ഇടുക്കി :ഇടത്തോട്ട് തിരിയുന്ന കെ എം മാണിക്ക് വ്യക്തമായ സന്ദേശം നൽകി പി ജെ ജോസഫിന്റെ അപ്രതീക്ഷിത നീക്കം .കേരളം കോൺഗ്രസ് വിട്ടു ജനാധിപത്യ കേരളാകോൺഗ്രെസ്സുമായി നീങ്ങുന്ന ഫ്രാൻസിസ് ജോർജ് അടിമാലി കൂമ്പൻപാറയിൽ ഇന്ന് തുടങ്ങിയ ഉപവാസ സമരത്തിന് അഭിവാദ്യം അർപ്പിക്കാൻ പാർട്ടി ഇടുക്കി ജില്ലാ പ്രസിഡന്റ് പ്രൊഫ .എം ജെ ജേക്കബിനെ പറഞ്ഞു വിട്ടത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ അമ്പരപ്പ് സൃഷ്ടിച്ചു .സമരപന്തലിൽ എത്തിയ ജേക്കബ് അഭിവാദ്യം അർപ്പിക്കുക മാത്രമല്ല അരമണിക്കൂർ പ്രസംഗിക്കുകയും ചെയ്തു .ഒരു പാർട്ടിയിലായിരുന്നപ്പോൾ ഫ്രാൻസിസ് ജോർജുമായി അത്ര രസത്തിലല്ലാതിരുന്ന ജേക്കബ് പിന്തുണ അർപ്പിച്ചു പ്രസംഗിച്ചത് രാഷ്ട്രീയ നീക്കമായാണ് കാണുന്നത് .ജോസെഫിന്റെ അനുവാദമില്ലാതെ ജേക്കബ് സമര പന്തലിൽ എത്തില്ല .

മാണിയും മകനും ഇടതുപക്ഷത്തു പോയാൽ ഫ്രാൻസിസ് ജോർജിനെയും കൂട്ടി താനും കൂട്ടരും യു ഡി എഫിൽ ഉറച്ചു നിൽക്കുമെന്ന സന്ദേശമാണ് പുതിയ നീക്കത്തിലൂടെ ജോസഫ് നൽകുന്നത് .കേരളം രാഷ്ട്രീയത്തിൽ തന്ത്രത്തിന്റെ കാര്യത്തിൽ പി ജെ ജോസഫിനെ വെല്ലാൻ ആരുമില്ല എന്ന കാര്യമാണ് ഇപ്പോൾ ഒന്ന് കൂടി പുറത്തു വരുന്നത് .

കാർഷിക-ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം തേടിയും മൂന്നാർ ട്രിബ്യൂണൽ ഏരിയായിലെ നിർമ്മാണ നിരോധനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ജനാധിപത്യകേരളാ കോൺഗ്രസ് ചെയർമാൻ അഡ്വ: കെ. ഫ്രാൻസിസ് ജോർജ്ജ് എക്സ് എംപി. ഇടുക്കി ജില്ലയിലെ അടിമാലി കൂമ്പൻപാറയിൽ 48 മണിക്കൂർ ഉപവാസസമരം ആരംഭിച്ചു.യാക്കോബായ സുറിയാനി സഭ ഹൈറേഞ്ച് മേഖല ഭദ്രാസനം മെത്രാപ്പൊലീത്ത ഏലിയാസ് മാർ യൂലിയോസ് ഉദ്ഘാടനം ചെയ്തു. ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അധികാരികൾ തയ്യാറാകാത്തത് ജന്മാവകാശം നിഷേധിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജനദ്രോഹ നിയമങ്ങൾ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ മാറ്റം വരുത്തി നടപ്പാക്കുന്നതിന് സർക്കാരുകൾ തയ്യാറാകണമെന്നും മെത്രാപ്പൊലീത്ത അഭ്യർത്ഥിച്ചു.

