- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സംസ്ഥാന പാർട്ടിയാകണമെങ്കിൽ നാല് എംഎൽഎമാരോ ഒരു എംപിയോ വേണം; സൈക്കിൾ ചിഹ്നം ഉറപ്പിക്കാൻ കോട്ടയം പിടിക്കാൻ ഇപ്പോഴോ പണി തുടങ്ങി പി ജെ ജോസഫ്; പിണറായിക്കെതിരെ പോരാട്ടം കടുപ്പിച്ചു യുഡിഎഫിൽ കയറിപ്പറ്റാൻ അവസാന നീക്കവും തുടർന്ന് പി സി ജോർജ്ജ്; ചെറിയ പാർട്ടികളെ ലയിപ്പിച്ചു എൻസികെ വിപുലപ്പെടുത്താൻ മാണി സി കാപ്പൻ
കോട്ടയം: യുഡിഎഫിന് കനത്ത തിരിച്ചടി സമ്മാനിച്ച നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ പ്രകടനമായിരുന്നു അമ്പേ മോശമായത്. ഇത് മുന്നണിക്ക് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. യുഡിഎഫുമായി അടികൂടി വാങ്ങിയ പത്ത് സീറ്റുകളിൽ രണ്ടിടത്ത് മാത്രമാണ് ജോസഫ് വിഭാഗത്തിന് വിജയിക്കാൻ സാധിച്ചത്. എങ്കിലും ജോസഫിന് അത്യാർത്തി തീരുന്ന മട്ടില്ല. കോൺഗ്രസിൽ നിന്നു കൊണ്ട് കോട്ടയം ലോക്സഭാ സീറ്റ് നോട്ടമിട്ടിരിക്കയാണ് പി ജെ ജോസഫ്. സംസ്ഥാന പാർട്ടി പദവി ലഭിക്കണമെങ്കിൽ ലോക്സഭാ സീറ്റു വേണം എന്നതിനാലാണ് കോൺഗ്രസിനോട് ലോക്സഭാ സീറ്റു ചോദിക്കാൻ ജോസഫ് തയ്യാറെടുക്കുകന്നത്.
മത്സരിച്ച 10 സീറ്റിൽ രണ്ടു സീറ്റിലാണു ജയം. ചങ്ങനാശേരി, കുട്ടനാട് സീറ്റുകൾ ജയിക്കുമെന്നു പ്രതീക്ഷിച്ചിരുന്നു. 4 എംഎൽഎമാർ ഉണ്ടെങ്കിൽ സംസ്ഥാന പാർട്ടി അംഗീകാരം ലഭിക്കും. അല്ലെങ്കിൽ എംപി വേണം. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിക്കാനുള്ള മുന്നൊരുക്കം ഇപ്പോഴേ നടത്താനാണു തീരുമാനം. ഇത്തവണ ട്രാക്ടർ ആയിരുന്നു ചിഹ്നം. രണ്ടില നഷ്ടപ്പെട്ടതു കേരള കോൺഗ്രസ് സ്വാധീനമുള്ള മണ്ഡലങ്ങളിൽ ക്ഷീണം ചെയ്തുവെന്നും ചിന്തയുണ്ട്. ജോസഫ് വിഭാഗത്തിന്റെ പഴയ ചിഹ്നം സൈക്കിൾ മരവിപ്പിച്ചിരിക്കുകയാണ്.
അതു പുനരുജ്ജീവിപ്പിക്കാനുള്ള നിയമ നടപടികളാണ് ആലോചന. തിരഞ്ഞെടുപ്പിലെ തോൽവി പാർട്ടിയിൽ ആഭ്യന്തരകലഹത്തിനോ അഴിച്ചുപണിക്കോ വഴിയൊരുക്കാനിടയില്ല. അതേസമയം പുതിയ പാർട്ടി രൂപീകരിച്ച് നടത്തിയ ആദ്യ പോരാട്ടത്തിൽ ജയം നേടി മാണി സി കാപ്പൻ പാർട്ടി വിപുലീകരിക്കുന്നതിനുള്ള പരിശ്രമത്തിലാണ്. ജയന്റ് കില്ലർ എന്ന പേരും. യുഡിഎഫിൽ മാണി സി. കാപ്പൻ ഇപ്പോൾ താരം.
