തിലായ സിപിഎം ഐക്യപ്പെടുന്നതിന് ഇപ്പോഴാണ് പി.ബി പച്ചക്കൊടി വീശിയിരിക്കുന്നത്.
അതേ സമയത്ത്, സിപിഐ.എം.എൽ നേതാവ് ദീപാങ്കർ പറയുന്നത് കോൺഗ്രസ് തൃണമൂലുമായി ബിജെപിയെ പുറത്തു നിർത്താൻ വേണ്ടി ഐക്യപ്പെടണമെന്നാണ്. പശ്ചിമ ബംഗാളിലെ 'വികസന രാഷ്ട്രീയം' സിപിഎമ്മിനെ തകർത്തു തരിപ്പണമാക്കി.
കേരളത്തിൽ വിഴിഞ്ഞം-കൺസൾട്ടൻസി വികസനം പൊടിപൊടിക്കുന്നു. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മണിയടിച്ചതും അലൻ-താഹമാരെ എൻ.ഐ.എക്ക് പിടിച്ചു കൊടുത്തതും മഹാവിജയങ്ങൾ
ഈ രാഷ്ട്രീയ-വികസന നയങ്ങൾ ബീഹാർ സിപിഐ.എം.എൽകാർ അംഗീകരിക്കുമോ
എന്റെ അറിവനുസരിച്ച് പഴയ അർധ കോളനി-അർധ ഫ്യൂഡൽ പറയുമ്പോഴും പരിസ്ഥിതി തകർക്കുന്നതിനെ അനുകൂലിക്കുന്നവരല്ല ലിബറേഷൻകാർ.
അതു കൊണ്ട് കേരളത്തിൽ ഇന്നലെ വരെ കൊട്ടിഘോഷിച്ച കാരാട്ടിന്റെ 'വിനാശ' ലൈനിനെ തോട്ടിലെറിഞ്ഞ് ഇനി നമുക്കിത്തിരി സിപിഐ.എം.എൽ ഐക്യം ആയിക്കളയാം എന്ന ആഗ്രഹചിന്തകൾക്ക് വലിയ അടിസ്ഥാനമൊന്നുമില്ല.