മൂന്നാർ സ്പെഷ്യൽ ട്രിബ്യൂണലിന്റെ പരിധിയിൽപ്പെടുന്ന എട്ട് വില്ലേജുകളിൽ തലമുറകളായി നിയമപരമായി കുടിയേറിപ്പാർക്കുന്ന സാധാരണ ജനങ്ങൾക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകുവാൻ കഴിയാത്ത അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കുക, നിർമ്മാണ നിരോധനം പിൻവലിക്കുക, മൂന്നാർ ട്രൈബ്യുണൽ പിരിച്ചുവിടുക, കർഷകർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതിന് അനുവാദം നൽകുക, ഭൂപ്രശ്നങ്ങൾ പരിഹരിച്ച് എല്ലാവർക്കും പട്ടയം നൽകുക, വന്യജീവികളിൽ നിന്നും ജീവനും സ്വത്തിനും സംരക്ഷണം നൽകുവാൻ നടപടി സ്വീകരിക്കുക, കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുക, ജില്ലയിലെ ജനങ്ങളെ ആശങ്കയിലാഴ്‌ത്തുന്ന കണികാപരീക്ഷണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ടാണ് ജനാധിപത്യകേരളാ കോൺഗ്രസ് സമരം തുടങ്ങിയിട്ടുള്ളത്.

ഉദ്ഘാടന യോഗത്തിൽ പാർട്ടി ജില്ലാ പ്രസിഡന്റ് നോബിൾ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ഡെപ്യൂട്ടി ചെയർമാൻ പി.സി. ജോസഫ് എക്സ് എംഎ‍ൽഎ. ആമുഖപ്രസംഗം നടത്തി. കാർഷിക-ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നതുവരെ ജനാധിപത്യകേരളാ കോൺഗ്രസ് സമരങ്ങൾ തുടരുമെന്ന് ഉപവാസ സമരം നടത്തുന്ന പാർട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ്ജ് പറഞ്ഞു. കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും പൗരാവകാശം ഉറപ്പുവരുത്തണമെന്നും ഫ്രാൻസിസ് ജോർജ്ജ് അഭ്യർത്ഥിച്ചു. സംസ്ഥാന നേതാക്കളായ വക്കച്ചൻ മറ്റത്തിൽ എക്സ് എംപി., എംപി. പോളി, മാത്യു സ്റ്റീഫൻ എക്സ് എംഎ‍ൽഎ., ജോസ് വള്ളമറ്റം, ഏലിയാസ് സക്കറിയ, ജോർജ്ജ് അഗസ്റ്റിൻ, ബേബി പതിപ്പള്ളി, ആന്റണി ആലഞ്ചേരി, ജോസ് പൊട്ടംപ്ലാക്കൽ, അഡ്വ. ഫ്രാൻസിസ് തോമസ്, അഡ്വ. തോമസ് കുന്നപ്പള്ളി, ജോസ് പാറേക്കാട്ട്, കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, സമരസമിതി ജനറൽ കൺവീനർ, ജോസ് പുല്ലൻ, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അഡ്വ. മൈക്കിൾ ജെയിംസ്, കെ.റ്റി.യു.സി. സംസ്ഥാന പ്രസിഡന്റ് കൊച്ചറ മോഹനൻ നായർ, വനിതാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ജുമനിഷ ചന്ദ്രബോസ്, ജാൻസി ബേബി, പാർട്ടി സംസ്ഥാന കമ്മറ്റിയംഗം മാത്യൂസ് തെങ്ങുംകുടി, ബെന്നി കോട്ടയ്ക്കൽ എന്നിവർ പ്രസംഗിച്ചു.വിവിധ സമയങ്ങളിലായി എസ്. രാജേന്ദ്രൻ എംഎ‍ൽഎ., ജില്ലാ പഞ്ചായത്ത് മെമ്പർ ഇൻഫന്റ് തോമസ്, ഫാ. എൽദോസ് കൂറ്റപ്പാല, ജെ.എസ്.എസ്. ജില്ലാ സെക്രട്ടറി പി.സി. ജയൻ എന്നിവർ അഭിവാദ്യങ്ങളർപ്പിച്ച് പ്രസംഗിച്ചു. പാർട്ടി ജില്ലാ പ്രസിഡന്റുമാരായ അഡ്വ. കെ. രാജു, രാജു നെടുവംപുറം, മാത്യൂസ് ജോർജ്ജ്, എ.റ്റി. ജെയിംസ്, അഡ്വ. ഷൈസൺ മാമ്പുഴ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ ജില്ലകളിലെ പ്രവർത്തകർ അഭിവാദ്യങ്ങളർപ്പിച്ചു. തൊമ്മൻകുത്ത് ജോയിയുടെ ഇടുക്കിയെന്ന വികാരം ഉൾപ്പെടുത്തിയ കവിത ഏവരുടേയും ഹൃദയത്തിൽ പതിഞ്ഞു.