- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
10 സ്ഥാനാർത്ഥികളിൽ മരുമകൻ ഒഴികെ ബാക്കി എല്ലാവരും കെസിഎം പാർട്ടി അംഗങ്ങൾ; പുറത്താക്കുകയോ രാജിവയ്ക്കുകയോ ചെയ്യാതെ ആർക്കും എവിടേയും ലയിക്കാനാവില്ല; രജിസ്റ്റേർഡ് പാർട്ടിയില്ലാത്ത ജോസഫിന് ലയനവും അസാധ്യം; ജോസഫിന്റെ ലയനവും നിയമക്കുരുക്കിലാകും
തിരുവനന്തപുരം: ജോസ് കെ മാണിയുമായി കേസു നടത്തി സുപ്രീം കോടതിയിൽ നിന്നും തോറ്റോടിയ പി ജെ ജോസഫിന്റെ 10 നിയമസഭാ സ്ഥാനാർത്ഥികൾ പാർട്ടിയും ചിഹ്നവും ഇല്ലാതെ വെറും സ്വതന്ത്രരായി മത്സരിക്കേണ്ട ഗതികേടിൽ. അവസാന കച്ചിത്തുരുമ്പായ പി ജെ ജോസഫ് പി സി തോമസ് ലയന നീക്കവും നിയമക്കുരുക്കിൽ. 2010 ൽ പി ജെ ജോസഫ് വിഭാഗം കെ എം മാണി നയിച്ച കേരളാ കോൺഗ്രസ് (എം)ൽ ലയിച്ചതിനെതിരെ പി സി തോമസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ നൽകിയ കേസാണ് ഇപ്പോൾ പി സി തോമസിനും പി ജെ ജോസഫിനും വിനയാകുന്നത്.
രണ്ട് രാഷ്ട്രീയ പാർട്ടികൾ തമ്മിൽ ലയിക്കണമെങ്കിൽ ആ രാഷ്ട്രീയ പാർട്ടികളുടെ ഭരണഘടനയിൽ അതിനുള്ള വകുപ്പുണ്ടായിരിക്കണമെന്നായിരുന്നു സുപ്രീം കോടതി വിധി. എന്നാൽ പി സി തോമസിന്റേയും പിജെ ജോസഫിന്റേയും കേരളാ കോൺഗ്രസുകാരുടെ ഭരണഘടനയിൽ അങ്ങനെയൊരു വകുപ്പില്ല എന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ 11-06-2012 ൽ നൽകിയ സുപ്രധാന വിധിയിലെ 22-ാം ഖണ്ഡികയിൽ വ്യക്തമാക്കുന്നു. അങ്ങനെയൊരു സാഹചര്യത്തിൽ എപിഎൽസിയും കാപ്റ്റൻ സംഗ്മയും തമ്മിൽ നടന്ന കേസിലെ 1977 എഐആർ 2155 കേസിലെ വിധിന്യായം ഇന്ന് ലയിക്കുന്ന പി സി തോമസ് വിഭാഗത്തിനും പി ജെ ജോസഫിനും ബാധകമാകും.
കുറെ നേതാക്കൾ ചേർന്ന് ഒരു പാർട്ടി മറ്റൊരു പാർട്ടിയിൽ ലയിക്കുന്നു എന്ന തീരുമാനത്തിന് നിയമസാധ്യത ഇല്ലെന്നും പാർട്ടിയുടെ സാധാരണ അംഗങ്ങൽ അടങ്ങുന്ന പ്രാദേശിക തലത്തിലുള്ള പാർട്ടി ഫോറങ്ങളുടെ അംഗീകാരത്തിന് വിധേയമായിട്ടു മാത്രമെ ഒരു രാഷ്ട്രീയ പാർട്ടിക്ക് മറ്റൊരു രാഷ്ട്രീയ പാർട്ടിയിൽ ലയിക്കാനാകൂ എന്നും വ്യക്തമാക്കിയിരുന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ 11-06-2012 ൽ പിസി തോമസിനും പിജെ ജോസഫിനും നൽകിയ ഉത്തരവിലെ 24-ാം ഖണ്ഡിക ഇതു വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ പി സി തോമസന്റെയും പി ജെ ജോസഫിന്റെയും പാർട്ടിക്കാർ അല്ല ഒരു സാധാരണ പൗരൻ പോലും സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറായ ടിക്കാറാം മീണക്ക് പരാതി നൽകിയാൽ പ്രശ്‌നം ഗുരുതരമാകും.
