- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മത്സരിക്കാനാണ് തീരുമാനമെങ്കിൽ യുഡിഎഫ് സീറ്റു നൽകും; മാണി സി കാപ്പനുവേണ്ടി വീണ്ടും പി ജെ ജോസഫ്
കോട്ടയം: പാലാ സീറ്റിൽ മത്സരിക്കാനാണ് മാണി സി കാപ്പന്റെ തീരുമാനമെങ്കിൽ യുഡിഎഫ് സീറ്റ് നൽകുന്ന കാര്യം പരിഗണിക്കുമെന്ന് കേരള കോൺഗ്രസ്( ജോസഫ്) വർക്കിങ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ. കാപ്പന് പാലയിൽ വിജയസാധ്യതയുണ്ടെന്നും യുഡിഎഫിന്റെ ഭാഗമായി മത്സരിക്കാൻ തയ്യാറാണെങ്കിൽ കേരള കോൺഗ്രസിന്റെ പക്കലുള്ള പാല സീറ്റ് വിട്ടു നൽകുമെന്നുമാണ് പി ജെ ജോസഫിന്റെ വാഗ്ദാനം.
അതേസമയം, എൽഡിഎഫ് വിടുന്നതിനെക്കുറിച്ചും പാലാ സീറ്റിൽ മത്സരക്കുന്നതിനെക്കുറിച്ചും ആദ്യം അഭിപ്രായം വ്യക്തമാക്കേണ്ടത് മാണി സി കാപ്പനാണെന്നും പി ജെ ജോസഫ് പറഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പിൽ ചെണ്ട ചിഹ്നത്തിൽ വിജയിച്ച ജനപ്രതിനിധികൾക്ക് സ്വീകരണം നൽകുന്ന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു പ്രതികരണം.
നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പനായിരിക്കുമെന്ന മുൻ പ്രസ്താവന കാപ്പൻ തള്ളിയതിനു ശേഷമാണ് ഇപ്പോൾ വീണ്ടും സീറ്റുവാഗ്ദാനവുമായി പി ജെ ജോസഫ് രംഗത്തുവന്നിരിക്കുന്നത്. യുഡിഎഫിലെത്തിയാൽ എൻസിപിയായി തന്നെ മത്സരിക്കാമെന്നും അതിനായി പാല സീറ്റ് ജോസഫ് വിഭാഗം വിട്ടുകൊടുക്കുമെന്നും പിജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ജോസ് കെ മാണിക്ക് പാലാ സീറ്റ് വിട്ടുനൽകണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടതോടെ അസംതൃപ്തരായിരിക്കുകയാണ് എൻസിപി. പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാട് മാണി സി കാപ്പൻ പലപ്പോഴായി മുന്നണിയെ അറിയിച്ചിരുന്നു. ഇതിനിടെ ഡിസംബറിൽ പി ജെ ജോസഫ് മാണി സി കാപ്പനുമായി കൂടിക്കാഴ്ച നടത്തിയത് മുന്നണി മാറ്റത്തിന് സൂചനയായെങ്കിലും താനും എൻസിപിയും എൽഡിഎഫിൽ തന്നെയുണ്ടെന്നായിരുന്നു കാപ്പന്റെ പ്രതികരണം.