കെ.എം.മാണിയുടെ മരണശേഷം പാലായിൽ ഉപതിരഞ്ഞെടുപ്പിൽ ജയിച്ചപ്പോഴും കാപ്പന് ഇതേ പരിവേഷം. എങ്കിലും എൻസികെയുടെ മുന്നോട്ടുള്ള യാത്രയാണു പാർട്ടിയിൽ ഇപ്പോൾ ചർച്ച. യുഡിഎഫിൽ ഘടകകക്ഷിയാണ് എൻസികെ. എംഎൽഎ പോലുമില്ലാത്ത ഘടകകക്ഷികളും യുഡിഎഫിലുള്ളതു കാപ്പന്റെ റേറ്റിങ് കൂട്ടുന്നു. പാർട്ടി വിപുലപ്പെടുത്താനാണ് അടുത്ത നീക്കം. റജിസ്ട്രേഷൻ അടക്കമുള്ള നടപടികൾ ഉടൻ നടത്തും.
സംഘടനയും ശക്തമാക്കും. ചെറിയ പാർട്ടികൾ, ചെറിയ പാർട്ടികളിലെ വിവിധ ഗ്രൂപ്പുകൾ എന്നിവ എൻസികെയുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ചു. മറ്റൊരു പ്രധാന നീക്കം എൻസികെ തിരിച്ചുവരണമെന്ന് എൻസിപിയിലെ ഒരു വിഭാഗം ചർച്ച ചെയ്യുന്നു. ഇക്കാര്യം ഇരുപാർട്ടികളിലെയും നേതാക്കൾ പരസ്പരം ആശയവിനിമയം നടത്തുന്നുണ്ട്. ഈ ചർച്ച എത്രത്തോളം മുന്നോട്ടു പോകും എന്നത് ഏവരും നോക്കുന്നു. എന്നാൽ നല്ല വിജയം നേടിയ ശേഷം മുന്നണി മാറുന്നത് ആലോചിക്കാൻ കഴിയില്ലെന്ന് എൻസികെ സംസ്ഥാന ജനറൽ സെക്രട്ടറി സലീം പി. മാത്യു പറഞ്ഞു.
അതേസമയം ഈരാറ്റുപേട്ടയിൽ അടി തെറ്റിയ പി.സി.ജോർജിന്റെ അടുത്ത നീക്കം മുന്നണിയുടെ തണൽ. സർക്കാരിനെതിരെയുള്ള പോരാട്ടം തുടരുകയും അതിനിടെ പാർട്ടി ശക്തിപ്പെടുത്തുകയും ചെയ്യാനാണ് ആലോചന. യുഡിഎഫ് മുന്നണിയിലാണ് ജോർജ്ജിന്റെ കണ്ണ്. രണ്ടു വർഷത്തിനുള്ളിൽ കേരളത്തിലെ പ്രധാന പ്രതിപക്ഷ ശബ്ദമായി മാറാനാണു നീക്കമെന്നു ഷോൺ ജോർജ് പറഞ്ഞു. ജനപക്ഷം ചെയർമാനായി പി.സി.ജോർജിനെ അടുത്ത ദിവസം തിരഞ്ഞെടുത്തേക്കും.
നിലവിലെ സാഹചര്യത്തിൽ ഏറെ താമസിയാതെ യുഡിഎഫിൽ അഴിച്ചുപണിയുണ്ടാകും. ഇടതുവിരുദ്ധപ്പോരാട്ടം പിസിക്കു മുന്നണിയിൽ ഇടം നൽകുമെന്നും കരുതുന്നു. എൻഡിഎ മുന്നണിയാണു മറ്റൊരു സാധ്യത. 2024ൽ പത്തനംതിട്ടയിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കാനും കഴിഞ്ഞേക്കും. 2026ൽ യുഡിഎഫിന്റെ ഭാഗമായാൽ ഷോൺ ജോർജ് സ്ഥാനാർത്ഥിയാകാനും സാധ്യതയേറെ.
മറുനാടന് മലയാളി ബ്യൂറോ