പി ജെ ജോസഫ് വിഭാഗത്തിൽ നിന്നും മത്സരിക്കുന്ന 10 സ്ഥാനാർത്ഥികളിൽ കെ എം മാണിയുടെ മരുമകനായ വ്യക്തി ഒഴിച്ച് ബാക്കി 9 പേരും കേരളാ കോൺഗ്രസ് (എം) സംസ്ഥാന സ്റ്റീയറിങ് കമ്മിറ്റി അംഗങ്ങളായിരന്നു. കഴിഞ്ഞ ദിവസം വരെ പി ജെ ജോസഫ് രണ്ടില ചിഹ്നത്തിനായി സുപ്രീം കോടതിയിൽ കേസ് നടത്തിയതിനാൽ നാളിതുവരെ ഇവരൊക്കെ കെ സി (എം) പാർട്ടി അംഗങ്ങളാണ്. ഒന്നുകിൽ ഇവരെ കെസി(എം) ചെയർമാൻ ജോസ് കെ മാണി പുറത്താക്കുകയോ, അല്ലെങ്കിൽ ഇവർ കെസി(എം)ൽ നിന്നും സ്വയം രാജി വയ്ക്കുകയോ ചെയ്യണം. അല്ലാതെ ഇവർക്ക് പി സി തോമസ് വിഭാഗത്തിൽ ചേരാനാവില്ല.
പി ജെ ജോസഫിന് സ്വന്തമായി ഒരു രജിസ്‌ട്രേഡ് രാഷ്ട്രീയ പാർട്ടി പോലും നിലവിൽ ഇല്ലാത്തതിനാൽ ജോസഫ് ഗ്രൂപ്പിന് പി സി തോമസ് നേതൃത്വം നൽകുന്ന ബ്രാക്കറ്റില്ലാത്ത കേരളാ കോൺഗ്രസിൽ ലയിക്കാനാകില്ല. പകരം പി സി തോമസിനെ ചെയർമാനായി അംഗീകരിച്ച് പിസി തോമസിന്റെ കേരളാ കോൺഗ്രസിൽ അംഗത്വമെടുക്കാം. പി സി തോമസിനെ മാറ്റി പി ജെ ജോസഫിനെ പാർട്ടി ചെയർമാനാക്കണമെങ്കിൽ പി സി തോമസിന്റെ കേരളാ കോൺഗ്രസിന്റെ സംസ്ഥാന സ്റ്റീയറിങ് കമ്മിറ്റി 14 ദിവസത്തെ നോട്ടീസ് നൽകി വിളിച്ചുചേർക്കണം. അതാണ് പാർട്ടി ഭരണഘടന.
രണ്ട് ദിവസത്തിനുള്ളിൽ ചിഹ്നം നൽകേണ്ടിവരുന്നതിനാൽ ലയന നീക്കം കോടതി കയറുമെന്നുറപ്പായിരിക്കുന്നു. കെ എം മാണിയുടെ മരണ ശേഷം ജോസ് കെ മാണിയെ വെള്ളം കുടിപ്പിച്ചതിന് ജോസഫിന് കിട്ടിയ കാവ്യനീതിയായി ഇതിനെ കണക്കാക്കിയാൽ മതിയെന്ന് കേരളാ കോൺഗ്രസുകാർ പറയുന്നു. സ്വതന്ത്രരായി മത്സരിക്കാൻ തീരുമാനിച്ചാലും അതിന് നിയമതടസ്സം. സ്വതന്ത്രരായി മത്സരിച്ച് ജയിച്ചാൽ അടുത്ത 5 വർഷവും ഇവരെ സ്വതന്ത്രരായി കണക്കാക്കും. അങ്ങനെ വന്നാൽ പാർട്ടി വിപ്പൊന്നും ഇവർക്ക് ബാധകമാകില്ല. കൂറുമാറ്റവും പ്രശ്നമാകാതെ വരും.
മറുനാടന് മലയാളി ബ്യൂറോ